ADVERTISEMENT

ചെറുപുഴ (കണ്ണൂർ) ∙ നിർമാണക്കരാറുകാരൻ മുതുപാറകുന്നേൽ ജോസഫിനെ (ജോയി മുതുപാറ) വാണിജ്യസമുച്ചയത്തിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനം. കണ്ണൂർ, കാസർകോട് ജില്ലകളിലെ കോൺഗ്രസ് പ്രാദേശിക നേതാക്കൾ ഉൾപ്പെടെ 8 പേർക്കെതിരെ പ്രേരണാക്കുറ്റം ആരോപിച്ചു ജോസഫിന്റെ സഹോദരൻ നൽകിയ പരാതിയിൽ ഇതുവരെ ആരെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. 

4നു വൈകിട്ടു കാണാതായ ജോസഫിനെ 5നു രാവിലെയാണു കെട്ടിടത്തിൽ കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. കാലിലെ ഞരമ്പിനേറ്റ മുറിവിലൂടെ രക്തം വാർന്നാണു മരണം സംഭവിച്ചതെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മുറിവേൽപിച്ച ബ്ലേഡ് സംഭവസ്ഥലത്തു കണ്ടെടുത്തു. 

ലീഡർ കെ.കരുണാകരൻ സ്മാരക ട്രസ്റ്റ്, ചെറുപുഴ ഡവലപ്പേഴ്സ് കമ്പനി, സിയാദ് കമ്പനി എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണു കെട്ടിടം. ഈ കെട്ടിടത്തിന്റെ നിർമാണം കരാറെടുത്തിരുന്നതു ജോസഫായിരുന്നു. ചെറുപുഴ ഡവലപ്പേഴ്സ്, സിയാദ് കമ്പനി എന്നിവരിൽനിന്നായി ജോയി മുതുപാറയ്ക്ക് 1.4 കോടി രൂപ ലഭിക്കാനുണ്ടെന്നും ഇതു നൽകാത്തതിലുള്ള മനോവിഷമം മൂലമാണു മരണമെന്നുമാണു സഹോദരന്റെ പരാതി. സഹോദരന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തി. ബന്ധുക്കളുടെ മൊഴിയെടുത്തശേഷമേ, പരാതിയിൽ പേര് പരാമർശിക്കുന്നവരെ ചോദ്യം ചെയ്യുകയുള്ളൂവെന്നു പൊലീസ് അറിയിച്ചു. ജോസഫിനു കരാർ പ്രകാരം ആരിൽ നിന്നെല്ലാം, എത്ര രൂപ വീതം ലഭിക്കാനുണ്ടായിരുന്നു, പണത്തിന്റെ കാര്യം സംസാരിക്കാൻ ജോസഫിനെ ആരെങ്കിലും വിളിച്ചു വരുത്തുകയായിരുന്നോ, കുടിശ്ശിക ആവശ്യപ്പെട്ടതിനു ജോസഫിന് ആരിൽ നിന്നെങ്കിലും ഭീഷണിയുണ്ടായിരുന്നോ തുടങ്ങിയവയാണു പൊലീസ് അന്വേഷിക്കുന്നത്. 

അന്വേഷണത്തിനു പാർട്ടി കമ്മിഷൻ

കരാറുകാരന്റെ മരണത്തിനു പാർട്ടിയുമായി ബന്ധമില്ലെങ്കിലും, പാർട്ടി നേതാക്കൾ അംഗങ്ങളായ സ്ഥാപനത്തെക്കുറിച്ചു പരാതിയുള്ളതിനാൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ രണ്ടംഗ കമ്മിഷനെ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ചുമതലപ്പെടുത്തി. കെപിസിസി നിർവാഹക സമിതിയംഗങ്ങളായ സോണി സെബാസ്റ്റ്യൻ, മാർട്ടിൻ ജോർജ് എന്നിവരാണ് അന്വേഷിക്കുക. ആത്മഹത്യ സംബന്ധിച്ചു പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും പാച്ചേനി ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com