ADVERTISEMENT

എലപ്പുള്ളി (പാലക്കാട്) ∙ കാറിടിച്ചു ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ ടയർ പഞ്ചറായെന്നു പറഞ്ഞു വഴിയിൽ ഇറക്കിവിടുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിലായി. മലപ്പുറം കൽപകഞ്ചേരി പുത്തനത്താണി പിലാക്കൽ അബ്ദുൽ നാസറിനെ (34) ആണു കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

മനഃപൂർവമുള്ള നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്. അപകടത്തിനു ശേഷം ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല, മരണം സംഭവിക്കുമെന്ന് അറിഞ്ഞിട്ടും ചികിത്സാ സഹായം നൽകിയില്ല, അപകടവിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചില്ല തുടങ്ങിയ കുറ്റങ്ങൾക്കാണ് കേസെടുത്തിരിക്കുന്നത്. അപ്പുപിള്ളയൂർ ഗവ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയും നല്ലേപ്പിള്ളി കുറുമന്ദാംപള്ളം സുദേവന്റെ മകനുമായ സുജിത് വ്യാഴാഴ്ച വൈകിട്ടാണ് പാറ–പൊള്ളാച്ചി പാതയിൽ കാറിടിച്ചു മരിച്ചത്. സംഭവത്തിനു ശേഷം പാലക്കാട് നഗരത്തിൽ തങ്ങിയ അബ്ദുൽ നാസറിനെ പൊലീസ് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

പരുക്കേറ്റ സുജിത്തിനെ സമീപവാസിയായ പരമൻ എന്നയാൾക്കൊപ്പം കാറിൽ കൊണ്ടുപോയെങ്കിലും വാഹനത്തിന്റെ ടയർ പഞ്ചറായെന്നു പറഞ്ഞ് ഇവരെ പുറത്തിറക്കി വാഹനവുമായി കടന്നു. പരമൻ മറ്റൊരു വാഹനത്തിൽ കുട്ടിയെ നാട്ടുകല്ലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സമയത്ത് എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി പരമൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സുജിത്തിന്റെ തലയുടെ പിൻഭാഗത്തു കാറിന്റെ ഇടതുവശത്തെ മിറർ ഇടിച്ച് ആഴത്തിൽ മുറിവേറ്റെന്നും ഇതാണു മരണകാരണമെന്നും പൊലീസ് പറഞ്ഞു. കാർ തൊട്ടടുത്ത കടയിലെ ബെഞ്ചിൽ ഇടിച്ചാണു നിന്നത്. 

പ്രവാസിയായ അബ്ദുൽ നാസർ വ്യാപാരാവശ്യത്തിനായി 4 സുഹൃത്തുകൾക്കൊപ്പം തിരുനൽവേലിയിൽ പോയി നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണു വിവരം. സുജിത്തിന്റെ സംസ്കാരം നടത്തി.

English Summary: Driver remanded in child murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com