വൈദ്യുതി ചാർജ് കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി അടുത്ത ഫെബ്രുവരി 29 വരെ

kseb-logo
SHARE

തിരുവനന്തപുരം ∙ 2 വർഷത്തിൽ കൂടുതലായുള്ള വൈദ്യുതി ചാർജ് കുടിശിക അടച്ചു തീർക്കുന്നതിനു വൈദ്യുതി ബോർഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യു റിക്കവറി നേരിടുന്ന ഉപയോക്താക്കൾക്കും കോടതികളിൽ കേസ് നിലനിൽക്കുന്ന ഉപയോക്താക്കൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനധികൃത വൈദ്യുതി ഉപയോഗത്തിനു നടപടി നേരിടുന്നവർക്കും അപേക്ഷ നൽകാം.  

മുൻപ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവർക്കും വൈദ്യുതി മോഷണക്കുറ്റത്തിൽ നടപടി നേരിടുന്നവർക്കും ഈ പദ്ധതിയിലെ വ്യവസ്ഥകൾ  ബാധകമല്ല.  

കഴിഞ്ഞ ഒന്നാം തീയതി മുതൽ അടുത്ത ഫെബ്രുവരി 29 വരെയാണു പദ്ധതിയുടെ കാലാവധി. 2 മുതൽ 5 വർഷം വരെയുള്ള കുടിശികകൾക്ക് നിലവിലെ 18% പലിശയ്ക്കു പകരം  8.31% നൽകിയാൽ മതിയാകും. 5 വർഷത്തിൽ കൂടുതലുള്ള കുടിശികയ്ക്ക്  6% പലിശ. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവർക്ക് പലിശ തുകയിൻമേൽ 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും.

സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ ചില പ്രത്യേക ഉപയോക്താക്കൾക്കു കുടിശിക അടയ്ക്കുന്നതിന് 12% പലിശ നിരക്കിൽ മുതൽത്തുകയ്ക്കും തവണകൾ  അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്ഷനുകൾക്കു പരമാവധി 6 മാസത്തെ ഡിമാൻഡ് ചാർജ് / ഫിക്സഡ് ചാർജ് നൽകിയാൽ മതി. അടച്ചുപൂട്ടിയ വ്യവസായശാലകൾക്കും തോട്ടങ്ങൾക്കും ഈ വ്യവസ്ഥ  ബാധകം.

അർഹരായ ഉപയോക്താക്കൾക്കു പ്രത്യേക സാഹചര്യത്തിൽ മുതലിലും കുറവു നൽകും. ഇതിനുള്ള അധികാരം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ  ജില്ലാതല കമ്മിറ്റിയിൽ നിക്ഷിപ്തമാണ്. എൽടി ഉപയോക്താക്കൾ സെക്‌ഷൻ ഓഫിസിലും എച്ച്ടി/ഇഎച്ച്ടി ഉപയോക്താക്കൾ സ്പെഷൽ ഓഫിസർ റവന്യുവിന്റെ ഓഫിസിലും അടുത്ത ഫെബ്രുവരി ഒന്നിനു മുൻപായി അപേക്ഷ നൽകണം.

കർഷക കടാശ്വാസം: അപേക്ഷ ഡിസംബർ 31വരെ നൽകാം

തിരുവനന്തപുരം∙ കർഷക കടാശ്വാസത്തിന് അപേക്ഷിക്കാനുള്ള സമയം ഡിസംബർ 31 വരെ നീട്ടിയതായി മന്ത്രി വി. എസ്.സുനിൽകുമാർ നിയമസഭയിൽ അറിയിച്ചു. തീയതി ഇന്നലെ അവസാനിക്കാനിരിക്കെ രേഖകൾ ലഭിക്കാനും മറ്റുമുള്ള താമസം കാരണം അപേക്ഷിക്കാൻ കഴിയാതെ പോയവർക്കു വീണ്ടും അവസരം നൽകണമെന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണു നടപടി.  

കർഷക കടാശ്വാസ പരിധി 2 ലക്ഷം രൂപയായി സർക്കാർ ഉയർത്തിയിരുന്നു. അതിനു മുൻപ് 50,000 മുതൽ ഒരു ലക്ഷം രൂപ വരെയായിരുന്നു പരിധി. ഇടുക്കി, വയനാട് ജില്ലകളിലെ 2018 ഓഗസ്റ്റ് 31 വരെയുള്ള കടങ്ങൾ കടാശ്വാസ പരിധിയിൽ വരും. മറ്റു ജില്ലകളിൽ 2014 ഡിസംബർ 31 വരെയുള്ള കടങ്ങളാണ് ഈ പരിധിയിലുണ്ടായിരുന്നത്. 

കമ്മിഷനിൽ അപേക്ഷ നൽകുന്ന കർഷകരെയും ബന്ധപ്പെട്ട ബാങ്ക് അധികൃതരെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തും. പണം തിരിച്ചടയ്ക്കാൻ വയ്യാത്ത അവസ്ഥയാണെന്നു ബോധ്യമായാൽ 2 ലക്ഷം രൂപ വരെ അനുവദിക്കാം. ഈ തുക കൃഷിക്കാരനു വേണ്ടി ബാങ്കുകൾക്കു സർക്കാർ നൽകും. ഫോൺ 0471–2743782, 2743783.

English Summary: Electricity charge pending

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