ADVERTISEMENT

‘പൊതുവേ മലയാളികൾ അറിയാതെ പോകുന്ന വലിയ മലയാളികൾ ഉണ്ട്’, നിരണംകാരി അന്നാ ജോർജിനെക്കുറിച്ച് 15 കൊല്ലം മുൻപ് ഡൽഹിയിൽ വച്ച് ഗോവിന്ദൻ എസ്.തമ്പി എന്നോടു പറഞ്ഞു. ഇന്ത്യൻ സിവിൽ സർവീസിൽ കയറിയ ആദ്യ മലയാളി സ്ത്രീയാണ് അന്നാ രാജം മൽഹോത്ര. ആ വൈകുന്നേരം അദ്ദേഹം എന്നോട്, ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപ് നിശ്ചയദാർഢ്യം കൊണ്ടു മാത്രം ജീവിതവിജയം നേടിയ കുറഞ്ഞത് 10 മലയാളി സ്ത്രീകളുടെ സമരഗാഥകൾ പറഞ്ഞു. വഹിച്ച വലിയ ഉദ്യോഗ പദവികൾ അല്ല അദ്ദേഹത്തെ വലിയ മലയാളി ആക്കിയത്, അദ്ദേഹത്തിന്റെ അറിവിന്റെ അപാര സമുദ്രമായിരുന്നു.

ഗോവിന്ദൻ എസ്.തമ്പി 1965 ൽ ഇന്ത്യൻ റവന്യു സർവീസിൽ പ്രവേശിച്ചു. ഇന്ത്യയുടെ കസ്റ്റംസ് / എക്സൈസ് വകുപ്പിൽ പ്രവേശിക്കുന്ന ആദ്യ മലയാളി. 1992 ലെ മുംബൈ സ്‌ഫോടനപരമ്പരയ്ക്കു പിന്നാലെ മഹാരാഷ്ട്ര കസ്റ്റംസിൽ പലരും സംശയത്തിന്റെ നിഴലിലായി. കസ്റ്റംസിനെ ശുദ്ധീകരിക്കുവാൻ അന്ന് നിയുക്തനായ ആളായിരുന്നു ഗോവിന്ദൻ എസ്.തമ്പി. അത്തരം പ്രവർത്തനങ്ങൾക്കിടയിൽ വ്യക്തിജീവിതത്തിൽ തിരിച്ചടികൾ വന്നപ്പോഴും അദ്ദേഹം ഗാന്ധിയൻ സ്ഥൈര്യം ഉപേക്ഷിച്ചില്ല.

മഹാരാഷ്ട്ര - ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചാർജ് ഉള്ള ചീഫ് കമ്മിഷണർ ഓഫ് കസ്റ്റംസ് ആയി. ഇന്ത്യയിൽ സേവന നികുതി വകുപ്പ് വന്നപ്പോൾ അതിന്റെ ഡയറക്ടർ ജനറലായി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സമൂലം മാറ്റിമറിച്ച അനേകം സേവന നികുതി വ്യവസ്ഥകൾ നിലവിൽ വന്നത് അദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു. കേരളം, ഗോവ, ബംഗാൾ, മധ്യപ്രദേശ്, ഡൽഹി തുടങ്ങി ഇന്ത്യ മുഴുവൻ വ്യാപിച്ച ഉദ്യോഗപർവം അവസാനിച്ചത് ഡൽഹിയിൽ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അംഗമായിട്ടാണ്.

എന്നാൽ നമ്മെ അദ്ഭുതപ്പെടുത്തുന്നത് ആ വലിയ കർമമേഖല മാത്രമല്ല, ഗോവിന്ദൻ എസ്.തമ്പി അടക്കിവാണ ലോകചരിത്രത്തിന്റെ സാംസ്കാരിക പ്രപഞ്ചം കൂടിയാണ്. 2000- 03 കാലങ്ങളിൽ എന്റെ ഡൽഹി പ്രഭാതങ്ങൾ തുടങ്ങിയിരുന്നത് അദ്ദേഹത്തിന്റെ ഫോൺ വിളിയോടെയാണ്. രണ്ടു വരി മലയാളം കവിത ചൊല്ലും. എന്നിട്ടു ചോദിക്കും, ആരുടേതാണെന്ന് അറിയാമോ? 

‘എങ്കിലും ഹാ ! നീ നടന്നകലവേ നിന്റെ 

വെൺചേവടിക്കു പതിയാനായ് 

എന്നിലവശേഷിച്ച മൃദുലത വിരിക്കട്ടെ 

മുന്നിലൊരു പുതുപരവതാനി!’ 

