ADVERTISEMENT

തിരുവനന്തപുരം ∙ മലയാള സിനിമയിൽ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുമെന്ന് മന്ത്രി എ.കെ.ബാലൻ. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ, ഒരാളെയും ജോലിയിൽ നിന്നു വിലക്കുന്നതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി വ്യക്തമാക്കി. നിർമാതാക്കളുടെയും നടന്റെ‌യും ഭാഗം കേട്ട ശേഷം തീരുമാനമെടുക്കണം. ഇതിന് അഭിനേതാക്കളുടെയും നിർമാതാക്കളുടെയും സംഘടനകൾ മുൻകയ്യെടുക്കണം.

ചിത്രീകരണ സ്ഥലങ്ങളിൽ ലഹരി മരുന്നിന്റെ ഉപയോഗമുണ്ടെന്ന വെളിപ്പെടുത്തൽ ഗുരുതരമാണ്. തർക്കം വന്നപ്പോഴാണു നിർമാതാക്കൾ ഇതു പറഞ്ഞത്. തെളിവുകൾ കൂടി സമർപ്പിക്കണം. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും. അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ചലച്ചിത്ര നിർമാണ, പ്രദർശന രംഗത്തു സമഗ്രമായ നിയമം കൊണ്ടുവരും. ഇതോടെ സിനിമാ റജിസ്ട്രേഷൻ, പബ്ലിസിറ്റി, ടൈറ്റിൽ, വിതരണം തുടങ്ങിയവ സർക്കാർ സംവിധാനത്തിനു കീഴിലാകും. പ്രശ്നങ്ങളും പരാതികളും പരിശോധിക്കാൻ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഷെയ്നിനെ വിഷമിപ്പിച്ചിട്ടില്ല: സംവിധായകൻ ശരത്

കൊച്ചി ∙ ‘ഷെയ്ൻ നിഗമിനു പകരം മറ്റാരെയെങ്കിലും വച്ചു ചിത്രമെടുക്കുന്നതല്ലേ നല്ലതെന്നു പലരും ചോദിച്ചിരുന്നു. പക്ഷേ, എന്റെ നായകനായി ഷെയ്ൻ മതിയെന്നു വാശി പിടിച്ചയാളാണു ഞാൻ. അങ്ങനെ തുടങ്ങിയ ചിത്രമാണു വെയിൽ! 80 പേർ ജോലി ചെയ്യുന്ന സെറ്റാണ്. പറഞ്ഞാൽ തീരാത്തത്ര പ്രയാസങ്ങളുണ്ടാക്കിയെങ്കിലും ഇന്നേ വരെ ഞാൻ ഷെയ്നിന് എതിരെ ഒന്നും പറഞ്ഞിട്ടില്ല.’ – യുവ സംവിധായകൻ ശരത് മേനോൻ പറയുന്നു. ഷെയ്നെ മാനസികമായി പീഡിപ്പിച്ചുവെന്ന ആരോപണം തെറ്റാണെന്നു ശരത് പറഞ്ഞു.

പ്രശ്നങ്ങൾക്കു ശേഷമുള്ള രണ്ടാം വരവിൽ ഷെയ്ൻ മിക്കവാറും കാരവാനിൽ കയറിയിരിക്കും. പിന്നെ, അടുത്ത ഷോട്ടിനായി അദ്ദേഹത്തെ വാഹനത്തിൽ നിന്നിറക്കുക പ്രയാസമേറിയ ജോലിയാണ്. വെയിൽ എന്നാണു സിനിമയുടെ പേര്. പക്ഷേ, വെയിൽ മങ്ങിക്കഴിഞ്ഞാണ് അദ്ദേഹത്തെ അഭിനയിക്കാൻ കിട്ടുക. ഇത്തരം സഹകരണമില്ലായ്മ മൂലം സീനുകൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു.– ശരത് പറയുന്നു. 

ഷെയ്ൻ സഹകരിച്ചാൽ പുനരാരംഭിക്കാം: ജോബി

കൊച്ചി ∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും ഷെയ്ൻ നിഗമിന്റെ പങ്കാളിത്തം ഉറപ്പു നൽകിയാൽ ‘വെയിൽ’ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കാൻ തയാറാണെന്നു നിർമാതാവ് ജോബി ജോർജ്. ഗതികേടിൽപ്പെട്ട സ്ഥിതിയാണിപ്പോൾ. ആദ്യം എന്നെക്കുറിച്ചായിരുന്നു ഷെയ്നിന്റെ പരാതി. അതിനുശേഷം, ഞാൻ ലൊക്കേഷനിൽ പോലും പോയിട്ടില്ല. ഇപ്പോൾ, സംവിധായകനാണു കുറ്റം.– ജോബി പറഞ്ഞു.

