ADVERTISEMENT

കൊച്ചി ∙ സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നു ഹൈക്കോടതിയുടെ പരാമർശം. ഈ കോടതിക്കു സർക്കാരിൽ വിശ്വാസം നഷ്ടമായി. കോടതി ഉത്തരവുകൾ നടപ്പാക്കാൻ ശ്രമമില്ലെങ്കിൽ ഉത്തരവിട്ടിട്ടു കാര്യമില്ല. മന്ത്രിമാർക്കു വിദേശയാത്രയിൽ മാത്രമാണോ താൽപര്യമെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സർക്കാരിനെതിരായ കോടതിയലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴായിരുന്നു വാക്കാലുള്ള വിമർശനം. നാളികേര വികസന കോർപറേഷനിലെ മുൻജീവനക്കാരുടെ ശമ്പളക്കുടിശികയും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള ക്ലെയിം 3 മാസത്തിനകം തീർപ്പാക്കാൻ 2018 ഒക്ടോബർ 17നു കോടതി ഉത്തരവിട്ടിരുന്നു. ഹർജിക്കാർ ഏറെപ്പേരും പ്രായം ചെന്നവരായതിനാൽ നടപടി വൈകരുതെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നടപടിയില്ലെന്ന് ആരോപിച്ചാണു ഹർജിക്കാർ വീണ്ടും കോടതിയിലെത്തിയത്.

‘ഓരോ ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെയാണു കിട്ടുന്നതെ’ന്ന ബർണാഡ് ഷായുടെ ഉദ്ധരണി കോടതി പരാമർശിച്ചു. ‘ബ്യൂറോക്രസിയുടെ തടവിലാണു സർക്കാരെങ്കിൽ കൂടുതലൊന്നും പറയാനില്ല; പ്രതീക്ഷിക്കുന്നുമില്ല. ഐഎഎസ് ഉദ്യോഗസ്ഥർ എസി മുറിയിലിരുന്നു സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ പെരുമാറുകയാണ്. കോർപറേഷന്റെ ഭൂമി കേരള ഫീഡ്സിനു പാട്ടത്തിനു നൽകിയതിന്റെ പണം കിട്ടിയിട്ടും ജീവനക്കാർക്കുള്ളതു കൊടുക്കുന്നില്ല. മനുഷ്യത്വമില്ലായ്മയാണു കാണിക്കുന്നത്. സർക്കാർ എങ്ങനെയൊക്കെയാണു പണം ചെലവിടുന്നതെന്നു മാധ്യമങ്ങളിലൂടെ ദിനംപ്രതി അറിയുന്നുണ്ട്.’’– കോടതി പറഞ്ഞു. കേസ് ഇന്നു വീണ്ടും പരിഗണിക്കും. 

English Summary: Ministers interested in only foreig trips asks high court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com