ADVERTISEMENT

പുതുക്കാട് (തൃശൂർ)∙ ഇരുമ്പുകമ്പികൊണ്ടു ഡ്രൈവറുടെ തലയ്ക്കടിക്കുകയും കത്തികാട്ടി ഓടിക്കുകയും ചെയ്തശേഷം രണ്ടംഗ സംഘം ഊബർ ടാക്സി കടത്തിക്കൊണ്ടുപോയി. സിനിമാ സ്റ്റൈലിൽ പൊലീസ് പിന്തുടർന്നപ്പോൾ എറണാകുളം ജില്ലയിലെ കാലടിയിൽ കാർ ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. പരുക്കേറ്റ ഡ്രൈവർ കരുവാപ്പടി പാണ്ടാരി രാഗേഷ് (34) പുതുക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ഓൺലൈൻ ആയി ഓട്ടം വിളിച്ച നമ്പറിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. 

തിങ്കൾ അർധരാത്രി 12.50ന് ആണ് തൃശൂർ ദിവാൻജിമൂലയിൽനിന്നു പുതുക്കാട്ടേക്ക് പ്രതികൾ ഊബർ (ഓൺലൈൻ ടാക്സി സർവീസ്) ബുക്ക് ചെയ്തത്. പുതുക്കാട് എത്തിയപ്പോൾ കാഞ്ഞൂപ്പാടം, ചുങ്കം ഭാഗങ്ങളിലൂടെയെല്ലാം ഇവർ കറങ്ങി. അവസാനം വരന്തരപ്പിള്ളി റോഡിലെത്തിയപ്പോൾ ആമ്പല്ലൂരിലേക്കു തിരികെ എത്തിക്കാൻ ഇവർ ആവശ്യപ്പെട്ടു. അളഗപ്പനഗർ യൂണിയൻ സ്റ്റോപ്പിനു സമീപം ആളൊഴിഞ്ഞ ഭാഗത്തു വാഹനം നിർത്തിച്ചശേഷം പണം നൽകാനെന്ന വ്യാജേന ഇരുവരും പുറത്തിറങ്ങി ഡ്രൈവിങ് സീറ്റിലിരുന്ന രാഗേഷിന്റെ മുഖത്തേക്ക് വേദനസംഹാരി സ്പ്രേ അടിച്ചു. രണ്ടാമൻ ഇരുമ്പുകമ്പികൊണ്ടു തലയ്ക്കടിച്ചു പരുക്കേൽപ്പിച്ചു. 

uber-car
തൃശൂർ പുതുക്കാട്ടുനിന്ന് അക്രമികൾ മോഷ്ടിച്ചുകൊണ്ടുവരുന്നതിനിടെ ഹൈവേ പൊലീസ് പിടികൂടി കാലടി പൊലീസിനു കൈമാറിയ ടാക്സി വിരലടയാള വിദഗ്ധർ പരിശോധിക്കുന്നു.

കത്തി ഉയർത്തിക്കാട്ടി ഭീഷണി മുഴക്കി താക്കോൽ കൈക്കലാക്കിയശേഷം രാഗേഷിനെ ഓടിച്ചുവിട്ട് കാറുമായി കടന്നു. പൊലീസെത്തിയാണ് രാഗേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് ഉടൻ വിവരം കൈമാറിയതിനെത്തുടർന്ന് ദേശീയപാതയിലെ പൊലീസ് പട്രോളിങ് സംഘം കാറിനെ പിന്തുടർന്നു.  

കാലടിയിൽനിന്നു മലയാറ്റൂർ റോഡിലേക്കു പോയ അക്രമികൾ 2 കിലോമീറ്റർ പിന്നിട്ട് മേക്കാലടിയിലെത്തിയപ്പോൾ കാർ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. 

പ്രതികളെക്കുറിച്ച് സൂചന 

അക്രമികളെക്കുറിച്ചു പൊലീസിനു വ്യക്തമായ വിവരം ലഭിച്ചു. ഊബർ ബുക്ക് ചെയ്ത മൊബൈൽ നമ്പർ പൊലീസിനു ലഭിച്ചിട്ടുണ്ട്. എറണാകുളം സ്വദേശികളായ യുവാക്കളാണ് സംഭവത്തിനു പിന്നിലെന്നു വിവരമുണ്ട്. പ്രതികൾ ഉടൻ പിടിയിലായേക്കും. പുതുക്കാട് എസ്എച്ച്ഒ എസ്.പി. സുധീരന്റെ നേതൃത്വത്തിലുള്ള സംഘം കാലടിയിലെത്തി കാർ പരിശോധിച്ചു. കാറിലുണ്ടായിരുന്ന രാഗേഷിന്റെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. ഫൊറൻസിക്, വിരലടയാള വിദഗ്ധരും കാർ പരിശോധിച്ചു. 

കൊരട്ടിയിൽ നിന്ന് കാലടിവരെ ‘ചേസ്’

പുതുക്കാട് (തൃശൂർ)∙ കാർ തട്ടിക്കൊണ്ടുപോയ വിവരം കൺട്രോൾ റൂമിൽ നിന്നറിഞ്ഞതോടെ കൊരട്ടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൈവേ പൊലീസിന്റെ വാഹനം സജ്ജരായി നിന്നു. കാർ വരുന്നതുകണ്ട് കൈകാട്ടിയെങ്കിലും നിർത്താതെ പാഞ്ഞു. ഇതോടെ പൊലീസ് വാഹനം പിന്നാലെ കുതിച്ചു. 

മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു മരണപ്പാച്ചിൽ. അങ്കമാലി പൊലീസിന്റെ വാഹനവും ഒപ്പം കൂടി. കൂടുതൽ വാഹനങ്ങൾ എത്തുമെന്നും കുടുങ്ങുമെന്നും തിരിച്ചറിഞ്ഞതോടെ കാലടിക്കു സമീപം വാഹനം ഉപേക്ഷിച്ചു അക്രമികൾ കടന്നുകളയുകയായിരുന്നു. 

ജീവൻ വേണോ, കാർ വേണോ? 

തൃശൂർ ∙ കത്തിയെടുത്തു കഴുത്തിനു നേരെ നീട്ടിയശേഷം അക്രമികൾ ചോദിച്ചു, ‘ജീവൻ വേണോ, കാർ വേണോ?’ ഭയന്ന ഡ്രൈവർ രാഗേഷ് ജീവൻ മതിയെന്നു പറഞ്ഞപ്പോൾ ഓടിരക്ഷപ്പെടാനായിരുന്നു അക്രമികളുടെ നിർദേശം. സാഹസത്തിനു മുതി‍രാതെ ഓടിയതുകൊണ്ടു  രക്ഷപ്പെട്ടു. പുതുക്കാടാണ് ലക്ഷ്യസ്ഥലമെന്നു പറഞ്ഞു ബുക്ക് ചെയ്ത കാറിൽ ലക്ഷ്യമില്ലാതെ കറങ്ങിയ യാത്രക്കാരോടു കൃത്യസ്ഥലം വേഗം പറയണമെന്നു രാഗേഷ് ആവശ്യപ്പെട്ടു.  ഇതോടെയാണ് കാറിലുണ്ടായിരുന്നവർ അളഗപ്പനഗർ യൂണിയൻ സ്റ്റോപ്പിനു സമീപം ഇറക്കിവിടാൻ ആവശ്യപ്പെട്ടത്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com