‘കോപ്പിയടി’ നേതാക്കളെ ഒഴിവാക്കി പിഎസ്‌സി ലിസ്റ്റിൽനിന്ന് നിയമനം

PSC Logo, Naseem, Sivaranjith
SHARE

തിരുവനന്തപുരം ∙ പരീക്ഷാ തട്ടിപ്പിനെ തുടർന്നു മരവിപ്പിച്ചിരുന്ന കാസർകോട് ജില്ലാ ആംഡ് പൊലീസ് ബറ്റാലിയൻ സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയിൽ നിന്ന് ഉടൻ നിയമനം തുടങ്ങും.

യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളായ ആർ. ശിവരഞ്ജിത്, പി.പി. പ്രണവ്, എ.എൻ. നസീം എന്നിവരൊഴികെ ആരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും മൂവരെയും ഒഴിവാക്കി പട്ടികയിൽ നിന്നു നിയമനം നടത്താമെന്നും ക്രൈംബ്രാഞ്ച് എ‍ഡിജിപി ടോമിൻ തച്ചങ്കരി പിഎസ്‌സിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അടുത്ത യോഗം പരിഗണിച്ച്, ആവശ്യമെങ്കിൽ നിയമോപദേശം തേടുമെന്നും 3000 പേർക്ക് ഒരുമിച്ച് അഡ്വൈസ് മെമ്മോ അയയ്ക്കാമെന്നു കരുതുന്നതായും പിഎസ്‌സി ചെയർമാൻ എം.കെ. സക്കീർ അറിയിച്ചു. പിഎസ്‌സി ഉദ്യോഗസ്ഥർക്കു തട്ടിപ്പിൽ പങ്കില്ലെന്നും പറഞ്ഞു.

നിയമനത്തിനു മുൻപ് എല്ലാ ഉദ്യോഗാർഥികളുടെയും പൊലീസ് പരിശോധന ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്. കേസിൽ മൊബൈൽ കമ്പനികളുടെ മറുപടിയും ഇലക്ട്രോണിക് സാമഗ്രികളുടെ ഫൊറൻസിക് ലാബ് റിപ്പോർട്ടും ലഭിച്ചിട്ടില്ല.

ഈ പട്ടികയിൽ നിന്നുളള നിയമനകാര്യത്തിൽ നിയമസഭയിൽ അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. സിബിഐ അന്വേഷണ ആവശ്യം മുഖ്യമന്ത്രി തളളിയതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി.

English Summary: Apointment from psc list excluding people who copied in exam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA