കെപിസിസി പുനഃസംഘടന; ഡൽഹിയിൽ ഇന്നു ചർച്ച

congress-flag
SHARE

ന്യൂഡൽഹി ∙ കെപിസിസി പുനഃസംഘടന സംബന്ധിച്ചു സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് എന്നിവരുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ച നടത്തും. മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി പങ്കെടുക്കില്ല. പ്രവർത്തക സമിതി യോഗത്തിനായി അദ്ദേഹം നാളെ ഉച്ചയ്ക്കേ എത്തൂ. 

സംസ്ഥാനത്തു നിശ്ചയിച്ച ഭാരവാഹി പട്ടികയ്ക്കു ദേശീയ നേതൃത്വത്തിന്റെ അംഗീകാരം നേടിയെടുക്കാൻ ലക്ഷ്യമിട്ടാണു നേതാക്കളെത്തുന്നത്. ഇതിനിടെ, കെപിസിസിയിൽ ജംബോ ഭാരവാഹി സമിതിക്കു രൂപം നൽകാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തി. 

ജംബോ സമിതി പാർട്ടിയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നു സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ. മുരളീധരൻ എംപി ചൂണ്ടിക്കാട്ടി. സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയുടെ തീരുമാനത്തിനു വിരുദ്ധമാണു ജംബോ സമിതി. പുനഃസംഘടന സംബന്ധിച്ച് എംപിമാരുമായി കൂടിയാലോചന നടത്തിയിട്ടില്ല. 

ഗ്രൂപ്പ് പോരിനു വഴിവയ്ക്കുമെന്നതിനാൽ കേരളത്തിൽ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും നിയമസഭാ തിരഞ്ഞെടുപ്പു വരെ താൽക്കാലിക ഭരണസമിതിയെ നിയോഗിക്കണമെന്നും മുരളി ആവശ്യപ്പെട്ടു. സോണിയയെ സന്ദർശിച്ച എഐസിസി ഭാരവാഹി പി.സി. ചാക്കോയും പുനഃസംഘടനയിലുള്ള അതൃപ്തി അറിയിച്ചു. ഗ്രൂപ്പ് വീതംവയ്പാണു സംസ്ഥാനത്തു നടക്കുന്നതെന്നും ഭാരവാഹിത്വത്തിന് മാനദണ്ഡം പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

വാസ്നിക്കുമായി വിഷയം ചർച്ച ചെയ്യാമെന്നു സോണിയ മറുപടി നൽകി. ‘ഒരാൾക്ക് ഒരു പദവി’ എന്ന നയം കർശനമായി പാലിക്കണമെന്നും വലിയ സമിതി ഗുണം ചെയ്യില്ലെന്നും വാസ്നിക്കുമായി നടത്തിയ ചർച്ചയിൽ കെ.വി. തോമസും വ്യക്തമാക്കി.

English summary: KPCC Jumbo committee discussion in Delhi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA