ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്തീയ സഭകളുടെ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബിൽ മലങ്കര ഓർത്തഡോക്സ്, യാക്കോബായ സഭകൾക്കു മാത്രം ബാധകമാക്കി. ഇതു സംബന്ധിച്ച  നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശ സർക്കാർ അംഗീകരിക്കുകയായിരുന്നു. മറ്റു സഭകളുടെ എതിർപ്പിനെ തുടർന്നാണു നടപടി.  എല്ലാ  ക്രിസ്തീയ  സഭകൾക്കും നിയമം  ബാധകമാക്കിയാൽ  സാമൂഹിക പ്രശ്നങ്ങളുണ്ടാകുമെന്നു  വ്യക്തമാക്കി  പ്രതിപക്ഷം  വിയോജനക്കുറിപ്പ്  നൽകിയിരുന്നു. 

പള്ളികളിലെ ഇടവകാംഗങ്ങളുടെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനുള്ള അവകാശം നൽകുന്ന ഓർഡിനൻസ് എല്ലാ ക്രിസ്തീയ സഭകൾക്കും ബാധകമാക്കിക്കൊണ്ടാണു സർക്കാർ ആദ്യം ഇറക്കിയത്.ഇതു തന്നെയാണു ബിൽ ആയി പിന്നീടു നിയമസഭയിൽ കൊണ്ടു വന്നത്. രണ്ടു സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ കൊണ്ടു വരുന്ന നിയമം മറ്റു സഭകളിലും പ്രശ്നം സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കു മാറുകയായിരുന്നു. യാക്കോബായ, ഓർത്തഡോക്സ് തർക്കത്തെ തുടർന്നു  സംസ്കാരം മുടങ്ങുന്നതു പരിഹരിക്കാനുള്ള നിയമം എന്തിനാണ് എല്ലാ ക്രിസ്തീയ സഭകൾക്കും ബാധകമാക്കുന്നതെന്ന ചോദ്യം നിയമസഭയ്ക്കുള്ളിലും പുറത്തും ഉയർന്നു. 

ഇത് അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി സിറോ മലബാർ സഭ മുഖ്യമന്ത്രിക്കു കത്ത് നൽകി. പ്രതിപക്ഷവും വിയോജിപ്പ്  അറിയിച്ചു. തുടർന്നാണു സബ്ജക്ട് കമ്മിറ്റി ബില്ലിൽ മാറ്റം വരുത്തിയത്. ഈ നിയമം ഇനി യാക്കോബായ, ഓർത്തഡോക്സ് സഭകൾക്കു മാത്രമാണു ബാധകം. ഇതു  സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്തു വച്ചു.  മൃതദേഹങ്ങൾ സംസ്കരിക്കാനാവാതെ വരുന്ന സാഹചര്യം ഗുരുതര സാമൂഹിക പ്രശ്നമാണെന്നും അത് എപ്പോൾ വേണമെങ്കിലും ക്രമസമാധാന പ്രശ്നമായി മാറാമെന്നുമാണു സർക്കാരിന്റെ വിലയിരുത്തൽ.  മന്ത്രിസഭാ ഉപസമിതി ശ്രമിച്ചിട്ടുപോലും പ്രശ്ന പരിഹാരം കാണാനാവാത്തതിനാലാണു നിയമം കൊണ്ടുവരുന്നതെന്നും സർക്കാർ വിശദീകരിക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com