ഞാൻ അറിയില്ല എന്നു പറയുമ്പോൾ അദ്ദേഹം പറയും, 1977 ൽ സുഗതകുമാരി വിവർത്തനം ചെയ്ത മയക്കോവ്സ്കി കവിത. എന്നിട്ട് കവിതയുടെ ഇംഗ്ലിഷ് പരിഭാഷയും മനസ്സിൽ നിന്നു പറയും. ഒരിക്കൽ ഇന്ത്യൻ ദേശീയഗാനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ഒരു സംശയം ചോദിക്കാൻ വിളിച്ചപ്പോൾ ഗാനത്തിന് യഥാർഥത്തിൽ 58 വരികൾ ഉണ്ടെന്നു പറഞ്ഞു മുഴുവൻ ഓർമയിൽ നിന്നു ചൊല്ലി.

ലോകസംസ്കാരത്തിലെ വാമൊഴി വഴക്കത്തിന്റെ ഏറ്റവും ശക്തനായ പ്രതിനിധിയാണ് കടന്നുപോകുന്നത്. പറഞ്ഞുപറഞ്ഞാണ് കടൽ വലുതായത് എന്ന് കവി എഴുതിയതുപോലെ, ഗോവിന്ദൻ എസ്.തമ്പിയുടെ സംസാരസാഗരം ഭൂത - വർത്തമാന ചക്രവാളങ്ങളെ ഭാവിയിലേക്ക് ഘടിപ്പിക്കുകയായിരുന്നു. രാജാ കേശവദാസന്റെ കുടുംബാംഗമായിരുന്നു എങ്കിലും മഹാ ആഖ്യായികാകാരൻ സി.വി. രാമൻപിള്ളയുടെ കഥന പാരമ്പര്യമായിരുന്നു അദ്ദേഹത്തിന്റേത്. സത്യം പറയട്ടെ, വല്ലപ്പോഴും കാണാൻ പോകുമ്പോൾ സന്തോഷത്തിന് ഒരു പുസ്തകം വാങ്ങിക്കൊണ്ടു പോകാൻ എനിക്ക് ഭയമായിരുന്നു.

പുസ്തകക്കടയിൽ നിന്നു ഞാൻ വിളിക്കും, ‘അമിതാവ് ഘോഷിന്റെ കഴിഞ്ഞ ആഴ്ച ഇറങ്ങിയ നോവൽ റിവർ ഓഫ് സ്മോക് കൊണ്ടുവരട്ടേ?’. മറുപടി ഉടൻ വരും ‘അയ്യോ അനിയാ, വായിച്ചു തീർന്നല്ലോ’. ടഗോറിന്റെ ഗീതാഞ്ജലിയുടെ ബംഗാളി ഭാഷയിലുള്ള അസ്സൽ രചനയും മലയാളിയായ എൻ. ഗോപാലപിള്ളയുടെ സംസ്കൃത വിവർത്തനവും ഇംഗ്ലിഷ് പരിഭാഷയ്ക്ക് കവി ഡബ്ല്യു.ബി.യേറ്റ്സ് എഴുതിയ ആമുഖവും കാണാതെ പറയും.

ഉണർന്നിരുന്ന മനസ്സ്, ലോകത്തെ പ്രണയിച്ച മതനിരപേക്ഷ ഹൃദയം, സത്യസന്ധതയുടെ ജീവിച്ച ഉദാഹരണം, വാത്സല്യനിധി, വെളിച്ചം വിതറാൻ തയാറായ അറിവിന്റെ മഹാഗോപുരം. ഇതൊക്കെ ആയിരുന്നിട്ടും, തിരുവനന്തപുരത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്രമജീവിതം നയിച്ചപ്പോൾ ഏതെങ്കിലും സർവകലാശാലയോ, വിദ്യാലയമോ അദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയി കുട്ടികളോട് സംസാരിപ്പിച്ചോ? ഇല്ല... അതാണ് മലയാളികൾ വലിയ മലയാളികളെ അറിയാതെ പോകുമ്പോൾ ഉണ്ടാകുന്ന തീരാനഷ്ടങ്ങൾ.

അദ്ദേഹം ഒരിക്കൽ ചൊല്ലിയ പി. കുഞ്ഞിരാമൻ നായർ കവിതയിലെ രണ്ടു വരികളുടെ സാരാംശം ഓർമ വരുന്നു: അടുക്കും തോറും അകന്നു പോകും പ്രകാശമേ, നിന്നെ ശരിക്കു സാത്വിക കറുക നൽകി ഞാൻ മെരുക്കുവാൻ നോക്കും മരിക്കുവോളവും...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com