ADVERTISEMENT

മാള ∙ വിശുദ്ധജീവിതത്തിന്റെ കഥപറഞ്ഞും അവയുടെ സാക്ഷ്യങ്ങൾ  പ്രദർശിപ്പിച്ചും കുഴിക്കാട്ടുശേരി മദർ മറിയം ത്രേസ്യ മ്യൂസിയം. സ്മൃതി സമുച്ചയം എന്നു പേരിട്ടിരിക്കുന്ന ഇവിടെ മറിയം ത്രേസ്യയുടെയും ധന്യൻ ജോസഫ് വിതയത്തിലിന്റെയും തിരുശേഷിപ്പുകളും ചരിത്രം പറയുന്ന ചിത്രങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 

വാസ്‌തുശിൽപ ചാതുര്യവും കലാഭംഗിയും നിറഞ്ഞ മ്യൂസിയത്തിൽ മറിയം ത്രേസ്യയുടെ ജീവിതകാലം ചിത്രീകരിച്ചിട്ടുണ്ട്. നടുത്തളത്തിൽ  മറിയം ത്രേസ്യയുടെ പൂർണകായ പ്രതിമ സ്‌ഥാപിച്ചിട്ടുണ്ട്. ഏഴു മുറികളുമുണ്ട്. റിയലിസ്‌റ്റിക്, മ്യൂറൽ പെയിന്റിങ്ങിലും മൊസൈക്കിലുമായാണ് മറിയം ത്രേസ്യയുടെ ആത്മീയ ജീവിതയാതനകളും ഈശ്വരാനുഭവങ്ങളും വിശുദ്ധിയിലേക്കുള്ള യാത്രയുമെല്ലാം ആവിഷ്‌കരിച്ചിട്ടുള്ളത്.

വാഴ്‌ത്തപ്പെടുന്നതിന് അവലംബമായ തെളിവുകളും സാക്ഷ്യങ്ങളും അഞ്ചാമത്തെ മുറിയിൽ പ്രത്യേകം സജ്‌ജീകരിച്ചിട്ടുണ്ട്. മറിയം ത്രേസ്യ യാതന നിറഞ്ഞ ജീവിതത്തിൽ ഉപയോഗിച്ച മുള്ളരഞ്ഞാണം, മുൾച്ചട്ട, രക്‌തക്കറ പുരണ്ട ചട്ട, ഞെരിഞ്ഞിലിൽ തീർത്ത തലയണ, ചമ്മട്ടി, കണ്ണടപ്പെട്ടി എന്നിവ മ്യൂസിയത്തിലുണ്ട്. 

മറിയം ത്രേസ്യയുടെ ആത്മീയ ഗുരുവായിരുന്ന ഫാ. ജോസഫ് വിതയത്തിലിന്റെ ജീവിതത്തിലെ സ്‌മരണകൾ അവസാനത്തെ മുറിയിലാണ്. ഓഡിയോ വിഷ്വൽ റൂമും ബുക്ക് സ്‌റ്റാളുമുണ്ട്. മ്യൂസിയത്തിന് 3200 ചതുരശ്ര അടിയാണ് വിസ്‌തീർണം.  ആർക്കിടെക്‌ട് ജെഫ് ആന്റണിയാണ് നേതൃത്വം നൽകിയത്.   

വിശുദ്ധപദവിയിലെ ‘ചേച്ചിയും അനുജത്തിയും’

തൃശൂർ ∙ ജില്ലയ്ക്ക് സൗഭാഗ്യമായി രണ്ടാമത്തെ വിശുദ്ധ. ഇന്നു ഫ്രാൻസിസ് മാർപാപ്പ മദർ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോൾ ആ നേട്ടമാണു ജില്ലയ്ക്കു കൈവരുന്നത്. ഒല്ലൂർ കർമ്മലീത്താ മഠത്തിലെ വിശുദ്ധ എവുപ്രാസ്യമ്മയാണ് ആദ്യത്തെ വിശുദ്ധ. 2014 നവംബർ 23ന് ഫ്രാൻസിസ് മാർപാപ്പയാണ് ആ പ്രഖ്യാപനവും നടത്തിയത്. 

മറിയം ത്രേസ്യയുടെ സമകാലീന തന്നെയാണ് എവുപ്രാസ്യമ്മയും. രണ്ടുപേരും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com