മാടക്കത്തറ വൈദ്യുത പദ്ധതി അന്തിമഘട്ടത്തിലേക്ക്
Mail This Article
തിരുവനന്തപുരം∙ ഛത്തീസ്‌ഗഡിലെ റായ്ഗഡിൽ നിന്നു തമിഴ്‌നാട്ടിലെ പുഗലൂർ വഴി കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കുന്ന പുഗലൂർ-മാടക്കത്തറ 320 കെവി ഹൈവോൾട്ടേജ് ഡയറക്‌ട് കറന്റ് (എച്ച്ഡിവിസി) പദ്ധതി അന്തിമഘട്ടത്തിലേക്ക്. എല്ലാ ജില്ലകൾക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതി അടുത്ത വർഷത്തോടെ പൂർത്തിയാകും.6000 മെഗാവാട്ട് പ്രസരണശേഷിയുള്ള പുതിയ ലൈനിൽ നിന്നു തമിഴ്‌നാടിന് 4000 മെഗാവാട്ട് വൈദ്യുതിയും കേരളത്തിന് 2000 മെഗാവാട്ട് വൈദ്യുതിയുമാണ് ലഭിക്കുക.
തെക്കൻ ജില്ലകളിലേക്കു വൈദ്യുതി എത്തിക്കാൻ മാടക്കത്തറ-കൊച്ചി ഈസ്റ്റ് 400 കെവി ലൈനും പുതുതായി ആരംഭിച്ച കൊച്ചി-തിരുനെൽവേലി ലൈനും പര്യാപ്തമാണ്. വടക്കൻ ജില്ലകളിലേക്കു വൈദ്യുതി എത്തിക്കാൻ മാടക്കത്തറ മുതൽ അരീക്കോട് വരെയുള്ള നിലവിലെ 220 കെവി പ്രസരണലൈൻ 400 കെവി മൾട്ടി വോൾട്ടേജ് സർക്യൂട്ട് ലൈനാക്കി മാറ്റണം.
ഇതിനു തയാറാക്കിയ ട്രാൻസ്മിഷൻ സിസ്റ്റം പ്ലാനിന്റെ മലാപ്പറമ്പ് വരെയുള്ള ഒന്നാംഘട്ടം പൂർത്തിയായി. അരീക്കോട് വരെയുള്ള രണ്ടാംഘട്ടവും പുരോഗമിക്കുകയാണ്.
320 കെവി എച്ച്ഡിവിസി ലൈനിന്റെയും സബ്‌സ്റ്റേഷന്റെയും നിർമാണച്ചുമതല പവർഗ്രിഡ് കോർപറേഷനാണ്.