‘ഷോക്ക്’ ; ഇന്നു മുതൽ വൈദ്യുതി യൂണിറ്റിന് 10 പൈസ സർചാർജ്

kseb-bill
SHARE

തിരുവനന്തപുരം∙ ഇന്നു മുതൽ 3 മാസം വൈദ്യുതി യൂണിറ്റിനു 10 പൈസ വീതം സർചാർജ് ചുമത്തി റഗുലേറ്ററി കമ്മിഷൻ ഉത്തരവ്. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീട്ടിൽ രണ്ടുമാസ ബില്ലിൽ 20 രൂപ കൂടും. മാസം 20 യൂണിറ്റ് വരെ ഉപയോഗിക്കുന്ന (500 വാട്ടിൽ താഴെ കണക്ടഡ് ലോഡുള്ള) വീടുകൾക്കേ ഇളവുള്ളൂ. ഇരുപതിനായിരത്തോളം പേർ മാത്രമേ ഈ വിഭാഗത്തിൽ വരൂ.

കഴിഞ്ഞ ഏപ്രിൽ മുതൽ ജൂൺ വരെ വൈദ്യുതി വാങ്ങുകയും ഉൽപാദിപ്പിക്കുകയും ചെയ്തതിൽ ഇന്ധന വിലവർധന മൂലമുണ്ടായ അധികച്ചെലവായ 72.75 കോടി രൂപ ഈടാക്കി നൽകണമെന്നു കമ്മിഷനോടു വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടിരുന്നു. 13 പൈസ സർചാർജാണു ബോർഡ് ആവശ്യപ്പെട്ട്. എന്നാൽ കണക്കുകൾ പരിശോധിച്ച കമ്മിഷൻ അധികച്ചെലവ് 62.26 കോടി മാത്രമാണെന്നു കണ്ടെത്തി.

അടുത്ത 3 മാസമോ ഈ തുക പിരിച്ചെടുക്കുന്നതു വരെയോ (ഏതാണോ ആദ്യം) യൂണിറ്റിനു 10 പൈസ വീതം സർചാർജ് പിരിക്കാമെന്നു കമ്മിഷൻ ചെയർമാൻ പ്രേമൻ ദിനരാജും അംഗം എസ്.വേണുഗോപാലും ചേർന്നിറക്കിയ ഉത്തരവിൽ പറയുന്നു. വിതരണ ലൈൻസൻസികൾ ഉൾപ്പെടെ എല്ലാ വിഭാഗം ഉപയോക്താക്കൾക്കും വർധന ബാധകമാണ്. ഇതു വൈദ്യുതി ബില്ലി‍ൽ പ്രത്യേകം രേഖപ്പെടുത്തും. ഓരോ മാസവും പിരിക്കുന്ന സർചാർജിന്റെ കണക്ക് കമ്മിഷനു ബോർഡ് നൽകണം.

ഇവിടം കൊണ്ടും നിൽക്കില്ല

കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെയുള്ള സർചാർജ് പിന്നാലെ വരുന്നുണ്ട്. ജൂലൈ – സെപ്റ്റംബർ കാലത്തെ ബാധ്യത തീർക്കാൻ 12 പൈസയും ഒക്ടോബർ– ഡിസംബർ കാലത്തെ ബാധ്യത തീർക്കാൻ 11 പൈസയും സർചാർജ് വേണമെന്ന ബോർഡിന്റെ അപേക്ഷ റഗുലേറ്ററി കമ്മിഷന്റെ മുന്നിലുണ്ട്. ഹിയറിങ് നടത്തി പിന്നീട് ഉത്തരവിറക്കും.

English Summary: 10 Paise Surcharge for one unit Electricity from today

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA