ADVERTISEMENT

തൃശൂർ ∙ സിപിഎമ്മുകാരായ 4 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കൊലപാതകക്കേസിൽ 25 വർഷത്തിനു ശേഷം യഥാർഥ പ്രതികളിലൊരാൾ ക്രൈംബ്ര‍ാഞ്ച് പിടിയിൽ. ആർഎസ്എസ് കാര്യവാഹക് ആയിരുന്ന തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ ചേകന്നൂർ മൗലവി വധക്കേസിലെ പ്രതിസ്ഥാനത്തുള്ള സംഘടനയിൽപ്പെട്ടവരാണു പുതിയ പ്രതികൾ. ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയിൽ അംഗമായ കുന്നംകുളം പാലയൂർ കര്യപ്പം വീട്ടിൽ മൊയ്നുദ്ദീനെയാണ്  (49) അറസ്റ്റ് ചെയ്തത്. 

കേസിൽ  ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകരെ പിന്നീടു ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അവരെ അറസ്റ്റ് ചെയ്ത പൊലീസിന്റെ അന്വേഷണത്തിൽ ഉണ്ടായ വീഴ്ചയും ക്രൈംബ്രാഞ്ച് അന്വേഷണ വിധേയമാക്കുന്നുണ്ട്. ഇപ്പോൾ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസിൽ 9 പ്രതികളാണുള്ളത്. പ്രധാന പ്രതി സെയ്തലവി അൻവരി ചേകന്നൂർ കേസിൽ പ്രതിയാണ്. 

ഇയാളടക്കം 7 പേർ ഒളിവിലാണ്. ഒരാൾ മരിച്ചു. തൊഴിയൂരിൽ ആർഎസ്എസ് കാര്യവാഹക് ആയിരുന്ന സുനിലിനെ 1994 ഡിസംബർ 4നു പുലർച്ചെയാണു വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയത്. സുനിലിന്റെ സഹോദരൻ സുബ്രഹ്മണ്യന്റെ ഇടതു കൈക്കു വെട്ടേൽക്കുകയും ചെയ്തു. ഗുരുവായൂർ സിഐ ആയിരുന്ന ശിവദാസ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സിപിഎം പ്രവർത്തകരായ 9 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ 4 പേരെ അസി. സെഷൻസ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

 ഇവരുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി 6 മാസത്തിനു ശേഷം ഇവരെ വിട്ടയച്ചു. ജയിലിൽ കഴിഞ്ഞ ഒരു പ്രതി കുറ്റവിമുക്തനായ ശേഷം ക്ഷയരോഗ ബാധയെത്തുടർന്നു മരിച്ചു. വാടാനപ്പിള്ളി രാജീവ് വധക്കേസ്, മതിലകം സന്തോഷ് വധക്കേസ് എന്നിവയിലെ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെ ക്രൈം ബ്രാഞ്ച് പ്രത്യേക ടീമിന് സുനിൽ വധക്കേസിനു പിന്നിലും ജം ഇയ്യത്തുൽ ഇസ്ഹാനിയ എന്ന സംഘടനയാണെന്നു വിവരം ലഭിച്ചതാണു വഴിത്തിരിവായത്. 2017ൽ ഈ കേസും സർക്കാർ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചു. 

ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com