ADVERTISEMENT

തിരുവനന്തപുരം∙ അവിഹിത സ്വത്തു സമ്പാദനം നടത്തിയെന്ന കേസിൽ മുൻ മന്ത്രി വി.എസ്.ശിവകുമാർ എംഎൽഎ അടക്കം 4 പേരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത 109 രേഖകൾ വിജിലൻസ് സംഘം കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം 14 മണിക്കൂറാണു ശിവകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്. ശിവകുമാറിന്റെ പ്രധാന ബെനാമി ശാന്തിവിള എം.രാജേന്ദ്രനാണെന്നു വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. ഇദ്ദേഹത്തിന്റെ വിദേശത്തെ ചില സാമ്പത്തിക ഇടപാടുകളുടടെ  രേഖകൾ  കോടതിയിൽ ഹാജരാക്കി. രാജേന്ദ്രൻ 13 ഇടങ്ങളിൽ ഭൂമി വാങ്ങിയെന്നു സെർച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 

രാജേന്ദ്രന്റെ വീട്ടിലെ റെയ്ഡിൽ 72 രേഖകളാണു പിടിച്ചെടുത്തത്. വിദേശത്തു നടത്തിയ ഇടപാടുകളുടെ രേഖകളും കൂട്ടത്തിലുണ്ട്. രാജേന്ദ്രന്റെ പണമിടപാടു രേഖകൾ, 6 ബാങ്ക് പാസ് ബുക്ക്, കരം തീർത്ത രസീതുകൾ തുടങ്ങിയവയും ഹാജരാക്കി. ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിൽ നിന്നു പിടിച്ചെടുത്ത 56 രേഖകളാണു കോടതിയിൽ സമർപ്പിച്ചത്. കരം തീർത്ത രസീത്, മകളുടെ പഠനം സംബന്ധിച്ച രേഖകൾ, ആഡംബര നികുതി അടച്ച രസീത്, സ്വർണം പണയം വച്ച രേഖ, ഭാര്യയുടെ ബാങ്ക് പാസ് ബുക്ക് എന്നിവ ഇവയിൽപെടും. 

മറ്റൊരു പ്രതി എൻ.എസ്.ഹരികുമാറിൽ‌ നിന്നു 2 ബാങ്ക് ലോക്കറിന്റെ താക്കോൽ കണ്ടെടുത്തു. ഇദ്ദേഹത്തിന്റെ  വീട്ടിൽ നിന്ന് 25 രേഖകളും വാടകച്ചീട്ടും പിടിച്ചെടുത്തു. ഡ്രൈവറായ ഷൈജുഹരന്റെ  വീട്ടിൽ നിന്നു 15 രേഖകൾ കിട്ടി. ശിവകുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള ബാങ്ക് ലോക്കർ തുറക്കാനുള്ള അപേക്ഷ ബാങ്കിനു നൽകിയ കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. 

പ്രാഥമിക അന്വേഷണത്തിൽ വി.എസ്.ശിവകുമാറിന്റെ ആസ്തികളിൽ വർധന കണ്ടെത്താനായില്ലെങ്കിലും സുഹൃത്തുക്കളായ ശാന്തിവിള എം.രാജേന്ദ്രൻ, എൻ.എസ്.ഹരികുമാർ, ഡ്രൈവർ ഷൈജുഹരൻ എന്നിവരുടെ സ്വത്തിൽ 50 ശതമാനം വരെ വർധന കണ്ടെത്തിയിട്ടുണ്ട്. ഇത് ശിവകുമാറിന്റെ ബെനാമി സ്വത്താണെന്ന നിഗമനത്തിലാണു ശിവകുമാറിനെ ഒന്നാം പ്രതിയാക്കി  എഫ്ഐആർ റജിസ്റ്റർ ചെയ്തത്.

English summary: V.S.Sivakumar vigilance case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com