ADVERTISEMENT

പാലക്കാട് ∙ ‘എന്റെ ചേച്ചിയും അനിയത്തിയും പെട്ടെന്നൊരു ദിവസം രാത്രിയിൽ തളർന്നുവീണു പിടഞ്ഞു മരിക്കുകയായിരുന്നു. പതിനൊന്നും പതിനേഴും വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഭക്ഷണത്തിലൂടെ വിഷം ഉള്ളിൽച്ചെന്നു എന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അന്ന് ആരും അതിനു പിന്നാലെ പോയില്ല.

പോയിരുന്നെങ്കിൽ എന്റെ കുടുംബത്തോട് എന്തുമാകാമെന്ന തോന്നൽ ആർക്കും ഉണ്ടാകില്ലായിരുന്നു. എന്റെ കുഞ്ഞുങ്ങളെയെങ്കിലും രക്ഷിക്കാമായിരുന്നു’ – വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദലിത് സഹോദരിമാരുടെ അമ്മ തന്റെ കുടുംബത്തിൽ മുൻപുണ്ടായ 2 ദുരൂഹമരണങ്ങളെക്കുറിച്ചു കൂടി വെളിപ്പെടുത്തുന്നു.

ജയപ്രിയ, ശാന്തകുമാരി എന്നീ പെൺകുട്ടികളാണ് അന്നു മരിച്ചത്. 23 വർഷം മുൻപത്തെ സംഭവത്തിലെ ദുരൂഹതകളെക്കുറിച്ച് ഇന്നും ഉത്തരം കിട്ടാതെ പകച്ചു നിൽക്കുകയാണവർ. അതേ അവസ്ഥ തന്റെ കുഞ്ഞുങ്ങളുടെ മരണത്തിലും ഉണ്ടാകരുതെന്നാണ് ഇപ്പോൾ അവരുടെ പ്രാർഥന.

‘എന്റെ മക്കൾക്കു മരണമെന്തെന്ന് അറിയാനുള്ള പ്രായം പോലും ആയിരുന്നില്ല. പിന്നെ എങ്ങനെയാണ് അവർ ആത്മഹത്യ ചെയ്യുക? പൊലീസ് പറയുന്നതു പോലെ അവർക്കു വലിയ മനഃപ്രയാസം ഉണ്ടെങ്കിൽ ഞാനും അവരുടെ അച്ഛനും അറിഞ്ഞേനെ. എനിക്കുറപ്പാണ്, എന്റെ കുഞ്ഞുങ്ങളെ കൊന്നതാണ്. അന്നന്നത്തെ അപ്പത്തിനു പോലും വകയില്ലാത്ത എന്റെ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയിട്ട് ആരെന്തു നേടി? കൊന്നവരെ സംരക്ഷിക്കുന്നവരോടും അതേ ചോദിക്കാനുള്ളൂ’ – നെഞ്ചുപൊട്ടി പറയുകയാണു പെൺകുട്ടികളുടെ അമ്മ.

തന്റെ വീട് എന്നും പ്രതികളുടെ നിരീക്ഷണത്തിലായിരുന്നെന്നും തങ്ങളത് അറിയാതെ പോയെന്നുമാണ് അവർ പറയുന്നത്. താനും ഭർത്താവും കൂലിപ്പണിക്കു പോയി വീട്ടിൽ ആളൊഴിഞ്ഞു കുട്ടികൾ തനിച്ചാകുന്നതു പ്രതികൾ പരസ്പരം അറിയിച്ചിരിക്കണമെന്ന് അമ്മ സംശയിക്കുന്നു.

പ്രതികളിൽ അടുത്ത ബന്ധുവായ ഒരാൾ മൂത്തമകളെ തങ്ങളുടെ പണി തീരാത്ത വീട്ടിൽവച്ചു ശാരീരികമായി പീഡിപ്പിച്ചതു തന്റെ ഭർത്താവു കണ്ടിരുന്നു. പക്ഷാഘാതം പോലെ വന്നു വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന് അയാളെ ഒന്നും ചെയ്യാനായില്ലെങ്കിലും ബഹളം വച്ചപ്പോൾ ഓടിമറഞ്ഞു. ഈ വിവരം അറിഞ്ഞ താൻ അയാളെ ഫോണിൽ വിളിച്ചു വഴക്കുണ്ടാക്കി.

പിന്നീടു വീട്ടിൽ വന്നപ്പോൾ തല്ലിയിറക്കിവിട്ടു. പിന്നീട് ഒരു മാസം തികയും മുൻപാണു മൂത്തമകളെ മരിച്ച നിലയിൽ കണ്ടത്. മകൾക്കു ചീത്തപ്പേരുണ്ടാകുമെന്നു ഭയന്നും പ്രതിയുടെ കുടുംബത്തോടുള്ള തങ്ങളുടെ അടുത്ത ബന്ധം ആലോചിച്ചുമാണു പൊലീസിൽ പരാതി നൽകാതിരുന്നത്. ആ തീരുമാനത്തിനു കൊടുക്കേണ്ടിവന്ന വില മക്കളുടെ ജീവനാണെന്ന് അമ്മ അടക്കാനാകാത്ത വിഷമത്തോടെ പറയുന്നു.

‘പൊലീസിൽ എനിക്ക് വിശ്വാസമില്ല. അവർ ശ്രമിച്ചതു എന്റെ മക്കളുടെ ഘാതകരെ രക്ഷിക്കാനാണ്. പ്രതിയെ കസ്റ്റഡിയിൽ എടുത്ത ദിവസം തന്നെ വിട്ടയച്ചു. ഞങ്ങളുടെ മൊഴി രേഖപ്പെടുത്തിയത് ആരും വായിച്ചുകേൾപ്പിച്ചതു പോലുമില്ല.’

പ്രോസിക്യൂട്ടർ ആദ്യം മുതലേ അലംഭാവം കാട്ടിയെന്ന് അവർ വിശ്വസിക്കുന്നു. കേസ് സിബിഐ ഏറ്റെടുത്താലേ സത്യസന്ധമായ അന്വേഷണം നടക്കൂ എന്നാണ് അച്ഛനമ്മമാരുടെ അഭിപ്രായം.

‘വിധി വന്നതോടെ എല്ലാവരും എന്റെ മക്കൾക്കു വേണ്ടി സംസാരിക്കുന്നുണ്ട്. നന്നായി അന്വേഷണം നടന്നാൽ പ്രതികൾ കുടുങ്ങും.  അതിനു മുൻപു ഞങ്ങളെക്കൂടി ഇല്ലാതാക്കാൻ അവർ ശ്രമിച്ചേക്കാം. അങ്ങനെ സംഭവിച്ചാലും സാരമില്ല. എന്റെ മക്കൾക്ക് ഇനിയെങ്കിലും നീതി ലഭിക്കണം. അതു കിട്ടും വരെ ഞാൻ പിന്നോട്ടില്ല’– കണ്ണീരിനിടയിലും കരുത്തു ചോരാതെ അമ്മ പറ‍ഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com