മഞ്ചാടിയിൽ മാത്യു വധക്കേസിലും ജോളി അറസ്റ്റിൽ; മദ്യത്തിൽ സയനൈഡ് കലർത്തി നൽകി

HIGHLIGHTS
  • അറസ്റ്റിലാകുന്നത് നാലാമത്തെ വധക്കേസിൽ
  • ബുധനാഴ്ച ജോളിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് നീക്കം
mathew-manchadiyil-jolly
മാത്യൂ മഞ്ചാടിയിൽ, ജോളി
SHARE

കോഴിക്കോട്∙  കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലും മുഖ്യപ്രതി ജോളി ജോസഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി.  ജോളിയുടെ ഭർതൃമാതാവ് അന്നമ്മ തോമസിന്റെ സഹോദരനായ മഞ്ചാടിയിൽ മാത്യുവിനെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ കൊയിലാണ്ടി എസ്എച്ച്ഒ ഇൻസ്പെക്ടർ കെ.ഉണ്ണിക്കൃഷ്ണൻ കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഈ കേസിൽ ബുധനാഴ്ച ജോളിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനുള്ള അപേക്ഷ ഇന്നു താമരശ്ശേരി മജിസ്ട്രേട്ട് കോടതിയിൽ നൽകും. കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ മരണമായിരുന്നു ഇത്.

 2014 ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് മാത്യു ദുരൂഹ സാഹചര്യത്തില്‍ തളര്‍ന്നുവീഴുന്നത്. അന്ന് മാത്യുവിന്റെ ഭാര്യ അവരുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. മരണ സമയത്ത് മാത്യു വീട്ടില്‍ തനിച്ചായിരുന്നു. അയല്‍വാസികള്‍ മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്‍ കണ്ടതു വായില്‍നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. ആശുപത്രിയിലെത്തും മുന്‍പ് മാത്യു മരണത്തിനു കീഴടങ്ങി. മാത്യു കുഴഞ്ഞു വീണകാര്യം അയല്‍വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. മാത്യൂ കൊല്ലപ്പെടുന്നതിനു രണ്ടു ദിവസം മുൻപു വരെ പലപ്പോഴായി ഒരുമിച്ചു മദ്യപിച്ചിരുന്നുവെന്ന് തെളിവെടുപ്പിനിടെ ജോളി പറഞ്ഞിരുന്നു.

മദ്യത്തിൽ സയനൈഡ് കലർത്തിയാണു മാത്യുവിനെ കൊലപ്പെടുത്തിയതെന്നു ജോളി അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതി എം.എസ്.മാത്യുവിന്റെ പിതൃസഹോദരൻ കൂടിയാണ് മരിച്ച മഞ്ചാടിയിൽ മാത്യു 

റോയി തോമസ് വധക്കേസിൽ റിമാൻഡിൽ കഴിയുന്ന മൂന്നാം പ്രതി പ്രജികുമാറിനെ സിലി വധക്കേസിലും പ്രതി ചേർത്ത് പൊലീസ് ഇന്നലെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് നൽകി. ഈ കേസിൽ പ്രജികുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. ജോളി ജോസഫിന് എത്തിച്ചു കൊടുത്ത സയനൈഡ് സ്വർണ്ണപ്പണിക്കാരനായ പ്രജികുമാർ നൽകിയതാണന്ന്  രണ്ടാം പ്രതി എം.എസ്.മാത്യു  മൊഴി നൽകിയിരുന്നു. 

ജോളി – ജയശ്രീ ബന്ധം: കലക്ടർക്ക് റിപ്പോർ‌ട്ട് 

ജോളിയുമായി ലാൻഡ് ട്രിബ്യൂണൽ തഹസിൽദാർ ജയശ്രീ എസ്.വാരിയർക്കുള്ള ബന്ധത്തെക്കുറിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് കലക്ടർക്കു നൽകി. വ്യാജ ഒസ്യത്ത് ചമച്ചതിൽ ജയശ്രീ എസ്.വാരിയർക്കു പങ്കുണ്ടോ എന്ന കാര്യം വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ജയശ്രീയും ജോളിയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണെന്നും  ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തിയിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്. 

English summary: Koodathai murder case: Jolly arrested again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA