ADVERTISEMENT

തിരുവനന്തപുരം ∙ പൊതുജനങ്ങളുടെ കൈവശം പ്ലാസ്റ്റിക് ക്യാരിബാഗുകളും പ്ലാസ്റ്റിക് കുപ്പികളും പോലുള്ള നിരോധിത ഉൽപന്നങ്ങൾ ഉണ്ടെങ്കിൽ പിഴ ഈടാക്കുകയില്ലെന്നും ഇവ നിർമിക്കുകയും വിപണനം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കാണു പിഴയെന്നും സംസ്ഥാന പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി.

ഉപയോഗത്തിന്റെ പേരിൽ അല്ല വിപണനത്തിന്റെ അടിസ്ഥാനത്തിലാണു പിഴ ഈടാക്കുകയെന്നു പരിസ്ഥിതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശദീകരിച്ചു.

സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക്കിനുള്ള നിരോധനം ഈ മാസം ഒന്നു മുതൽ നിലവിൽ വന്നുവെങ്കിലും പിഴ ഈടാക്കുന്ന നടപടികൾ ആരംഭിച്ചിട്ടില്ല. തുടക്കത്തിൽ ബോധവൽക്കരണമാണ് ഉദ്ദേശിക്കുന്നത്.

അടുത്ത ഘട്ടത്തിൽ പരിശോധനകളും പിഴ ചുമത്തലും ആരംഭിക്കും. കലക്ടർമാർ, സബ് കലക്ടർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്കാണു നിരോധനം നടപ്പാക്കാനുള്ള ചുമതല.

ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50000 രൂപയുമാണ് പിഴ . ഒപ്പം സ്ഥാപനത്തിന്റെ നിർമാണ– പ്രവർത്തനാനുമതി റദ്ദാക്കും.

എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി പ്രകാരം നീക്കം ചെയ്യുന്നതും സംസ്‌കരിക്കുന്നതുമായ ബ്രാൻഡഡ് പ്ലാസ്റ്റിക് വസ്തുക്കളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഇവയുടെ ഉൽപാദകർ, ഇറക്കുമതിക്കാർ, ബ്രാൻഡിന്റെ ഉടമസ്ഥർ എന്നിവർ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി നീക്കം ചെയ്തു സംസ്‌കരിക്കണം എന്ന വ്യവസ്ഥയിലാണിത്.
നിരോധന ഉൽപന്നങ്ങളുടെ പട്ടിക ശുചിത്വ മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

http://sanitation.kerala.gov.in/kerala-plastic-ban/ എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

പ്ലാസ്റ്റിക് സംസ്കരണ പദ്ധതി തയാറാക്കണം: ഹൈക്കോടതി

കൊച്ചി ∙ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും മുൻപ് നിർമാതാക്കൾ സ്റ്റോക്ക് ചെയ്തിട്ടുള്ള ക്യാരിബാഗുകൾ നിശ്ചിത സമയത്തിനകം സംസ്കരിക്കാൻ അധികൃതർ പദ്ധതി തയാറാക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. പ്ലാസ്റ്റിക് ക്യാരിബാഗ് നിർമാതാക്കളായ 3 പേർ നൽകിയ ഹർജിയിലാണു നിർദേശം. സ്റ്റോക്ക് തീർക്കാനുള്ള സാവകാശം പോലും കിട്ടിയില്ലെന്നാണു ഹർജിക്കാരുടെ പരാതി. 

ഹർജിക്കാരുടെ കൈവശമുള്ള പ്ലാസ്റ്റിക് സാമഗ്രികളുടെ കണക്ക് അധികൃതർക്കു കൈമാറണം. പരിസ്ഥിതി ഉദ്യോഗസ്ഥരുൾപ്പെടെ ഇതു പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാകണം നടപടി. 

ഒരു മാസം സമയം നൽകിയിരുന്നുവെന്നും ഇതു മതിയായ കാലയളവാണെന്നും സർക്കാർ വിശദീകരിച്ചു. നിരോധനം നിലവിൽ വരും മുൻപു സ്റ്റോക്ക് ചെയ്ത ഉൽപന്നങ്ങളുടെ പേരിൽ പ്രോസിക്യൂഷൻ നടപടി പാടില്ലെന്ന് 2019 ഡിസംബർ 18നു കോടതി ഉത്തരവു നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com