ADVERTISEMENT

മൂവാറ്റുപുഴ / തൊടുപുഴ∙  ഫ്രാൻസിസ് ജോർജ് ചെയർമാനായ ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (എം)ജോസഫ് വിഭാഗത്തിൽ ലയിച്ചു.  ലയന സമ്മേളത്തിലെ പ്രമേയം ഫ്രാൻസിസ് ജോർജ്, പി.ജെ. ജോസഫിന്റെ തൊടുപുഴയിലെ വസതിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ  വായിച്ചു. തുടർന്ന്  ഫ്രാൻസിസ് ജോർജിനെ പി.ജെ. ജോസഫ് ആലിംഗനം ചെയ്തു.

കേരള കോൺഗ്രസ് (എം) പി. ജെ. ജോസഫ് വിഭാഗവുമായി ലയിക്കുന്നതിനു ജനാധിപത്യ കേരള കോൺഗ്രസ്  പിരിച്ചുവിട്ടതായി ഫ്രാൻസിസ് ജോർജ് മൂവാറ്റുപുഴയിൽ ചേർന്ന  അടിയന്തര സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം  അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ഉടൻ കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാന കമ്മിറ്റിയിൽ പാർട്ടിയുടെയും പോഷക സംഘടനകളുടെയും നേതൃസ്ഥാനത്തുള്ള ഭൂരിപക്ഷം പേരും പങ്കെടുത്തെന്നും ഇവരുടെ അംഗീകാരത്തോടെയാണ്  ലയിക്കാൻ തീരുമാനമെടുത്തതെന്നും ഫ്രാൻസിസ് ജോർജ് വ്യക്തമാക്കി. രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളികൾക്ക് പരിഹാരം കാണാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതുണ്ട്.  ബിജെപിയെ നേരിടാൻ കഴിയുന്നത് കോൺഗ്രസിനാണ്. ബിജെപിയെ എതിർക്കാൻ ഇടതുപക്ഷം കൂടിയുള്ള ഐക്യനിരയാണ് വേണ്ടതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

സംസ്ഥാന കമ്മിറ്റി യോഗത്തിൽ സംസ്ഥാന ട്രഷറർ വക്കച്ചൻ മറ്റത്തിൽ, ജനറൽ സെക്രട്ടറിമാരായ എം.പി. പോളി, മാത്യു സ്റ്റീഫൻ, ജോസ് വള്ളമറ്റം, ഏലിയാസ് സ്കറിയ, മാത്യു കുന്നപ്പിള്ളി, ജോർജ് കുന്നപ്പുഴ, അജിത സാബു, സെക്രട്ടറിമാരായ ആന്റണി ആലഞ്ചേരി, തോമസ് കുന്നപ്പിള്ളി, ബേബി പതിപ്പിള്ളി, ജോസ് പാറേക്കാട്ട്, ഡോ. ജോർജ് വർഗീസ് കൊപ്പാറ, ജോസ് പൊട്ടൻപ്ലാക്കൽ, ജില്ലാ പ്രസിഡന്റുമാരായ ജോസഫ് കെ. നെല്ലുവേലിൽ, നോബിൾ ജോസഫ്, ഷൈസൺ മാങ്ങഴ, കെ.എസ്. ഫ്രാൻസിസ്, ജോയി കാക്കനാട്ട്, കെ.എ. ആന്റണി , പോഷകസംഘടന സംസ്ഥാന പ്രസിഡന്റുമാരായ ആൻസൺ ആന്റണി, മൈക്കിൾ ജയിംസ്, ജാൻസി ബേബി , ജയിംസ് കുര്യൻ, വർഗീസ് വെട്ടിയാങ്കൽ, സാബു കൂവക്കാട്ടിൽ, ബേബി പൂനാട്ട് എന്നിവർ പങ്കെടുത്തു.