ലഹരി ഫാഷനായി: ബാബുരാജ്

കൊച്ചി ∙ പുതുതലമുറ ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാണെന്നു തുറന്നടിച്ചു നടനും ‘അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. ന്യൂ ജെൻ നടൻമാർ മാത്രമല്ല, നടിമാരും എഴുത്തുകാരുമൊക്കെ ഇക്കൂട്ടത്തിൽപ്പെടും. എൽഎസ്ഡി, സ്റ്റാംപ് തുടങ്ങിയവയും അതിലും ഭീകരമായവയുമുണ്ട്. ഇതൊരു ഫാഷനായി മാറി. ഇതൊക്കെ ഉപയോഗിക്കാത്തവരെ ഒന്നിനും കൊള്ളില്ലെന്ന ധാരണയാണ് അവർക്ക്.

എനിക്കും ഒരനുഭവമുണ്ടായി. രാവിലെ 8 നു ലൊക്കേഷനിലെത്തി കാത്തിരിക്കുകയാണ്. 10 ആയി, 11 ആയി. ഷൂട്ടിങ് നടക്കുന്നില്ല. പ്രധാന നടൻ വന്നിട്ടില്ല. 11ന് അദ്ദേഹം ഫോൺ എടുത്തു. ഇന്നു വരാൻ പറ്റില്ലെന്നു പറഞ്ഞു. കാരണം ലഹരിമരുന്നു തന്നെ. ഇവർ എപ്പോൾ എഴുന്നേൽക്കുമെന്ന് ആർക്കും അറിയില്ല. രാത്രി ഉറക്കമില്ല. സൂര്യോദയം കണ്ടതിനു ശേഷമാണു പലരും ഉറങ്ങുന്നത്.

പ്രശ്നങ്ങളുണ്ടായപ്പോയാണു ഷെയ്ൻ അമ്മയിൽ അംഗത്വമെടുത്തത്. സാധാരണഗതിയിൽ അംഗങ്ങൾക്കൊപ്പം ഉറച്ചു നിൽക്കുന്ന സംഘടനയാണ് അമ്മ. എന്നാൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും ബാബുരാജ് പറഞ്ഞു. 

സിനിമകൾ ഉപേക്ഷിക്കരുത്: ഫെഫ്ക

കൊച്ചി ∙ ഷെയ്ൻ നിഗമിന്റെ നിസ്സഹകരണം മൂലം 2 സിനിമകളുടെ ചിത്രീകരണം ഉപേക്ഷിക്കാനുള്ള നിർമാതാക്കളുടെ തീരുമാനം പിൻവലിക്കണമെന്നു ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ അഭ്യർഥന. കൂട്ടായ ചർച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ ആവശ്യപ്പെട്ടു. ചലച്ചിത്ര പ്രവർത്തകർ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്നു കണ്ടെത്താൻ ചിത്രീകരണ സ്ഥലങ്ങളിൽ റെയ്ഡ് നടത്തണമെന്ന നിർദേശം അപ്രായോഗികമാണ്. നിർമാതാക്കളുടെ പ്രതികരണം വൈകാരികമാണ്. ഷെയ്ൻ നിഗം പെരുമാറിയ രീതി തെറ്റാണ്. പക്ഷേ, അതിന്റെ പേരിൽ പുതുമുഖ സംവിധായകരുടെ സിനിമ ഉപേക്ഷിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

വിലക്ക് ശരിയല്ല: രാജീവ് രവി

കൊച്ചി ∙ ഷെയ്ൻ നിഗമിനു പിന്തുണയുമായി സംവിധായകനും ക്യാമറാമാനുമായ രാജീവ് രവി. തൊഴിൽപരമായ പെരുമാറ്റ പ്രശ്നങ്ങളെ ന്യായീകരിക്കാൻ കഴിയില്ലെങ്കിലും അതിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തുന്നതു ശരിയല്ല. മുതിർന്ന നടൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രഫഷനലിസവുമായി 22 വയസ്സു മാത്രമുള്ള ഷെയ്നെ താരതമ്യം ചെയ്യരുത്– അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com