sections
MORE

ജോളിയെ കട്ടപ്പനയിൽ എത്തിച്ച് തെളിവെടുത്തു

jolly-kattappana
കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫിനെ തെളിവെടുപ്പിനായി കട്ടപ്പന ഏഴാം മൈലിന് സമീപം മത്തായിപ്പടിയിലുള്ള പഴയ തറവാടു വീട്ടിൽ എത്തിച്ചപ്പോൾ.
SHARE

കട്ടപ്പന ∙ താമരശ്ശേരി കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിനെ കട്ടപ്പനയിൽ എത്തിച്ചു തെളിവെടുത്തതോടെ നിർണായക വിവരങ്ങൾ സ്ഥിരീകരിച്ചു പൊലീസ്. ആദ്യ ഭർത്താവ് റോയ് തോമസിന്റെ അമ്മ അന്നമ്മ തോമസിന്റെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സിഐ കെ.കെ.ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു ജോളിയെ തെളിവെടുപ്പിനായി കട്ടപ്പനയിൽ എത്തിച്ചത്. 

കാമാക്ഷി പഞ്ചായത്തിലെ എഴാം മൈൽ മത്തായിപ്പടിയിൽ ജോളിയും കുടുംബവും മുൻപു താമസിച്ചിരുന്ന വീട്ടിലും മാതാപിതാക്കൾ ഇപ്പോൾ താമസിക്കുന്ന കട്ടപ്പന വലിയകണ്ടത്തെ വീട്ടിലുമാണു തെളിവെടുപ്പ് നടത്തിയത്. മത്തായിപ്പടിയിലെ വീട്ടിൽ വർഷങ്ങൾക്കു മുൻപ് ഡോബർമാൻ ഇനത്തിൽപെട്ട നായയെ വളർത്തിയിരുന്നു. നായ രോഗബാധിതനായതോടെ അതിനെ കൊല്ലാൻ വീട്ടുകാർ തീരുമാനിച്ചു. 

അതിനായി ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയത്. നിരോധിക്കപ്പെട്ട ഈ വിഷമാണ് അന്നമ്മയെ കൊലപ്പെടുത്താൻ ജോളി ഉപയോഗിച്ചത്. അതിനായി ജോളി വിഷം വാങ്ങിയ കോഴിക്കോട്ടെ സ്ഥാപനം അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി കോഴിക്കോടു നിന്നു ജോളിയുമായി പുറപ്പെട്ട അന്വേഷണ സംഘം ഇന്നലെ രാവിലെ 7നാണു കട്ടപ്പനയിൽ എത്തിയത്. 

തുടർന്ന് 10.15ന് മത്തായിപ്പടിയിലെ വീട്ടിൽ എത്തിച്ചു. വീട് പൂട്ടിയിരുന്നതിനാൽ അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല. നാട്ടുകാരിൽ നിന്നു വിവരങ്ങൾ ശേഖരിച്ച അന്വേഷണ സംഘം ഒരു മണിക്കൂറിനുശേഷം വലിയകണ്ടത്തെ വീട്ടിലേക്കു പുറപ്പെട്ടു. അവിടെ 10 മിനിറ്റോളം ചെലവഴിച്ച ശേഷം ജോളിയെ സ്‌റ്റേഷനിലേക്കു മാറ്റി. 

പിന്നീട് അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ കുടുംബാംഗങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിച്ചശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെ മടങ്ങി. പേരാമ്പ്ര സിഐയ്ക്കു പുറമേ വനിതാ സെൽ എസ്‌ഐ പത്മിനി, കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്‌മോഹൻ, സിഐ വി.എസ്.അനിൽകുമാർ, അന്വേഷണ സംഘത്തിൽപെട്ട എഎസ്‌ഐമാരായ സുജിത്ത്, അജയൻ, രഞ്ജിത്ത്, സീനിയർ സിപിഒമാരായ രാജേഷ്, റിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

കൂടത്തായി കൊലപാതക പരമ്പര: കൂടുതൽ അറസ്റ്റിനു സാധ്യത

താമരശ്ശേരി∙ കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണം അന്തിമഘട്ടത്തിലേക്കു കടന്നതോടെ കുടുതൽ അറസ്റ്റ് ഉടനുണ്ടാവുമെന്ന്  സൂചന. ആരോപണ വിധേയനായ കൂടത്തായിയിലെ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവിന്  ഒസ്യത്ത് ഉൾപ്പെടെയുള്ള വ്യാജരേഖകൾ നിർമിച്ചതിനെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചും അറിവുണ്ടെന്ന്  ജോളി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിട്ടുണ്ട്.

ഇമ്പിച്ചിമോയി, ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസൺ, ജോളിയുടെ ഭർത്താവ് ഷാജു, പിതാവ് സക്കറിയാസ് എന്നിവർ കാര്യങ്ങൾ നേരത്തേ  അറിഞ്ഞിരുന്നെങ്കിലും പൊലീസിനോട് മറച്ചുവച്ചതാണെന്നാണ് ജോളിയുടെ മൊഴിയിൽ നിന്നു  പൊലീസിന്റെ നിഗമനം.   

2008ൽ ടോം തോമസ് മരിക്കുമ്പോൾ ഉണ്ടാക്കിയ ആദ്യ ഒസ്യത്ത് ജോളി കട്ടപ്പനയിൽ കൊണ്ടുപോയി ബന്ധുക്കളോടൊപ്പം വക്കീലിനെ കാണിച്ചപ്പോൾ നിയമസാധുതയില്ലെന്നു പറഞ്ഞതിനെത്തുടർന്നാണ്  കഴിഞ്ഞ ദിവസം അറസ്റ്റിലായ സിപിഎം മുൻ ലോക്കൽ  സെക്രട്ടറി ഉൾപ്പെടെയുള്ളവരെ കൂട്ടുപിടിച്ച് പുതിയ ഒസ്യത്ത് ഉണ്ടാക്കിയത്.

ജോളിയുടെ പിതാവ്, സഹോദരൻ, സഹോദരീ ഭർത്താവ് എന്നിവർക്കും അങ്ങനെ വ്യാജ ഒസ്യത്തുമായി ബന്ധമുണ്ടെന്നതിന്റെ  അടിസ്ഥാനത്തിൽ കൂടിയാണ്  ഇന്നലെ ജോളിയെ പ്രധാനമായും  കട്ടപ്പനയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോയത്. ഒരു വരുമാനവുമില്ലാത്ത ജോളിയുടെ അക്കൗണ്ടിൽ കൂടി ലക്ഷക്കണക്കിനു രൂപയുടെ പണം ഇടപാടു നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിനു മുൻപ് സൃഹൃത്തിനോടൊപ്പം സ്ഥലം വിടാനും  ജോളി പദ്ധതിയിട്ടിരുന്നത്രേ. 

മനോജ് കുമാറിനെ റിമാൻഡ് ചെയ്തു

താമരശ്ശേരി∙ കൂടത്തായി കൊലപതകക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫിന് വ്യാജ ഒസ്യത്ത് ഉണ്ടാക്കാൻ സഹകരിച്ച കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം മുൻ ലോക്കൽ സെക്രട്ടറി മനോജ് കുമാറിനെ താമരശ്ശേരി കോടതി ഡിസംബർ 7 വരെ റിമാൻഡ് ചെയ്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA