ADVERTISEMENT

തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പു വിജയത്തിന്റെ മധുരം മായും മുൻപേ ഉദ്ഘാടന പരിപാടിയിൽ നിന്നു പാർട്ടി വെട്ടി നിരത്തിയെന്ന വാർത്തകൾ തള്ളി വട്ടിയൂർക്കാവ് എംഎൽഎ വി.കെ.പ്രശാന്ത്. ആര്‍എസ്എസ് ഡിവൈഎഫ്ഐ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച മണ്ഡല പര്യടനം കാരണമാണ് ഉദ്ഘാടന ചടങ്ങിൽ നിന്ന് മാറേണ്ടതായി വന്നത്. സഹകരണ യൂണിയൻ വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനത്തേക്കാൾ പ്രധാനം പാര്‍ട്ടി പരിപാടിയാണെന്നാണ് എളിയ അഭിപ്രായമെന്നും അത് തന്നെയാണ് പാര്‍ട്ടിയുടേയും അഭിപ്രായമെന്നും വി.കെ. പ്രശാന്ത് ഫെയ്സ്‌ബുക് കുറിപ്പിൽ വിശദീകരിച്ചു.

തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയന്റെ സഹകരണ വാരാഘോഷ ചടങ്ങിൽ ആദ്യം നിശ്ചയിച്ച വി.കെ.പ്രശാന്ത് എംഎൽഎയെ മാറ്റി കാട്ടാക്കട എംഎൽ‌എ ഐ.ബി.സതീഷിനെ ഉദ്ഘാടകനാക്കിയതാണ് വാർത്തകൾക്ക് ഇടയാക്കിയത്. സഹകരണ വാരാഘോഷത്തിന്റെ താലൂക്കുതല സമ്മേളനം സതീഷാണ് ഉദ്ഘാടനം ചെയ്തത്.

സിപിഎമ്മിനു മേൽക്കൈയുള്ള സർക്കിൾ സഹകരണ യൂണിയനിൽ അവസാനനിമിഷം ഉദ്ഘാടകനെ മാറ്റാൻ കാരണം പാർട്ടി ജില്ലാ നേതൃത്വത്തിന്റെ ഇടപടലെന്നായിരുന്നു വാർത്ത. വി.കെ.പ്രശാന്തിനെ ഉദ്ഘാടകനാക്കി ആദ്യം നോട്ടിസുകൾ അച്ചടിച്ചു വിതരണം ചെയ്തിരുന്നു. സതീഷ് ഉദ്ഘാടകനായതോടെ ഏതാനും നോട്ടിസുകൾ മാറ്റി അച്ചടിച്ചു. രണ്ടു നോട്ടിസുകളുടെയും മുൻ പേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സിപിഎമ്മിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും നേതാവായ കോലിയക്കോട് കൃഷ്ണൻനായർ എന്നിവരുടെ ചിത്രങ്ങളുണ്ടായിരുന്നു. ഇവർക്കൊപ്പമുള്ള ഉദ്ഘാടകരുടെ ചിത്രങ്ങൾക്കല്ലാതെ ഉൾപ്പേജിലെ കാര്യപരിപാടിക്കും പ്രസംഗകർക്കും നോട്ടിസുകളിൽ മാറ്റമില്ലായിരുന്നു. ഉദ്ഘാടനച്ചടങ്ങിനു ശേഷം, ‘സഹകാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ’ പ്രബന്ധ അവതരണവും ചർച്ചയും നടത്തിയാണു പരിപാടി സമാപിച്ചത്.

തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയനിലെ ഉൾപ്പോരും രണ്ടു തരം നോട്ടിസുകളും സിപിഎം പ്രവർത്തകരെയും സഹകാരികളെയും ആശയക്കുഴപ്പത്തിലാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഭരിക്കുന്ന സഹകരണ വകുപ്പിലാണു നടപടികളെന്നതും ചർച്ചയായി ഇതോടെയാണ് വി.കെ.പ്രശാന്ത് എംഎൽഎയ്ക്കു മണ്ഡലപര്യടനം നിശ്ചയിച്ചതിനാലാണു മറ്റൊരു ഉദ്ഘാടകനെ കണ്ടെത്തിയെന്ന വിശദീകരണം വന്നത്.

English Summary: VK Prasanth clarification on the controversy regarding removal from inauguration program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com