ADVERTISEMENT

മൂന്നാർ ∙ മൂന്നാർ - മറയൂർ റോഡിൽ രാത്രി ജീപ്പ് യാത്രയ്ക്കിടെ അമ്മയുടെ മടിയിൽ നിന്നു റോഡിലേക്കു തെറിച്ചുവീണ ഒരുവയസ്സുകാരിയെ രക്ഷപ്പെടുത്തിയതു വനപാലകരാണെന്ന വാദം പൊളിയുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയതെന്നു വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലായി. 

കുട്ടി റോഡിൽ വീണു മുട്ടിലിഴയുന്നതു കണ്ടിട്ടും വനപാലകർ അടുത്തു ചെല്ലാതിരുന്നതു പ്രേതഭയത്താലാണെന്നും സൂചന.  ജീപ്പിൽ നിന്നു കുഞ്ഞ് വീഴുന്നതു സംബന്ധിച്ചു വനപാലകർ പ്രചരിപ്പിച്ച ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും കണ്ടെത്തി. ഓട്ടോ ഡ്രൈവർ എത്തി കുട്ടിയെ എടുക്കുന്നതു സിസിടിവിയുടെ പൂർണദൃശ്യങ്ങളിൽ വ്യക്തമാണ്.

കുട്ടി ജീപ്പിൽ നിന്നു വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ മൂന്നാർ പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ ഭാഗമായി അന്നത്തെ വിഡിയോ ദൃശ്യങ്ങൾ പൂർണമായും പരിശോധിച്ചപ്പോഴാണു കള്ളം പുറത്തായത്. മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കനകരാജാണു കുട്ടിയെ രക്ഷിച്ചത്. കനകരാജിന്റെ പേരു പോലും വനം വകുപ്പ് പുറത്തുവിട്ടിരുന്നില്ല.

മൂന്നാർ–മറയൂർ റോഡിൽ രാജമലയുടെ പ്രവേശനകവാടമായ അഞ്ചാം മൈലിൽ ടിക്കറ്റ് കൗണ്ടറിന്റെ മുൻവശത്ത് ഓഗസ്റ്റ് 8നു രാത്രി 10ന് ആണു സംഭവം.  അടിമാലി കമ്പിളിക്കണ്ടം മുള്ളരിക്കുടി താന്നിക്കൽ സബീഷ്–സത്യഭാമ ദമ്പതികളുടെ ഒരു വർഷവും ഒരു മാസവും പ്രായമായ മകൾ രോഹിതയാണു ജീപ്പിൽ നിന്നു റോഡിൽ വീണത്. കുഞ്ഞ് മുട്ടിലിഴഞ്ഞു വനംവകുപ്പ് എയ്ഡ് പോസ്റ്റിനു സമീപം എത്തി. കുഞ്ഞിനെ കണ്ട കനകരാജ് വനം വകുപ്പുകാർക്കൊപ്പം രോഹിതയെ ആശുപത്രിയിലെത്തിച്ചു. 

kanakaraj
കനകരാജ്

എന്നാൽ 50 കിലോമീറ്ററോളം സഞ്ചരിച്ചു വീട്ടിലെത്തിയ ശേഷമാണു കുട്ടി വീണുപോയ കാര്യം രക്ഷിതാക്കൾ മനസ്സിലാക്കിയത്. എന്നാൽ, വനപാലകർ തന്നെയാണു കുട്ടിയെ രക്ഷിച്ചതെന്നും ആ സമയത്ത് ഓട്ടോ ഡ്രൈവർ സ്ഥലത്ത് എത്തിയെന്നേ ഉള്ളൂവെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. വനപാലകർ പേടിച്ചു മാറിനിന്നു എന്നു പറയുന്നതു കള്ളമാണെന്നും അറിയിച്ചു.

‘രാജമലയിൽ ഓട്ടം പോയി മടങ്ങുംവഴി ചെക്പോസ്റ്റിൽ വണ്ടി നിർത്തിയപ്പോഴാണു റോഡിൽ എന്തോ അനങ്ങുന്നതു കണ്ടത്. സമീപം ശ്മശാനം ഉണ്ടായിരുന്നതിനാൽ വനപാലകർ റോഡിലേക്ക് ഇറങ്ങാൻ പേടിച്ചു നിൽക്കുകയായിരുന്നു. വാഹനത്തിൽനിന്ന് ഇറങ്ങി നോക്കിയപ്പോഴാണു കുട്ടിയെ കണ്ടത്. അവരെ വിളിച്ചു കുട്ടിയെ ആശുപത്രിയിലെത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരോടു സംഭവം വിശദീകരിച്ച് ഫോൺ നമ്പറും നൽകിയാണു മടങ്ങിയത്.’ 

കനകരാജ്, ഓട്ടോ ഡ്രൈവർ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com