ADVERTISEMENT

തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ കനത്ത പ്രഹരമേറ്റു പ്രതിരോധത്തിലായ ഇടതുമുന്നണിക്ക് ഉത്തേജക മരുന്നും ആത്മവിശ്വാസത്തിന്റെ പാരമ്യത്തിലായിരുന്ന യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയുമായി പാലാ ജനവിധി. കെ.എം. മാണി 54 വർഷം കാത്ത മണ്ഡലം പിൻഗാമികൾ അധികാരത്തർക്കത്തിലൂടെ നഷ്ടമാക്കിയതിന്റെ കടുത്ത രോഷത്തിലാണ് യുഡിഎഫ് നേതൃത്വം. നിനച്ചിരിക്കാത്ത നേട്ടം എൻസിപി എന്ന ചെറുകക്ഷി നേടിക്കൊടുത്തതിന്റെ മധുരം നുണഞ്ഞ് ഇടതുമുന്നണിയും. ആസന്നമായ 5 ഉപതിരഞ്ഞെടുപ്പുകളെ പാലാ ഫലം കൂടുതൽ ആവേശഭരിതവും പ്രവചനാതീതവുമാക്കും.

പാലാ എന്ന ‘ഗെയിം ചേഞ്ചർ’

ജനവിധി വന്ന ഉടൻ എകെജി സെന്ററിൽ വിളിച്ച വാർത്താസമ്മേളനത്തിൽ ലഡു വിതരണത്തിനു കോടിയേരി ബാലകൃഷ്ണൻ സ്വയം തയാറായതിൽ നിന്നു തന്നെ സിപിഎമ്മിന്റെ ആഹ്ലാദവും ആശ്വാസവും തിരിച്ചറിയാം. എതിർപക്ഷം വാങ്ങിവച്ച ലഡുവും കൈതച്ചക്കയും പാതിവിലയ്ക്കു വാങ്ങിക്കൊള്ളാമെന്നു വോട്ടെണ്ണും മുൻപു പറയാൻ ധൈര്യം കാട്ടുകയും ഓരോ പഞ്ചായത്തിലെയും വോട്ടുനില കൃത്യമായി പ്രവചിക്കുകയും ചെയ്ത മാണി സി. കാപ്പനെ 4–ാം അങ്കത്തിൽ പാലാ കാത്തു. ലോക്സഭാ ഘട്ടത്തിൽ പറഞ്ഞതെല്ലാം പിഴച്ചെങ്കിൽ പാലായിൽ ‘ഒരു മാണി തന്നെ എംഎൽഎ ആകും’ എന്ന കോടിയേരിയുടെ പ്രവചനം ഫലിച്ചു.

pala-byelection-result

കാപ്പനെ മുന്നിൽ നിർത്തി അൽപ്പം അയഞ്ഞ രാഷ്ട്രീയതാളത്തിലുളള പ്രചാരണമാണു സിപിഎം തന്ത്രപരമായി സംഘടിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 ൽ ഒറ്റ സീറ്റിലൊതുങ്ങുകയും ചരിത്രത്തിലെ ഏറ്റവും മോശം വോട്ടു ശതമാനത്തിലേക്കു പതിക്കുകയും ചെയ്ത ഇടതുമുന്നണിക്ക് ക്രൈസ്തവ സ്വാധീനകേന്ദ്രം കൂടിയായ യുഡിഎഫ് നെടുങ്കോട്ടയിലെ അട്ടിമറി ജയം സ്വപ്നതുല്യ നേട്ടമാണ്. രാഷ്ട്രീയക്കെടുതികൾ പിന്തുടരുന്ന പിണറായി സർക്കാരിന് ആശ്വാസവും. ലോക്സഭാ ജനവിധി ഉണ്ടാക്കിയ രാഷ്ട്രീയബലാബലത്തിൽ നിന്നുമുള്ള ‘ഗെയിം ചേഞ്ചർ’ ആയും ഈ ഫലത്തെ സിപിഎം വിലയിരുത്തുന്നു.

