ADVERTISEMENT

തിരുവനന്തപുരം ∙ കോന്നിയിലെ യുഡിഎഫ് പരാജയത്തിനു കാരണം പ്രചാരണരംഗത്ത് പത്തനംതിട്ട ഡിസിസി നേതൃത്വം കാട്ടിയ പോരായ്മകളാണെന്നു തുറന്നടിച്ച് അടൂർ പ്രകാശ്. പരാജയത്തിനു കാരണം അടൂർ പ്രകാശാണെന്ന  ആരോപണമുയർന്ന  പശ്ചാത്തലത്തിലാണ് അദ്ദേഹം വാർത്താ സമ്മേളനം വിളിച്ച് ഡിസിസിക്കെതിരെ ആഞ്ഞടിച്ചത്. 

ഡിസിസിയുടെ പ്രവർത്തനങ്ങൾ കോന്നിയിലെ ജനങ്ങൾ ഉൾക്കൊണ്ടില്ല. 23 വർഷം കോന്നിയിൽ ജനപ്രതിനിധിയായിരുന്ന തനിക്ക് അവിടത്തെ ജനങ്ങളെ നന്നായറിയാം. ഡിസിസിയുടെ തെറ്റായ പ്രവർത്തനം കുഴപ്പങ്ങൾ സൃഷ്ടിച്ചു. കെപിസിസി ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചാൽ എല്ലാ കാര്യങ്ങളും തുറന്നുപറയും. നേതാക്കളുടെ ബൂത്തുകളിൽ വോട്ടു കുറഞ്ഞതടക്കമുള്ള കാര്യങ്ങൾ പാർട്ടി അന്വേഷിച്ചു നടപടി സ്വീകരിക്കണം. 

കെപിസിസിയിൽ പറയേണ്ട കാര്യങ്ങൾ പുറത്തു പറയാൻ ആഗ്രഹിക്കുന്നില്ല. സമയം വരുമ്പോൾ എല്ലാം തുറന്നുപറയും. പത്തനംതിട്ട ജില്ല ‌പൂർണമായി ഇപ്പോൾ എൽ‌‍ഡിഎഫിന്റെ കൈകളിൽ എത്തിച്ചിരിക്കുകയാണ് – അദ്ദേഹം പറഞ്ഞു.

ഡിസിസിയെ വിലയിരുത്തേണ്ടത് കെപിസിസി: ബാബു ജോർജ്

പത്തനംതിട്ട ∙ കോന്നി ഉപതിരഞ്ഞെടുപ്പിൽ ഡിസിസിയുടെ പ്രവർത്തനം വിലയിരുത്തേണ്ടത് കെപിസിസിയാണെന്നു ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ഇതുവരെയും കെപിസിസി നേതൃത്വം ഡിസിസിയെക്കുറിച്ച് പരാതി പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിൽ വീഴ്ച പറ്റിയെന്നത് അംഗീകരിക്കുന്നു. പോരായ്മകൾ പരിശോധിച്ചു പരിഹരിക്കും.

പരാതികൾ കെപിസിസിയുടെ വേദികളിൽ പറയും. പരസ്യ പ്രസ്താവനയ്ക്കോ വിവാദത്തിനോ ഇല്ല. ഉപതിരഞ്ഞെടുപ്പിലെ കാര്യങ്ങൾ നിയന്ത്രിച്ചത് ഡിസിസിയല്ല, ശൂരനാട് രാജശേഖരന്റെ അധ്യക്ഷതയിലുള്ള തിരഞ്ഞെടുപ്പു കമ്മിറ്റിയാണെന്നും ബാബു ജോർജ് പറഞ്ഞു. വിവാദ പ്രസ്താവനകൾ പാടില്ലെന്ന കർശന നിർദേശത്തെ അച്ചടക്കമുള്ള കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ താൻ അനുസരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനകൾക്കെതിരെ എന്തു നടപടിയെടുക്കുന്നുവെന്നു കാത്തിരുന്നു കാണാം. പാർട്ടിയിലെ പ്രധാന വേദികളിലെല്ലാം ചർച്ച ചെയ്താണു സ്ഥാനാർഥികളെ തീരുമാനിച്ചത്. ഇപ്പോൾ പരസ്പരം പഴിചാരുന്നത് അംഗീകരിക്കാനാകില്ല. പാർട്ടിവിരുദ്ധ നടപടിയായി മാത്രമേ ഇതിനെ കാണാനാകൂ.’

  മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com