ADVERTISEMENT

ന്യൂഡൽഹി ∙ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള ചെറിയ സഹായങ്ങൾക്കപ്പുറം കേരളത്തിനു പ്രത്യേകിച്ചൊന്നുമില്ല. വായ്പ പരിധി കൂട്ടണമെന്ന ആവശ്യം പരിഗണിച്ചില്ല. കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം 16,401.05 കോടി രൂപയിൽ നിന്ന് 15,326.64 കോടിയായി കുറയുകയും ചെയ്തു. കഴിഞ്ഞ വർഷം രാജ്യത്തെ ആകെ നികുതിയുടെ 2.5 % കിട്ടിയെങ്കിൽ ഇപ്പോൾ 1.94 % മാത്രം.

ഏറ്റവും കൂടുതൽ നികുതി വിഹിതം യുപിക്കാണ്– 1,40,611.48 കോടി. കുറവു ഗോവയ്ക്കും– 3026.94 കോടി. റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 150 സ്വകാര്യ ട്രെയിനുകൾ ഓടിക്കുന്ന റൂട്ടുകളിൽ തിരുവനന്തപുരം–എറണാകുളം, തിരുവനന്തപുരം– ഗുവാഹത്തി എന്നിവയുമുണ്ടെന്നു സൂചനയുണ്ട്. കേരളത്തിന്റെ തോട്ടം മേഖലയ്ക്കു ലഭിക്കുക 681 കോടി.

കേരളവുമായി ബന്ധപ്പെട്ട ചില ബജറ്റ് പ്രഖ്യാപനങ്ങൾ:

∙ റബർ ബോർഡ്: 221.34 കോടി (കഴിഞ്ഞ വർഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച് 20 കോടിയിലേറെ കുറവ്) 

∙ കോഫി ബോർഡ്: 225 കോടി (കുറവ് 23 കോടി )

∙ സ്പൈസസ് ബോർഡ്: 120 കോടി (7 കോടി കൂടുതൽ)

∙ തേയില ബോർഡ്: 200 കോടി (2 കോടി കൂടുതൽ)

∙ കയർ ബോർഡ്: 92.75 കോടി

∙ തിരുവനന്തപുരം ഐഐഎസ്ടി: 90 കോടി

∙ കൊച്ചിൻ പോർട്ട് ട്രസ്റ്റ്: 26.28 കോടി

∙ കൊച്ചിൻ ഷിപ്‍യാർഡ്: 650.50 കോടി

∙ കശുവണ്ടി കയറ്റുമതി പ്രമോഷൻ കൗൺസിൽ: 10 കോടി 

∙ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം: 210 കോടി

∙ നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം: 21 കോടി

സഹകരണ മേഖലയ്ക്ക് സന്തോഷവാർത്ത

ആദായനികുതി ഇളവ്

∙ ബാങ്കിങ് സംഘങ്ങൾക്കുള്ള ആദായനികുതി 8 % കുറച്ചു. വായ്പകളിലൂടെയുള്ള പലിശ വരുമാനത്തിന്റെ നികുതി 30 %  ആയിരുന്നത് 22 % ആക്കി. കേരള ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, അർബൻ ബാങ്ക്, നിലവിൽ നികുതി അടയ്ക്കുന്ന പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ എന്നിവയ്ക്കു നേട്ടം.

∙ പ്രാഥമിക വായ്പാ സംഘങ്ങൾ വർഷം ഒരു കോടി രൂപയ്ക്കു മുകളിൽ പിൻവലിച്ചാൽ നൽകേണ്ടി വരുന്ന നികുതിയിൽ മാറ്റമില്ല. 

നബാർഡ് വഴി ക‍ൃഷിവായ്പ

∙ നബാർഡ് വഴി ഒരു കർഷകനു പരമാവധി 3 ലക്ഷം രൂപ വരെ വായ്പ. 7% പലിശയ്ക്കുള്ള വായ്പ, കൃത്യമായി തിരിച്ചടച്ചാൽ 3 % കേന്ദ്ര സബ്സിഡി. 

കൂടുതൽ പ്രഫഷനലിസം

∙ സഹകരണ ബാങ്കുകളുടെ പ്രഫഷനലിസം വർധിപ്പിക്കാൻ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ഭേദഗതി വരുത്തും. സഹകരണ ബാങ്കുകളിൽ ആർബിഐ ഇടപെടൽ ശക്തമാക്കും 

വയനാട് മെഡിക്കൽ കോളജിനു ഗുണകരം

ന്യൂഡൽഹി ∙ ആസ്പിരേഷനൽ ജില്ലകളിൽ ആയുഷ്മാൻ എംപാനൽ ആശുപത്രിക്കു മുൻഗണനയെന്ന പ്രഖ്യാപനം വയനാടിന് ഗുണകരമാകും. ജില്ലാ ആശുപത്രികളോടു ചേർന്ന് മെഡിക്കൽ കോളജ് സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കാനും ഇത്തരം ജില്ലകൾക്കു മുൻഗണനയുണ്ട്. ഇതു നടപ്പായാൽ കേരളത്തിലെ ഏക ആസ്പിരേഷനൽ ജില്ലയെന്ന പരിഗണനയിൽ വയനാടിനു മെഡിക്കൽ കോളജ് ലഭിക്കും. നിലവിൽ സംസ്ഥാന സർക്കാർ വയനാട് മെഡിക്കൽ കോളജിനു സ്ഥലം കണ്ടെത്തി മുന്നോട്ടുപോവുകയാണ്.

ഡോക്ടർമാരുടെ എണ്ണക്കുറവ് പരിഹരിക്കാനും നടപടികളുണ്ടാകും. വലിയ ആശുപത്രികളിൽ റസിഡന്റ് ഡോക്ടർമാർക്ക് ദേശീയ പരീക്ഷാ ബോർഡിന്റെ കീഴിലുള്ള ഡിഎൻബി, എഫ്എൻബി കോഴ്സുകൾ നടത്തുന്നതും സർക്കാർ പ്രോത്സാഹിപ്പിക്കും.

English Summary: What Kerala Will get from Union Budget 2020?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com