കൈതമുള്ളേറ്റ് യുഡിഎഫ്

ജനങ്ങൾ യുഡിഎഫിനെ ജയിപ്പിക്കാൻ തയാറാണെങ്കിലും തമ്മിൽത്തല്ലി അവരെ വെറുപ്പിക്കരുതെന്ന യുഡിഎഫ് യോഗത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകൾ അറംപറ്റി. കേരള കോൺഗ്രസിലെ ചക്കളത്തിപ്പോരു ദോഷം ചെയ്യുമെന്ന മുന്നറിയിപ്പു പലരും നൽകിയിരുന്നു. അപ്പോഴും പാലായിലെ വോട്ടർമാരിൽ യു‍ഡിഎഫിനു ശക്തമായ മുൻതൂക്കമുള്ളതിനാൽ പേടിക്കാനില്ലെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, തിരഞ്ഞെടുപ്പു പ്രഖ്യാപനം തൊട്ടു വോട്ടെടുപ്പു ദിവസം വരെ മത്സരിക്കുന്ന കക്ഷിയിലെ ഇരുവിഭാഗങ്ങൾ നടത്തിയ വാക്പോര് യുഡിഎഫ് അനുകൂലികളെ മടുപ്പിച്ചു.

മാണിയുടെ തലയെടുപ്പ് അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ മാണി സി.കാപ്പനാണെന്നു ചിന്തിച്ചവർ പോലുമുണ്ടായി. എത്ര കടുത്ത വൈരിയെയും സ്നേഹത്തോടെ ചേർത്തുനിർത്തുന്ന രാഷ്ട്രീയ നയകൗശലം കെ.എം. മാണിയുടെ പിൻഗാമികൾക്കില്ലാതെയും പോയി. അതു പാർട്ടിയെ തന്നെ രണ്ടാക്കുകയും ഒടുവിൽ മാണിയുടെ സ്വന്തം പാലാ നഷ്ടപ്പെടുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. കോൺഗ്രസ് നേതൃത്വം കൈ മെയ് മറന്ന് അധ്വാനിച്ചെങ്കിലും താഴേത്തട്ടിൽ കോൺഗ്രസ്– ജോസ് കെ. മാണി പക്ഷങ്ങളുടെ ഇഴുകിച്ചേരൽ എത്ര കണ്ടുണ്ടായി എന്ന സന്ദേഹവും ഈ തിരിച്ചടി നൽകുന്നു.

വോട്ടുകച്ചവട ആക്ഷേപങ്ങൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോൾ ബിജെപിയുടെ വോട്ട് 6777 കുറഞ്ഞതിനെച്ചൊല്ലി ആക്ഷേപങ്ങൾ ഉയർന്നുകഴിഞ്ഞു. ബിജെപി വോട്ട് എൽഡിഎഫ് വാങ്ങിയെന്ന തരത്തിലാണു യുഡിഎഫിന്റെ പ്രതികരണമെങ്കിലും കഴിഞ്ഞതവണത്തെക്കാൾ (54,181) 44 വോട്ട് മാണി സി.കാപ്പനു കുറയുകയാണുണ്ടായത്. ബിജെപി വോട്ടു വാങ്ങിയ ശേഷവും യുഡിഎഫ് തോറ്റുവെന്നാണു സിപിഎം ആരോപിക്കുന്നതെങ്കിൽ 2016 ൽ മാണിക്കു കിട്ടിയതിലും 7690 വോട്ട് കുറവാണു ജോസ് ടോമിനു കിട്ടിയതും. വോട്ടർമാരുടെ എണ്ണം കൂടിയിട്ടും 2016 ലും 11,836 പേർ കുറവാണ് ഇത്തവണ വോട്ടു ചെയ്തത്. യുഡിഎഫ് വോട്ടർമാരിലെ മടുപ്പ് ഈ കുറഞ്ഞ പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചെന്നും കരുതണം.

