ADVERTISEMENT

തിരുവനന്തപുരം∙ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രങ്ങളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന പത്തിലേറെ ഉദ്യോഗസ്ഥർ വിജിലൻസിന്റെ നിരീക്ഷണത്തിൽ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും മറ്റും തലസ്ഥാനത്താണു ക്ലാസ് എടുക്കുന്നതെങ്കിൽ മറ്റു ജില്ലകളിലും സമാന രീതിയിൽ സർക്കാർ ഉദ്യോഗസ്ഥർ ക്ലാസ് എടുക്കുന്നതായാണു വിവരം.

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വത്തു വിവരങ്ങളും പരിശോധിക്കുന്നുണ്ട്. വരുമാനം ബന്ധുക്കളുടെ അക്കൗണ്ടിലാണു നിക്ഷേപിക്കുന്നതെന്ന സൂചനയുടെ അടിസ്ഥാനത്തിൽ അത്തരം അക്കൗണ്ടുകളിലെ പണമിടപാടും പരിശോധിക്കും. തലസ്ഥാനത്തെ ലക്ഷ്യ, വീറ്റോ എന്നീ സ്ഥാപനങ്ങൾക്കു പുറമേ സർക്കാർ ഉദ്യോഗസ്ഥർക്കു ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റു പരിശീലന കേന്ദ്രങ്ങളെയും അന്വേഷണ പരിധിയിൽ കൊണ്ടു വരും.

പരിശീലന കേന്ദ്രങ്ങൾ നടത്തുന്നെന്ന പരാതിയിൽ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരായ ഷിബു കെ.നായർ, രഞ്ജൻ രാജ് എന്നിവരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. പരീക്ഷാ കേന്ദ്രം ഭാര്യയുടെ പേരിലാണെന്നും താൻ സെക്രട്ടേറിയറ്റ് സർവീസിൽ നിന്നു ദീർഘകാല അവധിയിലാണെന്നുമായിരുന്നു ഷിബുവിന്റെ മൊഴി. പ്രതിഫലം വാങ്ങാതെ ക്ലാസെടുക്കുന്നതിനു സർക്കാരിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നും സ്ഥാപനം നടത്തുന്നതു സുഹൃത്തുക്കളാണെന്നുമാണു രഞ്ജൻ രാജ് മൊഴി നൽകിയത്. വിജിലൻസ് പ്രത്യേക സെൽ ഡിവൈഎസ്പി: പി.പ്രസാദിന്റെ നേതൃത്വത്തിലാണു മൊഴിയെടുത്തത്.

രഞ്ജൻ രാജ് അവധിയെടുക്കാതെയാണു വീറ്റോ എന്ന സ്ഥാപനത്തിൽ പഠിപ്പിക്കുന്നതെന്നും ഇംഗ്ലിഷ് വ്യാകരണ പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു. പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥനായ ഷിബു 2012 മുതൽ അവധിയിലാണ്. ഇരുവരുടെയും ശമ്പള റജിസ്റ്ററും ഹാജർ റജിസ്റ്ററും പരിശോധിച്ചു വരുന്നു. പിഎസ്‍സിയിൽ ചോദ്യക്കടലാസും പരീക്ഷാ നടത്തിപ്പും കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നു മൊഴിയെടുക്കും. 

പിഎസ്‌സി പരീക്ഷാ പ്രസിദ്ധീകരണങ്ങളിൽ അമ്മയുടെയും ഭാര്യയുടെയും പേരിൽ എഴുതി പ്രതിഫലം പറ്റുന്ന സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ 10 വർഷത്തിലേറെയായി സ്വകാര്യ പ്രസിദ്ധീകരണങ്ങളിൽ എഴുതുന്നു. ആദ്യം സ്വന്തം പേരിലായിരുന്നെങ്കിൽ ഇപ്പോൾ അമ്മയുടെ പേരിലാണ്. പൊതുഭരണ വകുപ്പിലെ മറ്റൊരു ഉദ്യോഗസ്ഥൻ ഭാര്യയുടെ പേരിലാണ് എഴുതുന്നത്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com