ADVERTISEMENT

കണ്ണൂർ ∙ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പു കഴിയുന്നതോടെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിക്ക് ഇവിടെ നിന്നു കിട്ടുക 10 കോടിയിലേറെ രൂപ! ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെട്ടു നിർജീവമായ സംഘടനയ്ക്കു ബംപർ ലോട്ടറിയാവുകയാണു കേരളത്തിലെ തിരഞ്ഞെടുപ്പ്.  രണ്ടു ഗ്രൂപ്പുകൾ മാത്രം സ്ഥാനാർഥികളെ നിർത്തിയാൽ പോലും സ്ഥാനാർഥിത്വ ഫീസിനത്തിൽ ലഭിക്കുന്ന തുക ഇങ്ങനെ: 942 പഞ്ചായത്ത് മണ്ഡലം കമ്മിറ്റികൾ – 1.22 കോടി രൂപ, 140 നിയോജകമണ്ഡലം കമ്മിറ്റികൾ – 54 ലക്ഷം രൂപ, 14 ജില്ലാ കമ്മിറ്റികൾ – 10,08,000 രൂപ, സംസ്ഥാന കമ്മിറ്റി– 1.84 ലക്ഷം രൂപ. 

ഇതിനു പുറമേയാണ് അംഗത്വ ക്യാംെപയ്ൻ വഴി ലഭിക്കുന്ന കോടികൾ. കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പുണ്ടാകുമെന്നു പറഞ്ഞ് അംഗങ്ങളെ ചേർത്തപ്പോൾ 6 കോടി രൂപയാണു ദേശീയ കമ്മിറ്റിക്കു കേരളത്തിൽ നിന്നു ലഭിച്ചത്. കഴിഞ്ഞ തവണ 100 രൂപയായിരുന്നു അംഗത്വ ഫീസെങ്കിൽ ഇത്തവണ 140 രൂപയാണ്. കഴിഞ്ഞ വർഷത്തെപ്പോലെ 6 ലക്ഷം അംഗങ്ങളെ ചേർക്കാനായാൽ 8.4 കോടി രൂപ ആ വകയിലും ലഭിക്കും. അംഗത്വ ക്യാംപെയ്ൻ ഇന്ന് അവസാനിക്കുമ്പോൾ ആകെത്തുക അറിയാം.

സംസ്ഥാന കമ്മിറ്റിയിലേക്കു ചാടിക്കയറി മത്സരിക്കാനാകില്ല. സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവർക്കായി നാളെയും മറ്റന്നാളും കൊച്ചിയിൽ സ്ക്രീനിങ് ടെസ്റ്റുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ആർ.രവീന്ദ്രദാസ്, സെക്രട്ടറി ബണ്ടി ഷെൽക്കേ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ് എന്നിവരുൾപ്പെടുന്നതാണു സ്ക്രീനിങ് കമ്മിറ്റി. 16 മുതൽ 21 വരെ നാമനിർദേശ പത്രിക നൽകാം. ഡിസംബർ 4 മുതൽ 7 വരെ പോളിങ്. 8 നു ഫലപ്രഖ്യാപനം.

750 മുതൽ 7500 വരെ

പ്രസിഡന്റ്, 4 വൈസ് പ്രസിഡന്റ്, 11 ജനറൽ സെക്രട്ടറിമാർ എന്നിവരുൾപ്പെടുന്നതാണു ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും. ഇതിൽ 2 വൈസ് പ്രസിഡന്റും 6 ജനറൽ സെക്രട്ടറിമാരും സംവരണ സീറ്റാണ്. ജില്ലാ കമ്മിറ്റിയിൽ ജനറൽ സീറ്റിലേക്കു 3000 രൂപയും സംവരണ സീറ്റിലേക്ക് 1500 രൂപയുമാണു സ്ഥാനാർഥിത്വ ഫീസ്. സംസ്ഥാന കമ്മിറ്റിയിൽ ജനറൽ സീറ്റിലേക്ക് 7500 രൂപ, സംവരണ സീറ്റിലേക്കു 4000 രൂപ. 15 സീറ്റുള്ള നിയോജക മണ്ഡലം കമ്മിറ്റിയിലേക്ക് ജനറൽ സീറ്റിന് 1500 രൂപ, സംവരണ സീറ്റിന് 1000 രൂപ. 10 സീറ്റുള്ള പഞ്ചായത്ത് മണ്ഡലം കമ്മിറ്റിയിൽ യഥാക്രമം 750, 500 രൂപ.

English Summary: Youth Congress will get a huge amount of money from kerala elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com