ADVERTISEMENT

തിരുവനന്തപുരം ∙ മദ്യാസക്തി ഉള്ളവർക്ക് മദ്യം നൽകാൻ ശുപാർശ ചെയ്യണമെന്ന സർക്കാർ ഉത്തരവിൽനിന്നു തലയൂരാനാകാതെ ഡോക്ടർമാർ. മദ്യം കുറിച്ചു കൊടുത്താലും ഇല്ലെങ്കിലും ഡോക്ടർമാർ കുരുക്കിലാകുന്ന സ്ഥിതിയാണ്. ഡോക്ടറുടെ ശുപാർശയിൽ ലഭിച്ച മദ്യം കുടിച്ചു നിലവിലെ രോഗം മൂർഛിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ ഡോക്ടർ വെട്ടിലാകും. ശുപാർശ ചെയ്തില്ലെങ്കിൽ മദ്യാസക്തിയുള്ളവർ അക്രമാസക്തരാകുന്ന സാഹചര്യം ഉണ്ടായാൽ അതും ഡോക്ടറുടെ തലയിൽ വരും. 

കുറിപ്പടി അനുസരിച്ചു മദ്യം വാങ്ങുന്നയാൾ സുഹൃത്തുക്കളുമായി പങ്കിടാനും ഒരുമിച്ചു കഴിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ഒത്തുകൂടരുതെന്ന നിർദേശം ഇതോടെ ലംഘിക്കപ്പെടും. മദ്യം കുറിച്ചു നൽകാൻ ഡോക്ടർമാരെ നിർബന്ധിക്കില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ, ഉത്തരവിൽ മാറ്റം വരുത്തിയിട്ടില്ല. 

ഗുജറാത്തിലും പിന്മാറ്റ ലക്ഷണക്കാർക്ക് മദ്യം 

നിരോധനമുള്ള ഗുജറാത്തിൽ മദ്യാസക്തിയുള്ളവർക്കു പിന്മാറ്റ ലക്ഷണം മാറുന്നതു വരെ നിശ്ചിത അളവിൽ മദ്യം നൽകാമെന്നു വ്യക്തമാക്കിയിട്ടുണ്ടെന്ന് എക്സൈസ് ഉന്നതർ പറഞ്ഞു. ഡോക്ടർമാരോടു മദ്യം കുറിച്ചു നൽകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഒരു വ്യക്തിക്കു മദ്യം ലഭിക്കാത്തതുമൂലം പിന്മാറ്റ ലക്ഷണം ഉണ്ടോയെന്നു നിർദേശിക്കാനാണ് ആവശ്യപ്പെട്ടതെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

മദ്യം വീട്ടിലെത്തിക്കാൻ സർവീസ് ചാർജ് 100 രൂപ

തിരുവനന്തപുരം∙ മദ്യം വീട്ടിലെത്തിക്കുന്ന സമയവും മറ്റു വിവരങ്ങളും എക്സൈസ് മെ‍ാബൈൽ വഴി അപേക്ഷകനെ അറിയിക്കും. ഡേ‍ാക്ടറുടെ കുറിപ്പടിയിൽ അനുവദിക്കുന്ന മദ്യം ദുരുപയേ‍ാഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല എക്സൈസ് ഉദ്യേ‍ാഗസ്ഥർക്കാണ്. ഒരാഴ്ച 3 ലീറ്റർ മദ്യമാണു നൽകുക.  വീടുകളിൽ മദ്യം വിതരണം ചെയ്യുമ്പോൾ എക്സൈസ് വകുപ്പ് 100 രൂപ സർവീസ് ചാർജ് ഈടാക്കും. വില കുറഞ്ഞ റമ്മും ബ്രാൻഡിയുമാണു വിതരണം ചെയ്യുന്നത്. ബീയറും വൈനും വിതരണം ചെയ്യില്ല. 

മദ്യവിതരണത്തിനുള്ള വാഹനത്തിനും ജീവനക്കാർക്കുമുളള പാസ് പൊലീസ് സ്റ്റേഷനിൽനിന്നു വാങ്ങണം. അകമ്പടിക്കായി പൊലീസുകാരുടെയും എക്സൈസിന്റെയും സേവനം തേടണമെന്ന് ബവ്കോ എംഡി: ജി. സ്പർജൻ കുമാർ നിർദേശിച്ചു. ബവ്കോ വെയർ ഹൗസിൽ ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ചു മദ്യം വിതരണം ചെയ്യും. 

English summary: Doctors prescription for alcohol

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com