ADVERTISEMENT

കോഴിക്കോട് ∙ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു കണ്ടെത്തിയ ശരീരഭാഗങ്ങൾ ആരുടേതാണെന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയതു രണ്ടു വർഷത്തെ അന്വേഷണത്തിനൊടുവിൽ. നിർണായകമായതു മൃതദേഹത്തിന്റെ വിരലടയാള പരിശോധന. ഇരുവഞ്ഞിപ്പുഴയിലൂടെ ചാലിയാറിലും പിന്നീട് കടലിലേക്കും മൃതദേഹ ഭാഗങ്ങൾ എത്തി. 2017 ജൂൺ 18നാണു മൃതദേഹത്തിന്റെ ഇടതുകൈ ചാലിയം കടപ്പുറത്തു കണ്ടെത്തിയത്. ഒരു മാസത്തിനിടെ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തി.

ഡിഎൻഎ പരിശോധനയിൽ മൃതദേഹഭാഗങ്ങൾ ഒരാളുടേതാണെന്നു തെളിഞ്ഞതോടെ ഒറ്റ കേസാക്കി മുക്കം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തു. 6 മാസത്തെ അന്വേഷണത്തിനു ശേഷം 2017 ഡിസംബറിൽ കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. 

കൈകൾ കണ്ടെത്തിയപ്പോൾ തന്നെ വിരലടയാളം ശേഖരിച്ചിരുന്നെങ്കിലും, ശരീരം അഴുകിയിരുന്നതിനാൽ വ്യക്തമായിരുന്നില്ല. വിരലടയാള വിദഗ്ധരുടെ സഹായത്തോടെ മാക്രോ ലൈൻസ് ഉപയോഗിച്ചു വിരലടയാളം വലുതാക്കുകയും സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എച്ച്ഡി നിലവാരത്തിലേക്കു മാറ്റുകയും ചെയ്തു. ഇതു സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്കു കൈമാറി. 

സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ശേഖരിക്കുന്ന വിരലടയാളങ്ങൾ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ഡേറ്റാബേസിലുണ്ട്. ഇവിടെ നടത്തിയ പരിശോധനയിലാണു മൃതദേഹത്തിന്റെ വിരലടയാളം മലപ്പുറം വണ്ടൂർ സ്വദേശി പുതിയോത്ത് ഇസ്മായിലിന്റേത് ആണെന്നു തിരിച്ചറിഞ്ഞത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇസ്മായിലിന്റെ പേരിൽ വാഹനമോഷണം ഉൾപ്പെടെ 4 കേസുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശേഖരിച്ച വിരലടയാളവും മൃതദേഹത്തിന്റെ വിരലടയാളവും ഒന്നാണെന്നു കണ്ടെത്തിയതോടെ മരിച്ചത് ഇസ്മായിലാണെന്ന നിഗമനത്തിൽ എത്തി. 

അന്വേഷണത്തിന്റെ ഭാഗമായി ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ ശേഖരിച്ചു. കണ്ണൂരിലെ റീജനൽ ഫൊറൻസിക് ലാബിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മരിച്ചത് ഇസ്മായിൽ തന്നെയെന്നുറപ്പിച്ചു. 

ശാസ്ത്രീയ വഴികളിലൂടെ അന്വേഷണം

കോഴിക്കോട് ∙ മരിച്ചയാളെ കണ്ടെത്താൻ സമാന്തരമായി മറ്റു ശാസ്ത്രീയ വഴികളും ക്രൈം ബ്രാഞ്ച് തേടിയിരുന്നു. ഫൊറൻസിക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയായ ക്രൈം ബ്രാഞ്ച് ഡിവൈസ്പി എം.ബിനോയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തലയോട്ടി ഉപയോഗിച്ച് മുഖത്തിന്റെ രൂപം പുനഃസൃഷ്ടിക്കുന്ന ഫേഷ്യൽ റീ കൺസ്ട്രക്‌ഷൻ രീതി ഉപയോഗിച്ചു. ഫൊറൻസിക് ആന്ത്രോപ്പോളജിസ്റ്റിന്റെ സഹായത്തോടെ തലയോട്ടിയുടെ മാതൃകയുണ്ടാക്കി മുഖരൂപം പുനഃസൃഷ്ടിക്കാനുള്ള ശ്രമം തുടങ്ങി. 

തലയോട്ടിയുടെ എക്സ് റേ എടുത്തു രേഖാചിത്രം തയാറാക്കി. കേരളത്തിൽ അടുത്ത കാലത്തു കാണാതായ 620 പേരുടെ വിശദാംശങ്ങൾ ശേഖരിച്ചു പരിശോധന നടത്തി. ചാലിയം കടപ്പുറത്തു മൃതദേഹ ഭാഗങ്ങൾ അടിയണമെങ്കിൽ എവിടെയാകും മൃതദേഹം തള്ളിയിട്ടുണ്ടാവുക എന്നതിന്റെ സാധ്യതാ മാപ്പ് തയാറാക്കി. 

പല്ലുകളുടെ ശാസ്ത്രീയ പരിശോധനയിലൂടെ മരിച്ചയാളുടെ പ്രായം കണ്ടെത്തി. പല്ലുകളിൽ പുകയിലക്കറ കണ്ടെത്തിയപ്പോൾ മരിച്ചയാൾ ഇതരസംസ്ഥാനത്തൊഴിലാളിയാണെന്നു സംശയം ഉയർന്നിരുന്നു. തുടർന്നു ജില്ലയിലെ ഇതരസംസ്ഥാനത്തൊഴിലാളികളെ കാണാതായ സംഭവങ്ങളുണ്ടോ എന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു. 

ഒഴുകിയെത്തിയത് കടലിൽ

1. അഗസ്ത്യൻമൂഴി പാലം

2. കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ്

ഇസ്മായിലിന്റെ രണ്ടു കൈകളും കാലുകളും തലയും പാലത്തിൽ നിന്ന് ഇരുവഞ്ഞിപ്പുഴയിലേക്ക് ഉപേക്ഷിച്ചത് 2017 ജൂൺ 19ന്. ബിർജു ഇസ്മായിലിനെ കൊലപ്പെടുത്തിയ വെസ്റ്റ് മണാശേരിയിലെ വീട്ടിലേക്ക് ഇവിടെ നിന്നു നാലു കിലോമീറ്റർ‌. കൈകാലുകളും തലയും ഒഴികെയുള്ള ശരീരഭാഗം  ഒന്നര കിലോമീറ്റർ അകലെയുള്ള കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റിന് സമീപത്തെ തടപറമ്പ് റോഡിലും ഉപേക്ഷിച്ചു.

3. ചാലിയം കൈതവളപ്പ്

ചാലിയാർ കടലിൽ ചേരുന്ന ഭാഗം. കൈതവളപ്പിനു സമീപം ഇടതു കൈ കണ്ടെത്തിയത് 2017 ജൂൺ 28ന്. കടൽഭിത്തിക്ക് സമീപത്ത് നിന്നു വലതു കൈ ജൂലൈ 1ന് ലഭിച്ചു. 

4. ബേപ്പൂർ ലൈറ്റ് ഹൗസ്

ചാലിയം തീരത്തെ ലൈറ്റ് ഹൗസിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടികൾ തീരത്ത് കിടന്ന തല കണ്ടെത്തിയത് 2017 ഓഗസ്റ്റ് 13ന് 

English Summary: Mukkam twin murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com