ADVERTISEMENT

∙കായലും തീരവും സംരക്ഷിക്കാനുള്ള നിയമം ലംഘിച്ചു നിർമിച്ച 4 പാർപ്പിട സമുച്ചയങ്ങൾ നിലംപരിശാക്കി  സുപ്രീം കോടതി ഉത്തരവ് കേരളം നടപ്പാക്കി. 

∙കൊച്ചി മരട് നഗരസഭയിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങളുടെ 5 ടവറുകളാണു  2 ദിവസങ്ങളിലായി അണുവിട പിഴയ്ക്കാത്ത നിയന്ത്രിത സ്ഫോടനങ്ങളിലൂടെ തകർത്തത്. 

∙വിധി നടപ്പാക്കിയതായി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

∙ഇന്നലെ രാവിലെ 11.01ന് നെട്ടൂർ ജെയിൻ കോറൽ കോവിൽ സ്ഫോടനം; 6 സെക്കൻഡിൽ കെട്ടിടം നിലംപൊത്തി.

∙ഏറ്റവും മികച്ച രീതിയിൽ‌ വീണത് ജെയിൻ കോറൽ കോവ്; സമീപത്തെ കായലിലേക്ക് അവശിഷ്ടങ്ങൾ വീണില്ല.

∙ഉച്ചയ്ക്ക് 2.28ന് കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റിൽ സ്ഫോടനം; കെട്ടിടംവീഴാനെടുത്തത് 5 സെക്കൻഡ്. കുറച്ചു ഭാഗം അൽപം മുന്നിലേക്കും ബാക്കി പിന്നിലേക്കും വീഴ്ത്തി: 

∙4 മീറ്റർ അടുത്തുള്ള അങ്കണവാടി കെട്ടിടം സംരക്ഷിക്കാൻ.

∙32 സെക്കൻഡ് 114 കോടി രൂപയുടെപാർപ്പിടങ്ങൾ‌ തകർന്നുവീണു

∙നഷ്ടപരിഹാരവും പൊളിക്കലുമായി സർക്കാരിന് ചെലവ് 60.32 കോടി രൂപ

maradu-jain
വൺ, ടു, ത്രീ. .. ജെയിൻ കോറൽ കോവ് ഫ്ലാറ്റ് സമുച്ചയം സ്ഫോടനത്തിലൂടെ തകർത്തപ്പോൾ. കൊച്ചിയിൽ പൊളിച്ചുമാറ്റിയ പാർപ്പിട സമുച്ചയങ്ങളിൽ ഇതായിരുന്നു ഏറ്റവും വലുത്.

കൊച്ചി ∙ മരടിലെ ചതുപ്പുനിലങ്ങളിൽ വിരുന്നെത്തുന്ന ദേശാടനക്കിളികൾ പോലും കണ്ണടച്ചിട്ടുണ്ടാകും. കായലിനു മീതെ റാകിപ്പറക്കുന്ന പരുന്തുകളും ഒരു നിമിഷം ചിറകൊതുക്കി, ചില്ലകളിൽ അഭയം തേടിയിട്ടുണ്ടാകും. ആദ്യ സ്ഫോടനത്തിനു മുൻപ് സൈറനുകൾക്കു വേണ്ടി കാതോർത്തു നിന്നവർക്ക്, പിന്നീട് അതു വേണ്ടിവന്നില്ല. അത്രയ്ക്കു നിശ്ശബ്ദമായിരുന്നു പിന്നീട് മരടിന്റെ ചുറ്റുവട്ടങ്ങളെല്ലാം.

തലയുയർത്തി നിന്ന 5 കോൺക്രീറ്റ് ടവറുകൾ സെക്കൻഡുകൾക്കകം സിമന്റ് കട്ടകളും കമ്പികളുമായി മണ്ണിലേക്ക്. മാനംമുട്ടിയെന്നു മോഹിപ്പിച്ച നിലകൾ വെറും പൊടിയായി ആകാശത്തേക്ക്. വെളുപ്പിലും തവിട്ടിലും ചാരനിറത്തിലുമൊക്കെ രൂപഭാവങ്ങൾ മാറിയ പൊടിമേഘങ്ങൾ. കരയിലും കായലിലും അതിന്റെ നിഴലുകൾ.

jain-coral-maradu
ഫ്ലാറ്റ്..! സ്ഫോടനത്തിനു ശേഷം കോൺക്രീറ്റ് കൂമ്പാരമായി ജെയിൻ കോറൽ കോവ്.

തെറ്റുകൾക്കു മീതെ കെട്ടിപ്പടുത്തതെങ്കിലും മരട് പലരുടെയും കൂടായിരുന്നു. അവിടെ ഒന്നൊന്നായി തകർന്നുവീണ ചുവരുകളിൽ നിഷ്കളങ്ക ബാല്യങ്ങളെഴുതിയ ചിത്രങ്ങളുണ്ട്. കാറ്റും വെളിച്ചവും നൽകിയ ജനലുകളുണ്ട്. കഥകളും നിശ്വാസങ്ങളുമുണ്ട്. ചേർത്തുപിടിച്ച വിശ്വാസങ്ങളുണ്ട്. ചിരിയും കരച്ചിലും സാന്ത്വനവുമുണ്ട്. സ്നേഹവും സൗഹൃദവുമുണ്ട്. കരുത്തു ചോരുമ്പോൾ ചാരിനിന്ന തൂണുകളുണ്ട്. വിശേഷങ്ങൾ പങ്കിട്ട ഇടനാഴികളുണ്ട്.

