sections
MORE

യൂത്ത് കോൺ.നേതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഡിസിസി ജന.സെക്രട്ടറി ഒളിവിൽ

idavazhikkara-jayan-youth-congress
പരുക്കുകളോടെ ചികിത്സയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയൻ.
SHARE

നെയ്യാറ്റിൻകര∙ യൂത്ത് കോൺഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ഇടവഴിക്കര ജയനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ മുഖ്യ പ്രതി ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാർട്ടി സസ്പെൻഡ് ചെയ്തു. സുരേഷ് ഉൾപ്പെടെ 4 പ്രതികൾ ഒളിവിലാണെന്നാണു പൊലീസ് ഭാഷ്യം.

11 ദിവസം മുൻപു നടന്ന ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നതിനു ശേഷം മാത്രമാണു പാർട്ടി നടപടിയെടുത്തത്. ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന ജയനെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കു മാറ്റി. സംഭവം അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ കെപിസിസി ജനറൽ സെക്രട്ടറി എ.ഷാനവാസ് ഖാനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലപ്പെടുത്തി.

കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്കു മാരായമുട്ടം സർവീസ് സഹകരണ ബാങ്കിനു മുന്നിലായിരുന്നു സംഭവം. അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരുന്ന ബാങ്കിൽ ജയന്റെ ഏർപ്പാടിൽ നിക്ഷേപിച്ച തുക തിരിച്ചെടുക്കാൻ ചെന്നയാളോടു മതിയായ തുക ഇല്ലെന്നു ജീവനക്കാർ അറിയിച്ചത്രേ. ഇതറിഞ്ഞ് ഇവിടെ എത്തിയപ്പോഴായിരുന്നു ജയനു നേരെ ആക്രമണം.

അതിക്രൂരമായ ആക്രമണത്തിന്റെ മിനിറ്റുകൾ നീളുന്ന വിഡിയോ ആണ് ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. റോഡരികിലെ കെട്ടിടത്തിനു സമീപം നിൽക്കുന്ന ജയന്റെ സമീപത്തേക്കു പുനയൽ സന്തോഷ് എന്ന മുൻ കോൺഗ്രസ് പ്രവർത്തകന്റെ ബൈക്കിനു പിന്നിലിരുന്നു മാരായമുട്ടം സുരേഷ് എത്തുന്നത് ഇതിൽ കാണാം.

suresh-santhosh-youth-congress
ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷും പുനയൽ സന്തോഷും.

ബൈക്കിന്റെ ഹാൻഡിലിനു കുറുകെ ബാറ്റ് വച്ചിരുന്നു. സുരേഷ് നേരെ ജയന്റെ അടുത്തെത്തി ആക്രമിക്കുന്നതും അപ്പോൾ പുനയൽ സന്തോഷ് ബാറ്റ് കൊണ്ടു പലവട്ടം ഇദ്ദേഹത്തിന്റെ തലയിൽ ആഞ്ഞടിക്കുന്നതും കാണാം. അടി കൊണ്ടു ബോധമറ്റു വീണ ജയനെ സുരേഷ് കുറേ പ്രാവശ്യം നിലത്തിട്ടു ചവിട്ടുന്നതും ദൃശ്യത്തിലുണ്ട്.

കൂസലില്ലാതെ കുറെ സമയം കൂടി ജയനു സമീപം ചുറ്റിക്കറങ്ങിയ ശേഷമാണ് ഇരുവരും സ്ഥലം വിടുന്നത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ തലയ്ക്കടിച്ചെന്നാണു പൊലീസ് കേസ്. അയിരൂർ സുഭാഷ്, ശ്രീകുമാർ എന്നിവരാണു കേസിലെ മറ്റു പ്രതികൾ.

അക്രമം ഗ്രൂപ്പ് പോരിന്റെ തുടർച്ച

സുരേഷിന്റെ സഹോദരനും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ എം.എസ്.അനിൽ പ്രസിഡന്റായിരുന്ന മാരായമുട്ടം സർവീസ് സഹകരണ ബാങ്കിനെതിരായ അഴിമതി ആരോപണങ്ങളാണ് അക്രമത്തിനു കാരണമെന്നു കരുതുന്നു. കോൺഗ്രസിൽ ഇവിടെയുള്ള ഗ്രൂപ്പ് പോരിന്റെ തുടർച്ചയാണിത്. ബാങ്കിനെതിരെ അഴിമതി ആരോപിച്ചു വിജിലൻസിനു പരാതി നൽകിയതു ജയനായിരുന്നു. അന്വേഷണത്തെ തുടർന്നു ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടു. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

English Summary: Murder Attempt Against Youth Congress Leader

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA