ADVERTISEMENT

ന്യൂഡൽഹി ∙ കെപിസിസിയിൽ 4 വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കുന്നത് പരിഗണനയിൽ. നിലവിലുള്ള കൊടിക്കുന്നിൽ സുരേഷ്, കെ. സുധാകരൻ എന്നിവർക്കു പുറമേ ഐ ഗ്രൂപ്പ് വി.ഡി. സതീശന്റെയും എ ഗ്രൂപ്പ് തമ്പാനൂർ രവിയുടെയും പേരു നിർദേശിച്ചതായാണു സൂചന.

കഴിഞ്ഞ വർഷം എം.ഐ. ഷാനവാസ് ഉൾപ്പെടെ 3 വർക്കിങ് പ്രസിഡന്റുമാരെ നിയമിച്ചിരുന്നു. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവ് നികത്തുന്നതിനു പുറമേ ഒരാളെ കൂടി നിയമിക്കാനാണ് ആലോചന. ഏക ട്രഷറർ സ്ഥാനത്തേക്കു സി.പി. മുഹമ്മദ്, കെ.കെ. കൊച്ചുമുഹമ്മദ് എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്.

ഇവർക്കു പുറമേ വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, സെക്രട്ടറിമാർ എന്നിവരുടെ പേരുകൾ കൂടി ഉൾപ്പെടുത്തിയ പട്ടിക കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനു കൈമാറി. സെക്രട്ടറിമാരുടെ പ്രഖ്യാപനം തൽക്കാലം മാറ്റിവച്ച് ബാക്കി പട്ടിക ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നതിന്റെ സാധ്യത പാർട്ടി നേതൃത്വം പരിശോധിക്കുന്നുണ്ട്. സെക്രട്ടറിമാരുടെ പട്ടികയിൽ വനിതകൾ, യുവാക്കൾ എന്നിവർക്കു മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനു കൂടുതൽ ചർച്ചകൾ നടന്നേക്കും.

10– 12 വൈസ് പ്രസിഡന്റുമാർ, 30– 35 ജനറൽ സെക്രട്ടറിമാർ, 60 സെക്രട്ടറിമാർ എന്നിങ്ങനെയാണ് പരിഗണിക്കുന്നത്. ജംബോ കമ്മിറ്റിയിൽ അതൃപ്തി അറിയിച്ച് ഏതാനും നേതാക്കൾ അടുത്തിടെ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയെ കണ്ടിരുന്നു. ഗ്രൂപ്പുകൾക്കു പുറമേ മുതിർന്ന നേതാക്കളായ കെ. മുരളീധരൻ, വി.എം. സുധീരൻ എന്നിവരും സ്വന്തം നിലയിൽ പട്ടിക കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ തങ്ങിയ മുല്ലപ്പള്ളിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സോണിയ, ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയും ഇന്നലെ ഡൽഹിയിലെത്തി. പട്ടിക സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം സോണിയയ്ക്കു വിട്ടു. രാഹുൽ ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമാകും പട്ടികയ്ക്കു സോണിയ അംഗീകാരം നൽകുക.

ഇതിനിടെ, തങ്ങൾക്ക് മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചു. വാസ്നിക്കുമായി കൂടിക്കാഴ്ച നടത്തി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com