ADVERTISEMENT

തൃശൂർ ∙ അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ മണിവാസകം ഒഴികെയുള്ളവർക്കു വെടിയേറ്റതു പിന്നിൽ നിന്നാണെന്നു ഫൊറൻസിക് സംഘം പൊലീസിനെ അറിയിച്ചു. മണിവാസകത്തിന്റെ ഇരുകാലുകളും ഒടിഞ്ഞ നിലയിലാണെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പൊലീസിനു മൊഴി നൽകി.

നേരിട്ടുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായതു മണിവാസകത്തിന്റെ ശരീരത്തിൽ മാത്രമാണ്. കാർത്തി, അരവിന്ദ്, രമ എന്നിവരുടെ പിൻഭാഗത്തു നിന്നാണു വെടിയുണ്ടകൾ തുളച്ചു കയറിയിട്ടുള്ളത്.

മണിവാസകത്തിന്റെ കാലുകൾ ഒടിഞ്ഞതു വീഴ്ചയിലാണോ ബലപ്രയോഗം കൊണ്ടാണോ എന്നു വ്യക്തമല്ല. വീഴ്ചയുടെ ലക്ഷണങ്ങൾ ശരീരത്തിലില്ല. കാലുകളിൽ വെടിയേറ്റിട്ടുമില്ല. മരണത്തിനു തൊട്ടുമുൻപു കഴിച്ച ഭക്ഷണത്തിന്റെ ദഹിക്കാത്ത അംശം രമയുടെ വയറ്റിൽ നിന്നു കണ്ടെത്തിയിട്ടുണ്ട്. 

കൊല്ലപ്പെട്ടവരിൽ രമ മാത്രമാണു വെടിക്കോപ്പുകളും ആയുധങ്ങളും സൂക്ഷിക്കാൻ സൗകര്യത്തിന് അറകളുള്ള വസ്ത്രം ധരിച്ചിരുന്നത്. മറ്റു 3 പേരും സാധാരണ പാന്റ്സും ഷർട്ടുമാണു ധരിച്ചിരുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്ഥലം സന്ദർശിച്ച വി.കെ. ശ്രീകണ്ഠൻ എംപി തുടങ്ങിയവർ ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ഫൊറൻസിക് സംഘത്തിന്റെ മൊഴി പുറത്തു വന്നത്. പ്രാഥമിക വിവരങ്ങളാണ് ഇന്നലെ കൈമാറിയത്. അന്തിമ റിപ്പോർട്ട് നാളെ നൽകും.

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com