ADVERTISEMENT

കൊച്ചി ∙ പിറവം സെന്റ് മേരീസ് പള്ളിയിൽ ഈ ഞായറാഴ്ച ഓർത്തഡോക്സ് സഭയിലെ വൈദികർക്കു കുർബാന നടത്താമെന്ന് ഹൈക്കോടതി നിർദേശിച്ചു. 1934ലെ മലങ്കരസഭാ ഭരണഘടന അംഗീകരിക്കുന്നവരും കുർബാനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുമായ ഇടവകക്കാർക്കു മാത്രമാകും പ്രവേശനം. പള്ളി തൽക്കാലത്തേക്കു കലക്ടറുടെ നിയന്ത്രണത്തിൽ തുടരും.

ക്രമസമാധാന പ്രശ്നങ്ങളോ തടസ്സങ്ങളോ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും തുടർന്ന് ഉത്തരവുണ്ടാകും വരെ സിവിൽ ജയിലിലിടണമെന്നും കോടതി നിർദേശിച്ചു. (സിവിൽ കോടതി ഉത്തരവുകൾ ലംഘിക്കുന്നവരെ വെറും തടവിൽ വയ്ക്കുന്ന സംവിധാനമാണ് സിവിൽ ജയിൽ). കലക്ടർ പള്ളി ഏറ്റെടുത്തതായി സ്റ്റേറ്റ് അറ്റോർണി അറിയിച്ചപ്പോൾ അടുത്തയാഴ്ച വരെ തൽസ്ഥിതി നിലനിർത്താൻ കോടതി നിർദേശിച്ചു.

ക്രമസമാധാനം ഉറപ്പാക്കാൻ ആവശ്യമായ പൊലീസ് സേനയെ നിയോഗിക്കണം. ഇടവകക്കാർ മരിച്ച് സംസ്കാരം വേണ്ടിവന്നാൽ ശുശ്രൂഷകൾക്കു തടസ്സമുണ്ടാകരുത്. സംസ്കാര ശുശ്രൂഷകൾക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നില്ല എന്നു കലക്ടറും പൊലീസും ഉറപ്പാക്കണം. കുർബാനയുടെയും സംസ്കാരത്തിന്റെയും സമയം കലക്ടറെയും പൊലീസിനെയും മുൻകൂട്ടി അറിയിക്കണം. ഹർജി ഒക്ടോബർ ഒന്നിലേക്കു മാറ്റി.

ഓർത്തഡോക്സ് സഭാംഗങ്ങളായ വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലും മറ്റു 3 വൈദികരും ട്രസ്റ്റിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സംഘർഷാവസ്ഥയെ തുടർന്നു പള്ളിക്കുള്ളിലും വളപ്പിലുമുള്ളവരെ പൊലീസ് ഒഴിവാക്കണമെന്നും കലക്ടർ പള്ളി ഏറ്റെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ആളുകളെ നീക്കിയ ശേഷം വസ്തുവിവരപ്പട്ടിക തയാറാക്കി പള്ളി ഏറ്റെടുത്തതായി കലക്ടർ കോടതിയിൽ റിപ്പോർട്ട് നൽകി.

നിയമ നിർമാണത്തിലൂടെ സമാധാനം നിലനിർത്തണം: യാക്കോബായ സഭ

പ‍ുത്തൻക‍ുരിശ് ∙ ചർച്ച് പ്രോപ്പർട്ടീസ് ആക്‌ട്, സെമിത്തേരി ത‍ുടങ്ങിയ കാര്യങ്ങളിൽ സർക്കാർ നിയമനിർമാണം നടത്തി സംസ്‍ഥാനത്ത‍ു സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന‍‍് യാക്കോബായ സഭ. നീതിക്ക‍ുവേണ്ടിയ‍ുള്ള പോരാട്ടം ത‍ുടര‍ാൻ സഭാ മാനേജിങ് കമ്മിറ്റി യോഗം തീര‍ുമാനിച്ച‍‍ു. നാളെ എല്ലാ പള്ളികളില‍ും പ്രതിഷേധ റാലിയ‍ും സമ്മേളനവ‍ും നടത്തും.

ആയിരക്കണക്കിന‍് ഇടവക വിശ്വാസികൾ ആരാധനയ്ക്കായി പണിത‌ുയർത്തിയ പിറവം സെന്റ് മേരീസ് ദേവാലയത്തിൽ നിന്ന് അവരെ പ‍ുറത്താക്ക‍ുന്നതിന‍‍ും പള്ളിവക സ്വത്ത‍ുക്കൾ അനധികൃതമായി കയ്യടക്ക‍ുന്നതിന‍‍ുമാണ് ഓർത്തഡോക്‌സ് സഭ ശ്രമിക്ക‍ുന്നതെന്ന് യാക്കോബായ സഭ ആരോപിച്ച‍‍ു. 

ന‍ൂറ്റാണ്ട‍ുകളായി യാക്കോബായ സ‍ഭാ വിശ്വാസികൾ ആരാധന നടത്തിവന്ന പള്ളി പ‍ൂട്ടിക്ക‍ാന‍‍ുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്. സ‍ുപ്രീം കോടതി വിധിയെയ‍ും 1934ലെ സഭാ ഭരണഘടനയെയ‍ും ക‍ുറിച്ച‍ു പറയ‍ുന്നവർ അതിൽ നിഷ്കർഷിച്ചിരിക്ക‍ുന്ന പരിശ‍ുദ്ധ അന്ത്യോക്യ പാത്രിയർക്കീസിന്റെ അവകാശാധികാരങ്ങൾ അംഗീകരിക്കാൻ തയാറാകണം.

കാലം ചെയ്‍ത ശ്രേഷ്‍ഠ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ‍ുടെ ആസ്‍ഥാനമായിരു‍ന്ന മ‍ൂവാറ്റു‍പ‍ുഴ അരമന, തൃക്ക‍ുന്നത്തു‍ സെമിനാരി, തൃശൂർ മണ്ണ‍ുത്തി അരമന, കിഴക്കമ്പലം ദയറ, കൊരട്ടി സെമിനാരി, അധിനിവേശം നടത്തിയ പള്ളികൾ ത‍ുടങ്ങിയവ തിരിച്ച‍ു പിടിക്ക‍ുന്നതിന‍‍ു സമയബന്ധിതമായി കർമ പരിപാടികൾ ആവിഷ്‍കരിക്ക‍ാൻ വിവിധ കമ്മിറ്റികൾ ര‍ൂപീകരിച്ച‍‍ു. ഗവർണർ നിർദേശിച്ചത‍ു പോലെ ചർച്ചകൾക്ക‍ു യാക്കോബായ സഭ സന്നദ്ധമാണ്.

കണ്യാട്ട‍ുനിരപ്പ‍ു പള്ളിയിൽ അടക്കം ചെയ്‍ത വിശ്വാസിയ‍ുടെ മൃതദേഹം പ‍ുറത്തെട‍ുക്കണമെന്ന ആവശ്യത്തിൽ യാക്കോബായ സഭ പ്രതിഷേധിച്ച‍‍ു. യോഗത്തിൽ മെത്രാപ്പൊലീത്തൻ ട്രസ്‍റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അധ്യക്ഷത വഹിച്ച‍‍ു. സഭാ ഭാരവാഹികളായ സ്ലീബ പോൾ വട്ടവേലിൽ കോറെപ്പിസ്‍കോപ്പ, ഷാജി ച‍ുണ്ടയിൽ, പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ പ്രസംഗിച്ച‍‍ു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com