രുചിക്കൂട്ടുകൾ വേവിച്ചെടുത്ത അടുക്കളയുണ്ട്. ഭക്ഷണം പങ്കിട്ടു കഴിച്ച ഇടങ്ങളുണ്ട്. കാഴ്ചകൾ നൽകിയ മട്ടുപ്പാവുകളുണ്ട്. നാലു ചുവരുകളും മേൽക്കൂരയും നൽകിയ ഉറപ്പുകളുണ്ട്. ജീവിതത്തിൽ സ്വരുക്കൂട്ടിയ സ്വപ്നങ്ങളുണ്ട്. ഹൃദയം ചേർത്തുവച്ച പടികളും പടിവാതിലുമുണ്ട്. എല്ലാം സെക്കൻഡുകൾക്കകം കണ്ണിൽനിന്നു മായും. പക്ഷേ, മനസ്സിൽനിന്നു മായില്ല. ഇന്നലെ, കാഴ്ചക്കാരുടെ ഇടയിൽ അവരുമുണ്ടായിരുന്നു. അവരുടെ കണ്ണുകളിൽ ആകാംക്ഷയായിരുന്നില്ല; നഷ്ടത്തിന്റെ കനമായിരുന്നു.

അഴിമതിക്കു തിരുത്ത്

മരട് പാഠമാണ്. കക്ഷിരാഷ്ട്രീയക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരും എന്തും വിലയ്ക്കു വാങ്ങാമെന്നു തെറ്റിദ്ധരിച്ചവരുമൊക്കെ ചേർന്നെഴുതിയ കഥയ്ക്കു സുപ്രീം കോടതിയെഴുതിയ തിരുത്തുപാഠം. നിയമം അനുസരിക്കാൻ മടിയുള്ള, ലംഘിക്കാൻ താൽപര്യപ്പെടുന്ന മലയാളി പഠിക്കാൻ ഇഷ്ടപ്പെടാത്ത പാഠം. നിയമം അവസാനഘട്ടത്തിൽ മാത്രം നടപ്പാക്കിയാലുള്ള ദുരന്തമെന്താണെന്ന പാഠം.

തെറ്റുകളുടെ തിരുത്തും ഒരു തരത്തിൽ പരിസ്ഥിതി ദ്രോഹം തന്നെയാണെന്ന പാഠവും മരട് നൽകുന്നു. കോൺക്രീറ്റ് പൊടിയും പ്രകമ്പനങ്ങളും എന്തുമാത്രം ആഘാതം പരിസ്ഥിതിക്ക് ഏൽപ്പിക്കുമെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. കുന്നുകൂടിക്കിടക്കുന്നത് 76,350 ടൺ കോൺക്രീറ്റ് മാലിന്യമാണ്. ഇതു താങ്ങേണ്ടത് ഏതെങ്കിലും ചതുപ്പുകളാകാം. പൊടിയുടെ ആഘാതവും മറ്റും ഇനിയും വ്യക്തമാകേണ്ടതുണ്ട്

മരടിലും കുണ്ടന്നൂരിലും പനങ്ങാടുമൊക്കെയുമുള്ള ചതുപ്പുകളിൽ ഇനിയും ദേശാടനക്കിളികൾ വിരുന്നെത്തും. പൂക്കളും ചെടികളും പൂമ്പാറ്റകളും മീനുകളും പക്ഷികളും തുമ്പികളും നമുക്കറിയാത്ത ഭാഷയിൽ അവരോടു പറയും മരടിന്റെ യഥാർഥ പാഠമെന്താണെന്ന്.

jain-maradu
maradu-flats

സംസ്ഥാന സർക്കാർ ചെലവഴിച്ചത് 60 കോടി: നഷ്ടം 117 കോടി രൂപയുടേത്

5 വർഷമെടുത്താണ് 4 ടവറുകൾ നിർമിച്ചതെങ്കിൽ, ഒന്ന് അതിലേറെക്കാലമെടുത്താണു പൂർത്തിയാക്കിയത്. പക്ഷേ, ഇവയെല്ലാം തകരാൻ വേണ്ടി വന്നത് 32 സെക്കൻഡുകൾ മാത്രം. ആകെ 114 കോടിയോളം രൂപ മൂല്യമുണ്ടായിരുന്ന മുന്നൂറിലധികം അപ്പാർട്മെന്റുകൾ പൊടിയാക്കുന്നതിനു സ്വകാര്യ കമ്പനിക്കു സർക്കാർ നൽകേണ്ടി വന്നത് 2.32 കോടി രൂപ. കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും മുതൽ പൊലീസുകാർ വരെ വിവിധ വകുപ്പുകളിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരുടെ ദേഹാധ്വാനവും അവരുടെ യാത്രയ്ക്കും സന്നാഹത്തിനും വേണ്ടി വന്ന ചെലവും വേറെ.

