ADVERTISEMENT

ചെന്നൈ ∙ മദ്രാസ് ഐഐടി മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറി. മരണത്തിനു കാരണക്കാരനെന്ന് ഫാ‌ത്തിമ കു‌‌റ്റപ്പെടുത്തിയ അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. സംഭവത്തിനു ശേഷം ഇദ്ദേഹം അവധിയിലാണ്.

ചെ‌‌ന്നൈ സിറ്റി പൊ‌ലീസ് കമ്മിഷണർ എ.കെ.വിശ്വനാഥൻ ഐഐടി‌യിലെത്തി ‌പ്രാഥമിക അ‌‌‌‌ന്വേഷണം നടത്തിയ ശേഷമാണ് പ്രഖ്യാപനം നടത്തിയത്. വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കുകയും അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം. കെ. സ്റ്റാലിൻ, സിപിഎം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ എന്നിവർ രംഗത്തു വരികയും ചെയ്തിരുന്നു.

തമിഴ്നാട് പൊലീസിന്റെ ‌കുറ്റാന്വേഷണ വിഭാഗമായ സെൻട്രൽ ക്രൈംബ്രാഞ്ച് അഡീഷനൽ കമ്മിഷണർ ഈശ്വരമൂർത്തിയുടെ മേൽനോട്ടത്തിൽ അഡീഷനൽ ‍ഡപ്യൂട്ടി കമ്മിഷണർ മെഗലിനയുടെ നേതൃത്വത്തിൽ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കോട്ടൂർപുരം പൊ‌ലീസായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചത്. ഐഐടിയിൽ രണ്ടു മണിക്കൂറോളം ചെലവഴിച്ച വിശ്വനാഥൻ ഡയറക്ടർ, പ്രഫസർമാർ എന്നിവരിൽ നിന്നു കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു.

ഐഐടിയിലെ ഒന്നാം വർഷ ഇന്റഗ്രേറ്റ‍ഡ് എംഎ വിദ്യാർഥിനി കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് (18) വെള്ളിയാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടത്. അധ്യാപകരും സഹപാഠികളുമുൾപ്പെടെ ഇതുവരെ 24 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.

മറ്റു 2 അധ്യാപകരിൽനിന്നു പൊലീസ് നേരത്തെ മൊഴിയെടുത്തിരുന്നു. ഫാ‌ത്തിമയുടെ മൊബൈൽ ഫോണിലെ വിവ‌രങ്ങൾ പരി‌ശോധിക്കുന്നതിനു സൈബർ സെല്ലിന്റെ സഹായം തേടും. ഫാത്തിമ മരിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കാത്തതിനെതിരെ ചെന്നൈയിലെ മലയാളി സംഘടനകളും രാഷ്ട്രീയ നേതൃത്വവും പ്രതിഷേധം ശക്തമാക്കിയിരുന്നു.

English Summary: Fathima death; teacher to be questioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com