ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി റോയ് തോമസ് വധക്കേസിൽ ഒന്നാം പ്രതി ജോളി ജോസഫ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ജില്ലാ സെഷൻസ് കോടതി നാളെ വിധി പറയും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണിക്കൃഷ്ണനും പ്രതിഭാഗത്തിനു വേണ്ടി ബി.എ.ആളൂരും ഹാജരായി. 

അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതി ഇനിയും വിചാരണത്തടവുകാരിയായി ജയിലിൽ കഴിയേണ്ട സാഹചര്യമില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിയുടെ കുറ്റസമ്മത മൊഴിയില്ലാതെ മറ്റൊരു തെളിവും കേസിലില്ല.

പ്രധാന സാക്ഷികളുടെ മൊഴിയായി കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങളൊന്നും അവർ മജിസ്ട്രേട്ടിനു നൽകിയ രഹസ്യമൊഴിയിലില്ല. കുറ്റപത്രത്തിൽ പറയുന്ന കാര്യങ്ങൾ റോയ് തോമസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇല്ലെന്നും അഡ്വ.ആളൂർ വാദിച്ചു. 

റോയ് തോമസ് മരിച്ചതു സയനൈഡ് ഉള്ളിൽച്ചെന്നാണെന്നും ജോളി ജോസഫാണു കൊലപാതകം നടത്തിയത് എന്നുമുള്ളതിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് അടക്കമുള്ള തെളിവുകളുണ്ടെന്നു സ്പെഷൽ പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. അടുത്ത സുഹൃത്തും ബന്ധുക്കളും അടക്കം ആറു പേരോടു ജോളി കുറ്റസമ്മതം നടത്തിയതും പ്രധാന തെളിവാണ് (എക്സ്ട്രാ ജുഡീഷ്യൽ കൺഫഷൻ). റോയ് തോമസിന്റെ മരണം സയനൈഡ് മൂലമാണെന്നു വ്യക്തമാണ്.  

 റോയ് തോമസിന്റെ മരണത്തിനു മുൻപും ശേഷവും ജോളി ജോസഫ് രണ്ട്, മൂന്ന് പ്രതികളിൽ നിന്നു സയനൈഡ്  വാങ്ങിയിട്ടുണ്ട്. ഇതുപയോഗിച്ചു കൊലപാതകങ്ങൾ നടത്തിയതിനും തെളിവുകളുണ്ട്. 

കേസിലെ ഇരുപതോളം പ്രധാന സാക്ഷികൾ ജോളിയുടെ അടുത്ത ബന്ധുക്കളാണ്. പ്രതി ജാമ്യത്തിലിറങ്ങിയാൽ ഇവരെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പുറത്തിറങ്ങുന്നതു പ്രതിയുടെ ജീവനു ഭീഷണിയാണ്. പ്രതി ആത്മഹത്യ ചെയ്യാനുള്ള സാധ്യതകളുണ്ട്. 

ആറു കൊലപാതകങ്ങൾ ചെയ്തെന്നു പൊലീസ് കണ്ടെത്തിയ വ്യക്തിക്കു ജാമ്യം നൽകുന്നതു സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. രണ്ടര മണിക്കൂറോളം നീണ്ട വാദത്തിനൊടുവിൽ കോടതി കേസ് വിധി പറയാനായി നാളത്തേക്കു മാറ്റി.  

റോയ് തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ, സിലി വധക്കേസുകളിൽ രണ്ടാം പ്രതി എം.എസ്.മാത്യു സമർപ്പിച്ച ജാമ്യാപേക്ഷയിലും കോടതി ഇന്നലെ വാദം കേട്ടു. ഈ കേസിലും നാളെ വിധി പറയും. പ്രതിഭാഗത്തിനായി എം.ഷഹീർ സിങ് ഹാജരായി. സിലി വധക്കേസിലും ഒന്നാം പ്രതി ജോളി ജോസഫ് ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇതു കോടതി 22നു പരിഗണിക്കും. 

English Summary: Trail of Jolly Joseph over i -bail petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com