സിപിഎം കണക്കുകൂട്ടിയത് 3500 വോട്ടിന്റെ തോൽവി

സിപിഎമ്മിന്റെ കണക്കുകൾ ഇത്തവണയും പിഴച്ചു; പക്ഷേ, അതു വിജയത്തിലേക്കുള്ള ‘പിഴവായി’ എന്നു മാത്രം. 3500 വോട്ടിനു തോൽക്കുമെന്നായിരുന്നു പാലായെക്കുറിച്ചുള്ള സിപിഎമ്മിന്റെ ഒടുവിലത്തെ കണക്ക്. വോട്ടെണ്ണിയപ്പോൾ മൂവായിരത്തിൽ താഴെ വോട്ടിനു മുന്നിൽ. തോൽക്കാനുള്ള സാധ്യത കൂടുതലാണെന്നു കരുതിയപ്പോഴും ഓരോ മേഖലയിൽ നിന്നും ലഭിച്ച കണക്കുകൾ വോട്ടെണ്ണിയപ്പോൾ വലിയ വ്യത്യാസമില്ലാതെ ശരിയായി എന്ന ആശ്വാസത്തിൽ കൂടിയാണു സിപിഎം നേതൃത്വം.

ജോസ് കെ. മാണി വരുത്തിയ പരാജയം

∙ ‘ഇത് കേരളാ കോൺഗ്രസിന്റെ പരാജയമല്ല; ജോസ് കെ. മാണി സ്വയം ഏറ്റുവാങ്ങിയ പരാജയം. ജോസ് കെ.മാണിയുടെ പക്വത ഇല്ലായ്മ സ്ഥാനാർഥി നിർണയം മുതൽ തോൽവിയിലേക്കു നയിച്ചു. സ്ഥാനാർഥി പോലും ചിഹ്നം ആവശ്യപ്പെട്ടില്ല. പ്രചാരണയോഗത്തിൽ എത്തിയ എന്നെ അപമാനിച്ചു. (പാർട്ടി മുഖപത്രം) ‘പ്രതിഛായ’യിൽ എനിക്കെതിരെ ലേഖനം എഴുതി. എങ്കിലും മുന്നണിയുടെ വിജയത്തിന് വേണ്ടി ആവും വിധം ഞാൻ പ്രവർത്തിച്ചു. തോൽവിയിൽ കടുത്ത ദുഃഖം. ജോസ് വിഭാഗത്തിന്റെ വോട്ടുകൾ ചോർന്നു. - പി.ജെ. ജോസഫ്

ജോസഫ്, കോൺഗ്രസ് വോട്ട് കിട്ടി

∙ ‘പാലായെ സ്നേഹിക്കുന്ന എല്ലാവരുടെയും വോട്ട് കിട്ടി. ജോസഫ് വിഭാഗത്തിന്റെയും കോൺഗ്രസിന്റെയും വോട്ട് ലഭിച്ചു. ബിഡിജെഎസ് വോട്ടും കിട്ടി. കേരള കോൺഗ്രസുമായുള്ള തർക്കങ്ങൾ പരിഹരിക്കാതെ ഐക്യം എന്നു നേതാക്കൾ പറഞ്ഞാൽ  കോൺഗ്രസ് പ്രവർത്തകർ മുഖവിലയ്ക്കെടുക്കുമോ. നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്രമാണു നേതാക്കൾ എത്തുന്നത്. മറ്റു സമയങ്ങളില്‍ ഈ തിരുവഞ്ചൂരും ഉമ്മൻ ചാണ്ടിയും എവിടെ ആയിരുന്നു. 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തമാണ് അവസാനിച്ചത്. - മാണി സി.കാപ്പൻ’

രണ്ടില കിട്ടാതിരുന്നത് ബാധിച്ചു

∙ ‘രണ്ടില ചിഹ്നം ലഭിക്കാത്തിരുന്നതു തിരഞ്ഞെടുപ്പിനെ ബാധിച്ചു. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ വിജയ സാധ്യത കൂടുതലായിരുന്നു. വോട്ടിങ് യന്ത്രത്തിൽ യുഡിഎഫ് സ്ഥാനാ‍ർഥിയുടെ പേര് ഏഴാം സ്ഥാനത്തായതും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി മത്സരിക്കുകയും പ്രചാരണത്തിനിറങ്ങുകയും ചെയ്തു. യുഡിഎഫിലെ എല്ലാ പാർട്ടിക്കാരുടെയും വോട്ട് ലഭിച്ചു. ബിജെപിയുടെ പതിനായിരത്തിലേറെ വോട്ട് എൽഡിഎഫ് നേടി. വോട്ട് ചോർച്ച നടന്നിട്ടുണ്ടെന്നു സംശയിക്കുന്നു.’ - ജോസ് കെ. മാണി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com