ADVERTISEMENT

കൊച്ചി ∙ മരടിലെ ഫ്ലാറ്റ് പൊളിച്ചതിനെ തുടർന്നുണ്ടായ വായു മലിനീകരണം 200 മീറ്റർ ചുറ്റളവിനു പുറത്തു സാധാരണ നിലയിലെത്തി.

എന്നാൽ, 200 മീറ്ററിനുള്ളിൽ ഇപ്പോഴും കോൺക്രീറ്റ് അവശിഷ്ടങ്ങളിൽ നിന്നുള്ള പൊടി അന്തരീക്ഷ വായുവിലുണ്ടെന്ന് എംജി സർവകലാശാല പ്രോ വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയൺമെന്റൽ സയൻസസ് പ്രഫസറുമായ ഡോ. സി.ടി. അരവിന്ദകുമാർ പറഞ്ഞു.

ആദ്യ സ്ഫോടന ദിവസം ഉണ്ടായതിനേക്കാൾ വായു മലിനീകരണമാണു രണ്ടാം ദിവസമുണ്ടായത്. എച്ച്2ഒ ഹോളി ഫെയ്ത്തിലും ആൽഫ സെറീനിലും സ്ഫോടനം നടന്ന 11നു വായു മലിനീകരണം രണ്ടിരട്ടിയോളമായിരുന്നെങ്കിൽ ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവിടങ്ങളിൽ സ്ഫോടനം നടന്ന 12ന് അത് അഞ്ചിരട്ടിയോളം വർധിച്ചു. രണ്ടാമത്തെ ദിവസം ഒരു ദിശയിലേക്കു മാത്രം കാറ്റടിച്ചതാണു കാരണം.

നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റ് തകർത്തതിനു ശേഷം 6 മണിക്കൂറിൽ തന്നെ പൊടി താഴ്ന്നിരുന്നു. എന്നാൽ, 200 ചുറ്റളവിനുള്ളിൽ പൊടി മരത്തിലും വീടുകളുടെ മേൽക്കൂരകളിലും പറ്റിപ്പിടിച്ചിരിക്കുകയാണ്. ഓരോ തവണ കാറ്റടിക്കുമ്പോഴും അതു വീണ്ടും വായുവിലെത്തും.

അതുകൊണ്ടുതന്നെ ഈ ഭാഗത്തു പൊടിമൂലമുള്ള ബുദ്ധിമുട്ടുകൾ കുറച്ചു കാലം കൂടി തുടരും. വെള്ളം തളിക്കുക മാത്രമാണു പൊടിയിൽ നിന്നു രക്ഷപ്പെടാനുള്ള ഏക പോംവഴിയെന്നും അരവിന്ദകുമാർ പറഞ്ഞു.

ഫ്ലാറ്റ് പൊളിക്കലിനു മുൻപും ശേഷവുമുള്ള വായു, ജല മലിനീകരണത്തെക്കുറിച്ച് എംജി സർവകലാശാലയിലെ എൻവയൺമെന്റൽ സയൻസസ് വിഭാഗം വിശദമായ പഠനം നടത്തുന്നുണ്ട്. പഠനത്തിന്റെ ഭാഗമായുള്ള നിരീക്ഷണവും ഡേറ്റ വിശകലനവും 2 മാസം കൂടി തുടരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com