ADVERTISEMENT

തിരുവനന്തപുരം ∙ അധിവർഷത്തിലെ പ്രത്യേക ദിനത്തിൽ അതിരറ്റ സന്തോഷത്തിലായിരുന്നു മണികണ്ഠൻ. ആരാധനാപാത്രമായ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ വീടു സന്ദർശിച്ചതാണു ഭിന്നശേഷിക്കാരനായ കാച്ചാണി സ്വദേശി മണികണ്ഠനെ ആഹ്ലാദഭരിതനാക്കിയത്.  ലൈഫ് മിഷനിലൂടെ പൂർത്തീകരിച്ച വീടിന്റെ ഗൃഹപ്രവേശനത്തിനായി സമീപത്തുളള കരകുളത്തു മുഖ്യമന്ത്രി എത്തുന്നതറിഞ്ഞാണു മണികണ്ഠൻ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹം അറിയിച്ചത്. 

ജന്മനാ അരയ്ക്കുതാഴെ തളർന്ന മണികണ്ഠന്റെ ഇഷ്ട നേതാവാണു മുഖ്യമന്ത്രി. മണികണ്ഠൻ വാട്സാപ്, ഫെയ്സ്ബുക് അക്കൗണ്ടുകൾ തുടങ്ങിയ കാലം മുതൽ പ്രൊഫൈൽ ചിത്രം മുഖ്യമന്ത്രിയുടേതാണ്. പാർട്ടി പ്രവർത്തകരിൽ നിന്നു വിവരം ലഭിച്ച അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ഷാജു, മണികണ്ഠന്റെ ആഗ്രഹത്തെക്കുറിച്ചു മുഖ്യമന്ത്രിയുടെ ഓഫിസിൽ അറിയിക്കുകയായിരുന്നു. 

വീട്ടിലെത്തി മണികണ്ഠന്റെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, ഫെബ്രുവരി 29 അതിവർഷ ദിനമാണെന്ന് ഓർമിപ്പിച്ചു. തനിക്കു സമ്മാനിച്ച പുസ്തകം ഒപ്പിട്ടശേഷം മണികണ്ഠനു തിരികെ നൽകിയാണു മുഖ്യമന്ത്രി മടങ്ങിയത്.  ഉറച്ച നിലപാടുളള നേതാവായതിനാലും പറയുന്ന കാര്യങ്ങൾ നടപ്പാക്കുന്ന ശൈലിയുമാണു തന്നെ പിണറായിലേക്ക് ആകർഷിച്ചതെന്നു മണികണ്ഠൻ പറഞ്ഞു. 

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു എന്നിവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.  സ്കൂളിൽ പോകാതെ എഴുത്തും വായനയും പഠിച്ച മണികണ്ഠന് ഇംഗ്ലിഷ്, മലയാളം പുസ്തകങ്ങളാണ് ഇഷ്ടം. സഞ്ചാര പരിമിതികളെ സമൂഹമാധ്യമങ്ങൾ വഴി മറികടക്കുന്ന മണികണ്ഠൻ (43) വിവിധ ഗ്രൂപ്പുകളിലെ സജീവ സാന്നിധ്യമാണ്. സാമൂഹിക പ്രശ്നങ്ങളിൽ അഭിപ്രായം പങ്കുവയ്ക്കുന്ന മണികണ്ഠൻ നാട്ടുകാർക്കും പ്രിയങ്കരൻ.

English summary: Pinarayi meets Manikandan

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com