റാഗിങ്: പവർലിഫ്റ്റിങ് ദേശീയ ചാംപ്യന്റെ തോളെല്ല് തകർന്നു

anex-ron-philip
അനെക്സ് റോൺ ഫിലിപ്
SHARE

കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിൽ സീനിയർ വിദ്യാർഥികളും ഹൗസ് സർജൻമാരുമടങ്ങുന്ന 12 അംഗ സംഘത്തിന്റെ മർദനത്തിൽ ദേശീയ പവർലിഫ്റ്റിങ് ചാംപ്യനു ഗുരുതര പരുക്ക്. ‌സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടിയ ഒന്നാം വർഷ വിദ്യാർഥി അനെക്സ് റോൺ ഫിലിപ്പിനാണ് മർദനമേറ്റത്. വലതു കയ്യിന്റെ തോളെല്ലിന് സ്ഥാനഭ്രംശം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനെക്സിന് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

പരിശീലനം മുടങ്ങുന്നതു മൂലം ജനുവരിയിൽ മുംബൈയിൽ നടക്കുന്ന ദേശീയ പവർ ലിഫ്റ്റിങ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അനെക്സ് പറഞ്ഞു. റാഗിങ്ങിന്റെ ഭാഗമായാണ് തന്നെ സീനിയർ വിദ്യാർഥികൾ മർദിച്ചതെന്ന് അനെക്സ് പ്രിൻസിപ്പലിനു നൽകിയ പരാതിയിൽ പറയുന്നു.

ബുധനാഴ്ച രാത്രി 12ന് കോളജ് ഗ്രൗണ്ടിൽ ആർട്സ് ഫെസ്റ്റിവൽ നടക്കുന്നതിനിടയിലായിരുന്നു അനെക്സിനെ സംഘം ചേർന്ന് ആക്രമിച്ചത്. വിദ്യാർഥിയുടെ പരാതി പൊലീസിനു കൈമാറുമെന്നും അന്വേഷണത്തിനായി വകുപ്പു മേധാവികൾ അടങ്ങുന്ന മൂന്നംഗ സമിതിയെ നിയോഗിക്കുമെന്നും വൈസ് പ്രിൻസിപ്പൽ ഡോ.പി. അനിൽകുമാർ അറിയിച്ചു. 2017 ലും 2018 ലും ദേശീയ ചാംപ്യനായിരുന്നു അനെക്സ്. കഴിഞ്ഞ വർഷം ലോക സബ്ജൂനിയർ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ചാം സ്ഥാനം നേടിയിരുന്നു.

English Summary:Power lifting national champion injued while ragging

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA