ആലപ്പുഴ– എറണാകുളം മെമു മാറ്റിയാൽ മറ്റു നാലെണ്ണം കൂടെപ്പോകും; ഒരേ റേക്ക് ലിങ്കിലുളളത് 5 സർവീസ്

three-phase-memu
SHARE

കൊച്ചി∙ ആലപ്പുഴ– എറണാകുളം മെമു മാറ്റി പാസഞ്ചറാക്കാനുളള നീക്കം ഇതേ റേക്ക് ഉപയോഗിച്ചുളള 4 സർവീസുകളിൽനിന്നു കൂടി മെമു പിൻവലിക്കാൻ ഇടയാക്കും. പുലർച്ചെ 3.25നുളള കൊല്ലം– ആലപ്പുഴ, 10.10നുളള എറണാകുളം– കായംകുളം, 1.55ന്റെ കായംകുളം– എറണാകുളം, 3.40ന്റെ എറണാകുളം– കൊല്ലം എന്നീ മെമു സർവീസുകളാണു പാസഞ്ചറാകുക. ഈ റേക്ക് ലിങ്കിലുളള 5 സർവീസുകളിൽ ഒന്നാണ് രാവിലെ 7.20ന് ആലപ്പുഴയിൽ നിന്നു പുറപ്പെട്ട് 9ന് എറണാകുളത്ത് എത്തുന്ന മെമു.

ഒരു സർവീസിന്റെ മാത്രമായി കോച്ചുകൾ മാറ്റാൻ കഴിയില്ല. പാസഞ്ചറാക്കുമ്പോൾ നിലവിലെ പ്രശ്നങ്ങൾക്കു താൽക്കാലിക പരിഹാരമാകുമെങ്കിലും ഭാവിയിൽ ദോഷം ചെയ്യും. ഹ്രസ്വദൂര യാത്രയ്ക്കു വേഗം കൂടിയ മെമു ട്രെയിനുകൾ മതിയെന്നാണു നയം. പരമ്പരാഗത കോച്ചുകളുടെ നിർമാണം റെയിൽവേ നിർത്തിയതിനാൽ പഴകിയ പാസഞ്ചർ കോച്ചുകളാകും അവശേഷിക്കുക. പാസഞ്ചറിനെക്കാൾ ഇരട്ടിയിലേറെ യാത്രക്കാരെ ഉൾക്കൊളളാൻ കഴിയുന്നതാണ് മെമു. എന്നാൽ, ഇക്കാര്യം മനസ്സിലാക്കാതെയാണ് 16 കോച്ചിന്റെ പാസഞ്ചറിനു തുല്യം 16 കോച്ചുളള മെമു വേണമെന്ന ആവശ്യം ചിലർ ഉയർത്തിയതെന്ന് ആക്ഷേപമുണ്ട്.

കേരളത്തിനു ലഭിച്ച പുതിയ ത്രീ ഫേസ് മെമുവിൽ 8 കോച്ചുകളാണ്. ഇതിൽ 2,402 പേർക്കു യാത്ര ചെയ്യാം– 614 പേർക്ക് ഇരുന്നും 1,788 പേർക്കു നിന്നും. 12 കോച്ചുളള ത്രീ ഫേസ് മെമു ഓടിക്കാൻ ഡിവിഷനു സാങ്കേതിക അനുമതിയില്ല. അനുമതി ലഭിച്ചാൽ 12 കോച്ചുളള മെമുവിൽ മൂവായിരത്തിലധികം പേർക്കു യാത്ര ചെയ്യാനാകും. ഇതിനായി എംപിമാർ സമ്മർദം ശക്തമാക്കണമെന്ന് യാത്രക്കാർ പറയുന്നു. ഇപ്പോൾ പിൻവലിക്കുന്ന മെമു കേരളത്തിൽ തന്നെ സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. മലബാർ മേഖലയിൽ വൈദ്യുതീകരണം പൂർത്തിയാക്കി 3 കൊല്ലം കഴി‍ഞ്ഞിട്ടും മെമു സർവീസുകളില്ല.

മെമു ഷെഡ് വികസനം: കാശില്ല കൊല്ലം മെമു ഷെഡിൽ 16 കോച്ചുകളുടെ അറ്റകുറ്റപ്പണിക്കു സൗകര്യമില്ല. 8 കോച്ചുകൾ മാത്രം നിർത്താനുളള പിറ്റ്‌ലൈനിന്റെ നീളം കൂട്ടാൻ 20 കോടി രൂപ പദ്ധതിയുടെ ശുപാർശ ഡിവിഷൻ 3 വർഷമായി ബോർഡിലേക്ക് അയയ്ക്കുന്നുണ്ടെങ്കിലും അനുമതി ലഭിച്ചില്ല. എംപിമാരുടെ ഇടപെടൽ ഷെഡ് വികസനത്തിനും അനുബന്ധ സൗകര്യങ്ങൾക്കും വഴിതുറക്കുമോ എന്നാണു ഡിവിഷൻ ഉറ്റുനോക്കുന്നത്. ബോർഡ് ഉത്തരവിട്ടാൽ കാര്യങ്ങൾ വേഗത്തിലാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA