ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്ന വിമർശനങ്ങളുടെ പേരിൽ ഇടഞ്ഞു നിൽക്കുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കണ്ടു ചർച്ച നടത്തി. ഹൈക്കമാൻഡ് നിർദേശമില്ലാതെ ഇനി സമിതി യോഗം വിളിക്കാനില്ലെന്നു തീരുമാനിച്ച മുല്ലപ്പള്ളിയെ അനുനയിപ്പിക്കാനായിരുന്നു കൂടിക്കാഴ്ച.

ചിലർ തനിക്കെതിരെ വ്യക്തിപരമായ വിമർശനം മനഃപൂർവം അഴിച്ചുവിട്ടുവെന്ന അമർഷത്തിലാണ് മുല്ലപ്പള്ളി. പ്രതിഷേധം ചെന്നിത്തലയെ അറിയിച്ചു. മാർച്ച് എട്ടിന് ചേരാനിരുന്ന അടുത്ത സമിതി മുല്ലപ്പള്ളി റദ്ദാക്കിയപ്പോൾ തന്നെ ചെന്നിത്തല ഫോണിൽ സംസാരിച്ചിരുന്നു. ഉമ്മൻചാണ്ടിയും മധ്യസ്ഥനീക്കം ആരംഭിച്ചിട്ടുണ്ട്. നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം നടത്തിയ വി.ഡി.സതീശൻ യുഡിഎഫ് യോഗത്തിനായി ഇന്നു തലസ്ഥാനത്തെത്തുന്നുണ്ട്. താനാണു കുഴപ്പമെങ്കിൽ സമിതിയിൽ നിന്ന് ഒഴിവായേക്കാമെന്ന സൂചന സതീശൻ നേതൃത്വത്തിനു നൽകി. യുഡിഎഫ് യോഗത്തോടനുബന്ധിച്ചു കോൺഗ്രസിനകത്തെ പ്രശ്നപരിഹാര ചർച്ചകളും നടക്കും.

യുഡിഎഫ് ഇന്ന്

ഇന്നത്തെ യുഡിഎഫ് യോഗത്തിനു മുന്നോടിയായി മുസ്‍ലീം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ചെന്നിത്തലയെ കണ്ടു. ഉപതിരഞ്ഞെടുപ്പു നടക്കുന്ന കുട്ടനാട് സീറ്റ് കേരള കോൺഗ്രസിലെ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റെടുക്കാനുള്ള ചർച്ചകൾക്കു കോൺഗ്രസിന്റെ കഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിരുന്നു.

പരസ്യമായി ഇക്കാര്യത്തിൽ അവകാശവാദങ്ങൾക്കോ തർക്കത്തിനോ മുതിരരുതെന്നും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലീഗിന്റെ ഇടപെടലും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. കോൺഗ്രസിലെ ഭിന്നതകൾ അതിരു വിടരുതെന്ന ആഗ്രഹവും ലീഗ് വ്യക്തമാക്കി.

English summary: Ramesh Chennithala visits Mullappally 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com