നിർമാതാക്കളിൽ നിന്നു തിരിച്ചുപിടിക്കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഫ്ലാറ്റ് ഉടമകൾക്ക് ഇതിനകം സർക്കാർ നൽകേണ്ടി വന്നത് 58 കോടി രൂപയാണ്. ഇനി 3 കോടി രൂപ കൂടി നൽകേണ്ടതുണ്ട്. ശമ്പളം നൽകാൻ വിഷമിക്കുന്ന സർക്കാരാണ്, ഏതാനും സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നു നടത്തിയ ക്രമക്കേടുകൾക്ക് ഇത്രയും കനത്ത വില നൽകേണ്ടി വന്നത്. സർക്കാരിനു തിരിച്ചുകിട്ടുന്നതോ? കോൺക്രീറ്റ് മാലിന്യത്തിന്റെ ഇനത്തിലുള്ള 35.16 ലക്ഷം രൂപ.

ഫ്ലാറ്റുകൾ പൊളിച്ച വിവരം സർക്കാർ സുപ്രീം കോടതിയെ ഇന്നറിയിക്കും

തിരുവനന്തപുരം∙ ഫ്ലാറ്റുകൾ പൊളിച്ച വിവരം സംസ്ഥാന സർക്കാർ ഇന്നു സുപ്രീം കോടതിയെ അറിയിക്കും. ഈ  സ്ഥലത്ത് എന്തു ചെയ്യണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കോടതി നിർദേശപ്രകാരമായിരിക്കും തീരുമാനിക്കുക. കോടതി ആവശ്യപ്പെട്ടാൽ വിഡിയോ ദൃശ്യങ്ങളടങ്ങിയ വിശദമായ സത്യവാങ്മൂലം പിന്നീടു സമർപ്പിക്കും. 

ഫ്ലാറ്റുടമകൾക്കു നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ പട്ടികയും കോടതിയിൽ സമർപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസ്, പരിസ്ഥിതി വകുപ്പ് മേധാവി ഉഷ ടൈറ്റസ്, തദ്ദേശവകുപ്പ് മേധാവി ടി.കെ.ജോസ് എന്നിവരടങ്ങുന്ന സമിതിയാണു തുടർനടപടികൾക്കു നേതൃത്വം നൽകുക. ഇവിടെ കണ്ടൽ പാർക്ക് സ്ഥാപിക്കണമെന്ന മദ്രാസ് ഐഐടിയുടെ നിർദേശം സർക്കാർ പരിഗണിക്കും.

ഫ്ലാറ്റ് പൊളിച്ചതും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളും ഈയാഴ്ചത്തെ മന്ത്രിസഭായോഗം പരിഗണിക്കും. ചീഫ് സെക്രട്ടറി വിശദ റിപ്പോർട്ട് അവതരിപ്പിക്കും. സമീപ വീടുകളുടെ സുരക്ഷിതത്വം, കായലിലുണ്ടായ മലിനീകരണം എന്നിവ സംബന്ധിച്ചു വിശദമായ പരിശോധന നടത്തണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.   

കാപ്പികോ റിസോർട്ട് : പൊളിക്കൽ നടപടിയിലേക്ക് സർക്കാർ 

തിരുവനന്തപുരം∙ മരടിനു പിന്നാലെ സുപ്രീംകോടതി നിർദേശപ്രകാരം നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിക്കാനുള്ള നടപടികളിലേക്കു സർക്കാർ കടക്കുന്നു. റിസോർട്ട് സ്ഥിതിചെയ്യുന്ന പാണാവള്ളി പഞ്ചായത്ത് അധികൃതരുമായി ഉന്നത ഉദ്യോഗസ്ഥർ ഉടൻ ചർച്ച നടത്തും. കോടതി വിധിയുടെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്നതും അനധികൃതമെങ്കിൽ പൊളിച്ചുമാറ്റേണ്ടതും പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണ്. നിർമിച്ചവർ തന്നെ പൊളിച്ചുമാറ്റിയില്ലെങ്കിൽ പഞ്ചായത്തിനു നടപടിയെടുത്തു ചെലവ് അവരിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥയുണ്ട്.

ചിത്രങ്ങൾ: ഇ.വി. ശ്രീകുമാർ, ടോണി ഡൊമിനിക്, അരുൺ ശ്രീധർ, റോബർട്ട് വിനോദ്, അരവിന്ദ് വേണുഗോപാൽ, ജിബിൻ ചെമ്പോല, വിഘ്നേഷ് കൃഷ്ണമൂർത്തി, സിബു ഭുവനേന്ദ്രൻ

റിപ്പോർട്ട്: വിനോദ് ഗോപി, എം.ആർ.ഹരികുമാർ, കെ. ജയപ്രകാശ് ബാബു, എൻ.വി. കൃഷ്ണദാസ്, അനീഷ് നായർ, റോബിൻ ടി. വർഗീസ്, എസ്.കെ. ശെൽവകുമാർ, അഖിൽ ആൻഡ്രൂസ്, അമൽ ജയൻ

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com