ADVERTISEMENT

തുറവൂർ (ആലപ്പുഴ) ∙ പൊലീസ് വാഹന പരിശോധന നടത്തുന്ന സ്ഥലത്തേക്ക് നിയന്ത്രണം തെറ്റി എത്തിയ ഗ്യാസ് ടാങ്കർ ലോറി ഇടിച്ചു സൈക്കിൾ യാത്രികനും സ്കൂട്ടർ യാത്രികനും മരിച്ചു. ബൈക്ക് യാത്രികയ്ക്കു പരുക്ക്.  ദേശീയപാതയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷനു സമീപം ഇന്നലെ രാവിലെയായിരുന്നു അപകടം.

പട്ടണക്കാട്  പുളിംപറമ്പ് വെളിയിൽ അപ്പച്ചൻ (71), സ്കൂട്ടറിൽ ചേർത്തലയിലേക്കു പോകുകയായിരുന്ന തെക്കേ ചെല്ലാനം കുരിശിങ്കൽ സോളമന്റെ മകൻ ജോയി (65) എന്നിവരാണ് മരിച്ചത്. കാലിനു പരുക്കേറ്റ ബൈക്ക് യാത്രിക തുറവൂർ ഓലിക്കര നികർത്ത് ജാൻസി(28)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരത്തു നിന്നു കൊല്ലത്തേക്ക് ഇന്ത്യൻ ഒായിലിന്റെ പാചക വാതകവുമായി പോകുകയായിരുന്നു ടാങ്കർ ട്രെയ്‌ലർ ലോറി. ലോറി ഡ്രൈവർ തമിഴ്നാട് കടലൂർ സ്വദേശി മണവാളനെ(43)തിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്ന് പൊലീസ് കരുതുന്നു. 

ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. വാഹന പരിശോധന നടത്തുമ്പോഴായിരുന്നു അപകടം. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നു മകൾക്കു മരുന്നു വാങ്ങാൻ ബൈക്കിൽ പോകുകയായിരുന്നു ലിജുവും ഭാര്യ ജാൻസിയും മകൾ അന്നയും. പൊലീസ് കൈകാണിച്ചപ്പോൾ ഇവർ ബൈക്കിൽ നിന്നിറങ്ങി സത്യവാങ്മൂലം കാണിക്കുന്നതിനിടെ ട്രെയ്‌ലർ ലോറി സൈക്കിളിലും സ്കൂട്ടറിലും ഇടിച്ച ശേഷം  പൊലീസ് വാഹന പരിശോധന സ്ഥലത്തേക്ക്  പാഞ്ഞടുത്തു. 

ഇതു  കണ്ട് പൊലീസ് സംഘവും  ലിജുവും ജാൻസിയും മകളും ഓടി മാറുന്നതിനിടെ ജാൻസിയെ ലോറി തട്ടി വീഴ്ത്തുകയായിരുന്നു. റോഡിൽ വീണ സൈക്കിൾ യാത്രികൻ അപ്പച്ചന്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. റോശാന്തയാണ് അപ്പച്ചന്റെ ഭാര്യ. മക്കൾ: അഭിലാഷ്, അനുപമ.  ജോയിയുടെ ഭാര്യ റീത്താമ്മ. മക്കൾ : സുമ, ഷൈജ, സജീവൻ. മരുമക്കൾ: സെബിൻ, ഷൈജൻ, മഞ്ജു.

English summary: Accident death in Thuravoor Alappuzha 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com