ADVERTISEMENT

തൃപ്പൂണിത്തുറ (കൊച്ചി) ∙ അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് കാഷ്യർ ആയ മാത്യു വർഗീസിന്റെ കണ്ടനാട്ടെ കുടുംബ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. പാർട്ടിക്കു ലഭിച്ച പണത്തിന്റെ വിവരങ്ങൾ തേടിയാണ് പരിശോധനയെന്നു സൂചനയുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി നാട്ടിലെത്തിയ മാത്യുവും ഭാര്യയുൾപ്പെടെയുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.

ഇന്നലെ രാവിലെ 6ന് ആരംഭിച്ച റെയ്ഡ് രാത്രി 8.15 നു അവസാനിച്ചു. ന്യൂഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘമാണു നേതൃത്വം നൽകുന്നത്. മാത്യുവിനെ അവർ ചോദ്യം ചെയ്തു. എഐസിസി ട്രഷറർ അഹമ്മദ് പട്ടേലിന്റെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളാണു തേടുന്നത്. പി.ചിദംബരം, ഡി.കെ. ശിവകുമാർ എന്നിവർ ഉൾപ്പെടെ അറസ്റ്റിലായ കോൺഗ്രസ് നേതാക്കൾക്കെതിരെ തെളിവുകൾ ശേഖരിക്കാനും കൂടിയാണ് പരിശോധനയെന്നു കരുതുന്നു.

ഇത് വേട്ടയാടൽ; അംഗീകരിക്കില്ല: കോൺഗ്രസ്

ന്യൂഡൽഹി ∙ എഐസിസി ജീവനക്കാരൻ മാത്യു വർഗീസിന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിനെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. നേതാക്കൾക്കു പിന്നാലെ കോൺഗ്രസിലെ ജീവനക്കാരെയും വേട്ടയാടുന്ന തരത്തിലേക്കു കേന്ദ്രസർക്കാർ അധഃപതിച്ചതായി പാർട്ടി വക്താവ് ആനന്ദ് ശർമ ആരോപിച്ചു.

എഐസിസിയിലെ മറ്റു ജീവനക്കാരുടെ വീടുകളിലും കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടന്നു. പാർട്ടിയുടെ കണക്കുകൾ നോക്കുന്ന ജീവനക്കാരന്റെ വീട്ടിൽ പോലും അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു പരിശോധന നടത്തുകയാണ്. ഈ വേട്ടയാടൽ അംഗീകരിക്കാനാവില്ല. പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന സർക്കാർ ജനാധിപത്യ രാജ്യത്തിനു യോജിച്ചതല്ല. യൂത്ത് കോൺഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ ധനമന്ത്രി നിർമല സീതാരാമന്റെ വസതിയിലേക്കു പ്രകടനം നടത്തി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com