ADVERTISEMENT

തൊടുപുഴ ∙ സബ് കലക്ടർമാരെ വാഴിക്കാതെ ദേവികുളം. 9 വർഷത്തിനിടെ ദേവികുളത്ത് 15 സബ് കലക്ടർമാരാണു വന്നു പോയത്. ഡോ. രേണു രാജിനെയാണ് ഒടുവിലായി മാറ്റിയത്. ദേവികുളത്ത് ചുമതലയേറ്റ് ഒരു വർഷം തികയുന്നതിനു മുൻപാണു രേണു രാജിനെ മാറ്റിയത്.  

  ഭൂമി കയ്യേറ്റങ്ങൾ വ്യാപകമായ ദേവികുളം മേഖലയിൽ കയ്യേറ്റക്കാർക്കും ഭൂമാഫിയയ്ക്കുമെതിരെ നടപടിയെടുക്കുന്നവരെ സബ് കലക്ടറുടെ കസേരയിൽ ഇരുത്താൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകില്ലെന്നുള്ളതാണു ദേവികുളത്തെ ചരിത്രം. സിപിഎമ്മുമായി ഇടയുന്നവർക്കാണു തിക്താനുഭവങ്ങൾ കൂടുതലും. പാർട്ടി ഓഫിസിന്റെ സ്ഥലം പരിശോധിച്ച ഐഎഎസ് ഉദ്യോഗസ്ഥരെ പോലും മാറ്റി.

  ഇടതു സർക്കാർ അധികാരമേറ്റ ശേഷം 3 വർഷത്തിനുള്ളിൽ 5 പേരെയാണു മാറ്റിയത്. സബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കിട്ടരാമൻ, വി.ആർ. പ്രേംകുമാർ, ഡോ. രേണു രാജ് എന്നിവരാണു ഇതുവരെ സ്ഥലംമാറ്റപ്പെട്ടവർ.  മൂന്നാർ ടൗണിൽ കയ്യേറ്റം ഒഴിപ്പിച്ച് കെട്ടിടം പൊളിച്ചു മാറ്റിയതിനു പിന്നാലെ മൂന്നാം ദിവസം സബിൻ സമീദിനെ സ്ഥലം മാറ്റി. ഒരു  മാസം തികച്ചു പോലും കസേരയിൽ ഇരിക്കാൻ എൻടിഎൽ റെഡ്ഡിയെ അനുവദിച്ചില്ല. 

ശ്രീറാം വെങ്കിട്ടരാമൻ

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലും ശ്രീറാം സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായി.  മന്ത്രി എം.എം. മണി, മുൻ ഇടുക്കി എംപി ജോയ്സ് ജോർജ്, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ,  ദേവികുളത്തെ സിപിഎം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.  ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ ഭൂമി വിവാദത്തിൽ ഹിയറിങ് നടത്തുന്നതിനായി നോട്ടിസ് അയച്ചതോടെയാണു ശ്രീറാമിനെ മാറ്റാൻ സിപിഎം നേതൃത്വത്തിൽ ശക്തമായ നീക്കം തുടങ്ങിയത്. 

വി.ആർ. പ്രേംകുമാർ

കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് വി.ആർ. പ്രേംകുമാർനോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ്  ഹാജരായില്ല. 

ജോയ്സ് ജോർജിന്റെയും കുടുംബത്തിന്റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ ഭൂമിയുടെ പട്ടയം, പ്രേംകുമാർ റദ്ദാക്കി.  പട്ടയം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചില കേന്ദ്രങ്ങളിൽ നിന്നും കടുത്ത സമ്മർദം ഉയർന്നെങ്കിലും പ്രേംകുമാർ വഴങ്ങിയില്ല. ഇതേ തുടർന്നാണു പ്രേംകുമാറിനെയും മാറ്റിയത്. 

ഡോ. രേണു രാജ്

കയ്യേറ്റക്കാർക്കു വഴങ്ങാതെ പ്രവർത്തിച്ച ഡോ. രേണു രാജ്, രണ്ടാഴ്ച മുൻപാണു ജോയ്സ് ജോർജിന്റെ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയുടെ പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂരിലെ ഭൂരേഖകളുടെ പരിശോധയ്ക്കായി ഹിയറിങ്ങിനായി ഹാജരാണമെന്നാവശ്യപ്പെട്ട് പല തവണ നോട്ടിസ് നൽകിയെങ്കിലും ജോയ്സ് ജോർജ് ഹാജരായില്ല.

ദേവികുളം മേഖലയിലെ കയ്യേറ്റ മാഫിയയെക്കെതിരെ അതിശക്തമായ നിലപാടാണു രേണു രാജ് സ്വീകരിച്ചത്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ പേരിൽ എസ്. രാജേന്ദ്രൻ എംഎൽഎയുമായി രേണു രാജ് കൊമ്പുകോർത്തു. സബ് കലക്ടർ  ബുദ്ധിയില്ലാത്തവളാണെന്നുള്ള എസ്.രാജേന്ദ്രന്റെ പരാമർശം വൻ വിവാദമായിരുന്നു. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com