ADVERTISEMENT

മലപ്പുറം ∙ ഉരുൾപൊട്ടലിൽ‌ പൂർണമായി തുടച്ചുനീക്കപ്പെട്ട കവളപ്പാറയെന്ന ഗ്രാമത്തെ വീണ്ടെടുക്കുന്നതിനുള്ള സ്വപ്നപദ്ധതിക്കു സർക്കാരിന്റെ അനുമതി. ഓഗസ്റ്റിലെ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നശിച്ച കവളപ്പാറയിലെ 67 കുടുംബങ്ങൾക്കായി എടക്കര പോത്തുകല്ലിൽ ‘ഭൂദാനം നവകേരള ഗ്രാമം’ ഒരുക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്കാണു സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അനുമതി ലഭിച്ചത്.

9 ഏക്കറിൽ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി വഴി വീടുകൾ നിർമിക്കും.

ഉരുൾപൊട്ടലിൽ 59 ജീവൻ പൊലിഞ്ഞ നിലമ്പൂർ കവളപ്പാറയിൽ അവശേഷിക്കുന്നവരെയെല്ലാം ഒരു കുടക്കീഴിൽ എത്തിക്കുന്നു എന്നതാണു ഭൂദാനം നവകേരള ഗ്രാമത്തിന്റെ പ്രത്യേകത. പ്രളയ സഹായധനമായി കവളപ്പാറ നിവാസികൾക്കു സർക്കാർ നൽകേണ്ട തുക പദ്ധതിയിൽ വിനിയോഗിക്കും. ഓരോ കുടുംബത്തിനും 10 സെന്റിൽ ഭവനമൊരുക്കാനും ശേഷിക്കുന്ന ഭൂമിയിൽ വായനശാല, കമ്യൂണിറ്റി സെന്റർ എന്നിങ്ങനെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കാനുമാണ് ആലോചന. 3.38 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചതോടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. നിർമാണ പ്രവൃത്തികൾ ജൂണിനു മുൻപായി പൂർത്തിയാക്കുകയാണു ലക്ഷ്യം.

പ്രളയ പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന പദ്ധതിക്കായി സ്ഥലം കണ്ടെത്തിയതു കവളപ്പാറ നിവാസികൾ തന്നെയാണ്. പോത്തുകല്ല് ആനക്കല്ലിലെ 9 ഏക്കർ ഭൂമി വിട്ടുനൽകാൻ സ്ഥല ഉടമകൾ സമ്മതം അറിയിച്ചതോടെ ഗുണഭോക്താക്കളുടെ പട്ടിക സഹിതമുള്ള റിപ്പോർട്ട് മലപ്പുറം കലക്ടർ കഴിഞ്ഞമാസം സർക്കാരിനു സമർപ്പിച്ചു. കവളപ്പാറയിൽ ഭവന നിർമാണ പദ്ധതി ഏറ്റെടുക്കാൻ സഹകരണ വകുപ്പും നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.

English Summary: Approval for Bhoodhanam project in Kavalappara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com