ADVERTISEMENT

തിരുവനന്തപുരം ∙ സ്‌പോൺസറുടെ ചതിയിൽ പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ നെടുമങ്ങാട് കൊപ്പം വിഷ്ണു വിഹാറിൽ വി.അദ്വൈതിനെ നോർക്ക ഇടപെട്ടു നാട്ടിലെത്തിച്ചു. മരുഭൂമിയിൽ തീരുമെന്നു കരുതിയ ജീവിതം തിരിച്ചുനൽകിയ സർക്കാരിനു കണ്ണീരോടെ നന്ദി പറഞ്ഞാണ് അദ്വൈത് തിരികെയെത്തിയത്.

സുഹൃത്ത് മുഖേന ലഭിച്ച ഡ്രൈവർ വീസയിൽ 2 മാസം മുൻപാണ് അദ്വൈത് കുവൈത്തിലെത്തിയത്. സ്‌പോൺസറുടെ വാഹനങ്ങൾ കൈകാര്യം ചെയ്യുകയായിരുന്നു ജോലി. കുറച്ചു ദിവസത്തിനു ശേഷം അദ്വൈതിനെ സ്‌പോൺസർ റിയാദിലേക്കു മാറ്റി. അറബിയുടെ സഹായിയാണു സൗദിയിലേക്കു കടത്തിയത്. ഫാമിൽ ഒട്ടകത്തെയും ആടുകളെയും മേയ്ക്കാൻ ഏൽപിച്ച ശേഷം സ്പോൺസർ സ്ഥലംവിട്ടു. മണലാരണ്യത്തിലെ ടെന്റിൽ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ ഒരു മാസത്തോളം അദ്വൈതിനു കഴിയേണ്ടി വന്നു. ഒട്ടകത്തിനു നൽകുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവുമായിരുന്നു ആശ്വാസം. ഇടയ്ക്കു മറ്റാരുടെയോ ഫോണിൽ രക്ഷിതാക്കളെ ബന്ധപ്പെടാൻ കഴിഞ്ഞു.

തുടർന്ന് മകനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് അദ്വൈതിന്റെ പിതാവ് വേണുകുമാർ നോർക്കയെ സമീപിച്ചു. എന്നാൽ, അദ്വൈത് കുടുങ്ങിയ സ്ഥലം എവിടെയാണെന്ന് അറിയില്ലായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അദ്വൈത് വീണ്ടും സഹായം തേടി വിളിച്ചപ്പോൾ ലൊക്കേഷൻ മാപ്പ് നോർക്കയിലേക്ക് അയയ്ക്കാൻ ആവശ്യപ്പെട്ടു. ഈ മാപ്പിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അവിടത്തെ സന്നദ്ധപ്രവർത്തകരുമായി ബന്ധപ്പെട്ടു.

തുടർന്നാണു ദമാമിൽ നിന്നു 40 കിലോമീറ്ററോളം അകലെയുള്ള മരുഭൂമിയിൽ അവശനിലയിൽ അദ്വൈതിനെ കണ്ടെത്തിയത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ നിയമനടപടി പൂർത്തിയാക്കി നോർക്ക തന്നെ വിമാന ടിക്കറ്റെടുത്തു നൽകിയാണ് ഇന്നലെ അദ്വൈതിനെ നാട്ടിലെത്തിച്ചത്. വിമാനത്താവളത്തിൽ നോർക്ക അധികൃതരും ബന്ധുക്കളും ചേർന്ന് അദ്വൈതിനെ സ്വീകരിച്ചു.

English summary: Norka Roots rescue Malayali from Saudi Arabian desert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com