ADVERTISEMENT

കൊല്ലം ∙ സർക്കാർ ജീവനക്കാരെ പുനർവിന്യസിക്കുന്നതിലൂടെ നിയമന നിരോധനമാണു ഫലത്തിൽ വരാൻ പോകുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളജുകളിൽ 2000 തസ്തിക ഇല്ലാതാക്കിയാണ് 1000 ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് പ്രഖ്യാപനം ഗുരുതരമായ പ്രശ്നമുണ്ടാക്കും. കേരള സ്റ്റേറ്റ് ഹെഡ്‌ലോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന നേതൃക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ബജറ്റ് പ്രസംഗത്തിനു കയ്യടിക്കാൻ എംഎൽഎമാരോടു മന്ത്രിയെക്കൊണ്ട് പറയിക്കേണ്ട അവസ്ഥയാണു മുഖ്യമന്ത്രിക്കുള്ളത്. വാചകമടി മാത്രമാണ് നടക്കുന്നത്. ബജറ്റ് പ്രസംഗം കേട്ടാൽ തോന്നുക നാളെ രാവിലെ അതിവേഗ ട്രെയിനിൽ കയറി 4 മണിക്കൂർ കൊണ്ടു കാസർകോട്ട് എത്താമെന്നാണ്. പദ്ധതിക്കു കേന്ദ്രസർക്കാരിന്റെ അനുമതി പോലും പൂർണമായി ലഭിച്ചിട്ടില്ല. 

വാഹന, റിയൽ എസ്റ്റേറ്റ് വിപണികളിലൂടെയാണു വികസനസ്തംഭനം മറികടക്കേണ്ടത്. ഈ രണ്ടു മേഖലയിലും അമിതഭാരം അടിച്ചേൽപിക്കുകയാണ്. 4 വർഷത്തിനിടെ 4,600 കോടി രൂപയുടെ ഭാരമാണ് സർക്കാർ ജനങ്ങളുടെ മുതുകിൽ കയറ്റിവച്ചത്. വിശപ്പടക്ക‍ാൻ മണ്ണുവാരി തിന്നുന്ന നാടായി കേരളം മാറിയെന്നും അദ്ദേഹം പറഞ്ഞു. ഐഎൻടിയുസിയിലെ അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്തു പരിഹരിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.  കേരള കോൺഗ്രസിലെ ജോസഫ് വിഭാഗവും ജേക്കബ് വിഭാഗവും ലയന ചർച്ച നടത്തുന്നതിനെക്കുറിച്ചു അറിയില്ലെന്നും ചെന്നിത്തല പറഞ്ഞു. 

‘മന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം കവി സമ്മേളനം ആയിരുന്നു. മന്ത്രി ജി. സുധാകരന്റെ ഒഴികെ എല്ലാ കവികളുടെയും കവിത ചൊല്ലി. പരമ്പരാഗത ശത്രു ആയതിനാലാണ് സുധാകരന്റെ കവിത ഒഴിവാക്കിയത്. പിന്നെ യുഡിഎഫ് പക്ഷത്തുള്ള എൽദോസ് കുന്നപ്പള്ളിയുടെ കവിതയും ചൊല്ലിയില്ല. ബജറ്റിൽ മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് കവിത ചൊല്ലിയത്’- രമേശ് ചെന്നിത്തല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com