മുൻ എംഎൽഎമാരായ ആന്റണി രാജു, കെ.സി.ജോസഫ് എന്നിവരും ഇവരെ അനുകൂലിക്കുന്നവരും യോഗത്തിനെത്തിയില്ല. യോഗത്തിനുശേഷമാണ് ഫ്രാൻസിസ് ജോർജും  സംഘവും  പി.ജെ ജോസഫിന്റെ വീട്ടിലെത്തിയത്. ജോണി നെല്ലൂർ,  വക്കച്ചൻ മറ്റത്തിൽ, മാത്യു സ്റ്റീഫൻ, എം.പി. പോളി, ജോസ് വള്ളമറ്റം, മോൻസ് ജോസഫ് എംഎൽഎ, തോമസ് ഉണ്ണിയാടൻ, ടി.യു. കുരുവിള, ജോയി ഏബ്രഹാം, ഷിബു തെക്കുപുറം, അറയ്ക്കൽ ബാലകൃഷ്ണ പിള്ള, എം.ജെ. ജേക്കബ് എന്നിവരും ജോസഫിന്റെ വീട്ടിലെത്തിയിരുന്നു.

ഫ്രാൻസിസ് ജോർജ് വഞ്ചിച്ചു: ആന്റണി രാജു

തൊടുപുഴ / മൂവാറ്റുപുഴ∙ ഫ്രാൻസിസ് ജോർജ് പാർട്ടിയെ വഞ്ചിച്ചതായി ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ ഡോ. കെ.സി.ജോസഫ്, ഡപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, വൈസ് ചെയർമാൻ ആന്റണി രാജു എന്നിവർ പറഞ്ഞു. അജ്ഞാതമായ കാരണങ്ങളാലാണ്‌ ഫ്രാൻസിസ്‌ ജോർജിന്റെ നേതൃത്വത്തിൽ ചെറിയൊരു വിഭാഗം പാർട്ടി വിട്ടത്.

സ്ഥാനമാനങ്ങൾക്കായി ജോസഫ് വിഭാഗത്തിൽ അഭയം പ്രാപിച്ച ഫ്രാൻസിസ് ജോർജിനു ചരിത്രം മാപ്പ് നൽകില്ല. ഇന്നു കോട്ടയത്ത് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കും. പാർട്ടിയിലെ മുതിർന്ന നേതാവായ കെ.സി.ജോസഫിനാണു മുൻഗണന. 8 ജില്ലാ പ്രസിഡന്റുമാരും ഭൂരിഭാഗം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ട്.  ജനാധിപത്യ കേരള കോൺഗ്രസ് എൽഡിഫിനൊപ്പം അടിയുറച്ചു നിൽക്കുമെന്നും ഫ്രാൻസിസ് ജോർജ് തിരിച്ചുവരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

‘കേരള കോൺഗ്രസുകളുടെ ഐക്യം എന്ന സന്ദേശം ഉൾക്കൊണ്ട് മടങ്ങിയെത്തിയ ഫ്രാൻസിസ് ജോർജിനും ജോണി നെല്ലൂരിനും അടക്കമുള്ളവർക്ക് മാന്യമായ സ്ഥാനങ്ങൾ പാർട്ടിയിലും മറ്റു കാര്യങ്ങളിലും നൽകും. കേരള കോൺഗ്രസിന്റെ പ്രസക്തി ഇപ്പോൾ വർധിച്ചിരിക്കുകയാണ്.  ഇനിയും മാറിനിൽക്കുന്ന സഹോദരങ്ങൾ എത്രയും വേഗം മടങ്ങിയെത്തണം.’ 

  പി.ജെ.ജോസഫ്

‘1987 ൽ കേരള കോൺഗ്രസ് എമ്മിൽ എത്തുന്ന കാലം ഉണ്ടായിരുന്ന തന്റെ നേതാവായിരുന്ന പി.ജെ ജോസഫിനൊപ്പം മടങ്ങി വരുന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. ഇത് ഗൃഹാത്വുരത്വത്തിലേക്കുള്ള മടക്കമാണ്.’ 

   ഫ്രാൻസിസ് ജോർജ്

English summary: Janadhipathya Kerala congress

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com