ADVERTISEMENT

കൊച്ചി ∙ സ്വർണക്കടത്തു കേസുകളിൽ പ്രതികളായ, സൂപ്രണ്ട് അടക്കമുള്ള 2 കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിൽ, 2019 മേയ് 13ന് 25 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ പ്രതിയായ സൂപ്രണ്ട് ബി. രാധാകൃഷ്ണൻ, കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 2019 ഓഗസ്റ്റ് 19ന് 11 കിലോഗ്രാം സ്വർണം പിടികൂടിയ കേസിൽ പ്രതിയായ ഇൻസ്പെക്ടർ രാഹുൽ പണ്ഡിറ്റ് എന്നിവർക്കെതിരെയാണു നടപടി. 

ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലും വ്യക്തമായ വിശദീകരണം നൽകാൻ സാധിക്കാത്ത സാഹചര്യത്തിലും 2 പേരെയും സർവീസിൽ നിന്നു പിരിച്ചുവിട്ടതായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാറാണ് അറിയിച്ചത്. ഇരുവരെയും ഭാവിയിൽ ഏതെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്നു വിലക്കിയതായും അദ്ദേഹം പറഞ്ഞു. 

ഡിആർഐയാണു 2  കള്ളക്കടത്തു കേസുകളും പിടികൂടിയത്. രാധാകൃഷ്ണൻ ഇപ്പോൾ കൊഫെപോസ (കള്ളക്കടത്ത് തടയൽ നിയമം) പ്രകാരം ജയിലിലാണ്. കൊഫെപോസ പ്രകാരം വാറന്റുള്ള രാഹുൽ പണ്ഡിറ്റ് ഒളിവിലാണ്. കേസിൽ പ്രതികളാകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പുറത്താക്കുന്നതു സമീപകാലത്തെ ആദ്യ സംഭവമാണെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. 

കള്ളക്കടത്തു കേസിലെ പങ്കിനെ പറ്റി ആവർത്തിച്ചു വിശദീകരണം ചോദിച്ചിട്ടും ബി.രാധാകൃഷ്ണൻ വ്യക്തമായ മറുപടി നൽകിയില്ലെന്നു സുമിത്കുമാർ പറഞ്ഞു.  ‘കേസിൽ പങ്കൊന്നുമില്ല, വിശദീകരണത്തിനു കൂടുതൽ സമയം വേണം എന്നിങ്ങനെയൊക്കെ പറഞ്ഞ് ഒഴിയാനാണു ശ്രമിച്ചത്. അഴിമതിക്കാരെ വച്ചുപൊറുപ്പിക്കരുതെന്നാണു കേന്ദ്ര സർക്കാരിന്റെ നയം. കള്ളക്കടത്തു തടയാൻ നിയോഗിക്കപ്പെട്ടവർ തന്നെ അതിനു കൂട്ടു നിന്നു. രാഹുൽ മറുപടി നൽകാൻ പോലും തയാറായിട്ടില്ല’ – സുമിത്കുമാർ പറഞ്ഞു.

English summary: Customs officers dismissed 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com