ADVERTISEMENT

തിരുവനന്തപുരം∙ യുവത്വത്തിനു പ്രാധാന്യം നൽകി ബിജെപി 10 ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. വി.വി.രാജേഷ് (തിരുവനന്തപുരം), ബി.ബി.ഗോപകുമാർ (കൊല്ലം), അശോകൻ കുളനട (പത്തനംതിട്ട), എം.വി.ഗോപകുമാർ (ആലപ്പുഴ), കെ.എസ്.അജി (ഇടുക്കി), കെ.കെ.അനീഷ് കുമാർ (തൃശൂർ), ഇ. കൃഷ്ണദാസ് (പാലക്കാട്), വി.കെ.സജീവൻ (കോഴിക്കോട്), രവി തേലത്ത് (മലപ്പുറം), സജി ശങ്കർ (വയനാട്) എന്നിവരെയാണു പ്രസിഡന്റുമാരായി പ്രഖ്യാപിച്ചത്. അഭിപ്രായഭിന്നതകൾ മൂലം എറണാകുളം, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാരെ തീരുമാനിച്ചിട്ടില്ല.

ബിജെപിയിലെ കൃഷ്ണദാസ്–മുരളീധരൻ പക്ഷങ്ങളുടെ ശക്തിപരീക്ഷണം കൂടിയായി ജില്ലാ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറുകയായിരുന്നു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ്ഥാനം കൃഷ്ണദാസ് പക്ഷക്കാരനായിരുന്ന എസ്.സുരേഷിൽ നിന്നാണു മുരളീധരൻ പക്ഷത്തെ വി.വി.രാജേഷിലേക്കെത്തിയത്. 

പാലക്കാട് പ്രസിഡന്റ് കൃഷ്ണദാസ്, മലപ്പുറം പ്രസിഡന്റ് രവി തേലത്ത്, വയനാട് പ്രസിഡന്റ് സജി ശങ്കർ എന്നിവരും മുരളീധരൻ പക്ഷക്കാരാണ്. തൃശൂരിൽ അനീഷ് കുമാർ പ്രസിഡന്റായതു കൃഷ്ണദാസ് വിഭാഗത്തിന്റെ പിന്തുണയോടെയാണ്. ആലപ്പുഴ പ്രസിഡന്റ് എം.വി.ഗോപകുമാർ, പത്തനംതിട്ട പ്രസിഡന്റ് അശോകൻ കുളനട എന്നിവർ കൃഷ്ണദാസ് പക്ഷക്കാരാണ്. കോഴിക്കോട് പ്രസിഡന്റ് വി.കെ.സജീവൻ പഴയ കൃഷ്ണദാസ് പക്ഷക്കാരനാണെങ്കിലും ഇപ്പോൾ എം.ടി.രമേശിനൊപ്പമാണ്. ഇടുക്കിയിലെ കെ.എസ്.അജി, കൊല്ലത്തെ ബി.ബി.ഗോപകുമാർ എന്നിവർ നിഷ്പക്ഷരാണ്.

തീരാതെ തർക്കങ്ങൾ

വോട്ടെടുപ്പു നടത്തിയ ശേഷം കൂടുതൽ വോട്ട് കിട്ടിയയാളെ പ്രസിഡന്റ് ആക്കാൻ തയാറാകാതിരുന്നതാണ് എറണാകുളത്തെ തർക്കത്തിനു കാരണം. കണ്ണൂരിൽ ഈഴവ വിഭാഗത്തിൽ പെട്ടയാളെ പ്രസിഡന്റാക്കണമെന്ന തർക്കത്തെത്തുടർന്നാണു തീരുമാനം നീളുന്നത്. കാസർകോട്ട് രവീശതന്ത്രി കുണ്ടാറിനെ ജില്ലാ പ്രസിഡന്റ് ആക്കണമെന്നു കർണാടക ആർഎസ്എസ് നേതൃത്വം ആവശ്യപ്പെട്ടതു പ്രതിസന്ധിക്കു കാരണമായി. കോട്ടയത്തു കൃഷ്ണദാസ് പക്ഷക്കാരനായ എൻ.ഹരി ജില്ലാ പ്രസിഡന്റ് ആയി തുടരുന്നതു തടയാൻ പിന്നാക്ക വിഭാഗക്കാരനു വേണ്ടി മുരളീധരൻ പക്ഷം ആവശ്യമുന്നയിച്ചതോടെ പ്രഖ്യാപനം മുടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com