ADVERTISEMENT

കൊച്ചി ∙ സ്വർണമേഖലയിലെ വ്യാപാരമാന്ദ്യം മറികടക്കാനുള്ള പാക്കേജുകളൊന്നും ബജറ്റിലുണ്ടായില്ല. സ്വർണത്തിന്റെ ഇറക്കുമതിത്തീരുവ കുറയ്ക്കാത്തതിനാൽ വില കുറയാനുള്ള സാധ്യതകളും മങ്ങി. നിലവിൽ 12.5 ശതമാനമാണ് സ്വർണത്തിന്റെ ഇറക്കുമതി തീരുവ. തീരുവ ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ കള്ളക്കടത്ത് ഇനിയും ഉയരാൻ തന്നെയാണു സാധ്യത.

രാജ്യാന്തര ബുള്ള്യൻ എക്സ്ചേഞ്ച് കൊണ്ടുവരുമെന്നതാണ് ബജറ്റിൽ സ്വർണമേഖലയിൽ ആകെയുണ്ടായ പ്രഖ്യാപനം. എന്നാൽ ബുള്ള്യൻ എക്സ്ചേഞ്ച് വന്നാലും കേരളത്തിലെ സ്വർണവിലയെ ഇതു കാര്യമായി ബാധിക്കില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറുമായ എസ്.അബ്ദുൽ നാസർ പറഞ്ഞു.

പവന് 30,400 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് ഇന്നലെ സ്വർണവില. അതേ സമയം പ്ലാറ്റിനം ആഭരണങ്ങളുടെ വില കുറഞ്ഞേക്കും. പ്ലാറ്റിനം, പല്ലേഡിയം ലോഹങ്ങളുടെ ഇറക്കുമതിത്തീരുവ 7.5% ആക്കി കുറച്ചു.

കൈവശം വയ്ക്കുന്നതിന് നിയന്ത്രണമില്ല

തൃശൂർ ∙ സ്വർണാഭരണം കൈവശം വയ്ക്കുന്നവർക്കു സമാധാനിക്കാം. ആഭരണ കൈവശം വയ്ക്കുന്നതിന്റെ കണക്കെടുക്കുമെന്നു വ്യാപക പ്രചരണമുണ്ടായിരുന്നെങ്കിലും ബജറ്റിൽ യാതൊരു പരാമർശവും ഇല്ല. എന്നാലും സ്വർണ നയത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് ബജറ്റ് വ്യക്തമാക്കുന്നുവെന്നാണു സ്വർണ വ്യാപാരികൾ വിലയിരുത്തുന്നത്. തങ്കം വാങ്ങുന്ന മൊത്തവിതരണക്കാർക്ക് ഇനി സ്വർണ ബാങ്കോ, ബുള്ള്യൻ എക്സ്ചേഞ്ചോ വഴി മാത്രമേ സ്വർണം വാങ്ങാനാകൂ. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഓഹരി വാങ്ങുന്നതുപോലെയുള്ള സംവിധാനം ആകും ഇത്. 

ആഭരണ നിർമാതാക്കൾക്കു നൽകുന്നതും ഇതുവഴിയാകും. കള്ളക്കടത്തു സ്വർണം ഉപയോഗിക്കുന്ന വ്യാപാരികളെ കടിഞ്ഞാണിടാൻ വേണ്ടിയാണിത്. സ്വർണ ബാങ്ക് പെട്ടെന്നു നടപ്പാക്കുമെന്നു വ്യാപാരികൾ പ്രതീക്ഷിക്കുന്നില്ല. ഇതു നയ പ്രഖ്യാപനം മാത്രമാണ്. സ്വർണാഭരണം വാങ്ങുന്ന ഉപഭോക്താക്കളെ തൽക്കാലം ഇതു ബാധിക്കില്ല. എന്നാൽ ഭാവിയിൽ പുതിയ സ്വർണം വാങ്ങുന്ന ഉപഭോക്താക്കളെ കണ്ടെത്താൻ എളുപ്പമാകും. 

English Summary: Gold import tariff not reduced

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com